ഈ വർഷം കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റിൽ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’നെ ഉൾപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ ആണ് പട്ടികയിലെ ആദ്യചിത്രം.
ടിമോത്തി ചാലാമെറ്റയുടെ ഡൂൺ രണ്ടാം ഭാഗം, റാൽഫ് ഫിന്നസിന്റെ കോൺക്ലേവും ബരാക് ഒബാമയുടെ സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ദ പിയാനോ ലെസ്സൺ, ദ പ്രൊമിസിഡ് ലാൻഡ്, ദ സീഡ് ഓഫ് ദ സാക്രേഡ് ഫിഗ്, അനോര, ദീദി, ഷുഗർകെയ്ൻ, കംപ്ലീറ്റ് അൺനോൺ എന്നിവയാണ് മറ്റ് സിനിമകള്‍. ഈ സിനിമകൾക്ക് ഒപ്പം തനിക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളും ഒബാമ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്.’ മുംബൈയിലും രത്നഗിരിയിലും 40 ദിവസം ചിത്രീകരിച്ച ഈ സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.
കാന്‍ ചലച്ചിത്ര മേളയിലെ ഗ്രാന്‍ഡ് പ്രി പുരസ്കാരം ഉള്‍പ്പെടെ വിവിധ രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ, ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് വലിയതോതില്‍ നിരൂപക പ്രശംസയും നേടിയിരുന്നു. ഗോതം പുരസ്കാരത്തിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ അവാർഡ് സ്വന്തമാക്കി. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫിലിം അവാർഡും ചിത്രം സ്വന്തമാക്കി. രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുളള നോമിനേഷനാണ് ചിത്രം സ്വന്തമാക്കിയത്.
എണ്പതു ശതമാനവും മലയാള ഭാഷയിലുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാടും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.