കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ‘വിശിഷ്ടാതിഥിയായി’ പങ്കെടുത്തു.
പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് അമീർ, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവർക്കൊപ്പം പ്രധാനമന്ത്രി മോദിയും സാക്ഷ്യം വഹിച്ചു. കുവൈറ്റ് നേതൃത്വവുമായുള്ള പ്രധാനമന്ത്രിയുടെ അനൗപചാരിക ആശയവിനിമയത്തിനും പരിപാടി അവസരമൊരുക്കി.
ജിസിസി രാജ്യങ്ങൾ, ഇറാഖ്, യെമൻ എന്നിവയുൾപ്പെടെ എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ദ്വിവത്സര അറേബ്യൻ ഗൾഫ് കപ്പിനാണു കുവൈറ്റ് ആതിഥേയത്വം വഹിക്കുന്നത്. ഈ ഫുട്ബോൾ ടൂർണമെന്റ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനങ്ങളിൽ ഒന്നാണ്. ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായതു കുവൈറ്റാണ്. പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.