വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് അമേരിക്കയിലെ ആസ്തികള്‍ വിറ്റഴിക്കുന്നതിന് മൂന്ന് മാസം സമയം നല്‍കണമെന്ന നിര്‍ദേശവുമായി സെനറ്റര്‍മാര്‍. ജനുവരി 19 ന് മുമ്പ് ടിക് ടോക്കിന്റെ യുഎസിലെ ആസ്തികള്‍ വില്ക്കുകയോ അല്ലെങ്കില്‍ നിരോധനം നേരിടുകയോ വേണമെന്നാണ് നിലവിലെ നിര്‍ദേശം. ടിക് ടോക്ക് പ്ലാറ്റ്ഫോം ഒരു അമേരിക്കന്‍ കമ്പനിക്ക് വിറ്റഴിച്ചാല്‍ ടിക് ടോക്കിന് തുടര്‍ന്നും യുഎസില്‍ പ്രവര്‍ത്തിക്കാനാവും. അല്ലെങ്കില്‍ രാജ്യത്തെ സേവനം അവസാനിപ്പിക്കണം.
ഡെമോക്രാറ്റിക് സെനറ്ററായ എഡ് മാര്‍ക്കിയും റിപ്പബ്ലിക്കന്‍ സെനറ്ററായ റാണ്ട് പോളുമാണ് ടിക് ടോക്കിന് 90 ദിവസം സമയം നല്‍കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടത്. ടിക് ടോക്ക് വില്ക്കുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം നേരിടുകയോ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമം താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് ടിക് ടോക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജനുവരി 10ന് കോടതി ഇതില്‍ വാദം കേള്‍ക്കും.
ഏപ്രിലിലാണ് യുഎസ് കോണ്‍ഗ്രസ് പുതിയ നിയമം പാസാക്കിയത്. 18 നെതിരെ 79 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ പാസാക്കിയത്. പ്രസിഡന്റ് ബൈഡന് ഇതില്‍ ഒപ്പുവെക്കുകയും ചെയ്തു. ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് യുഎസിന്റെ പ്രശ്നം. അമേരിക്കന്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍, സ്വകാര്യ സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളിലേക്ക് അനധികൃത പ്രവേശനം രാജ്യവിരുദ്ധ ശക്തികള്‍ക്ക് ലഭിക്കുമെന്ന് യുഎസ് ആശങ്കപ്പെടുന്നു. ഒപ്പം ടിക് ടോക്കിലെ ഉള്ളടക്കങ്ങളിലൂടെ യുഎസ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്ന സാധ്യതയും യുഎസ് ചൂണ്ടിക്കാണിക്കുന്നു.
ടിക് ടോക്കിനെതിരെയുള്ള നിരോധന നടപടികള്‍ തുടങ്ങിവെച്ചത് ആദ്യ ട്രംപ് ഭരണകൂടമാണ്.