ഇന്ത്യക്കാരായ നമുക്ക് ശീതകാലം മഞ്ഞുവീഴ്ച്ചയുടെ കാലം അല്ലാത്തതിനാൽ അതിന് മുൻപുള്ള ശരത്കാലം നമുക്ക് അത്ര പരിചിതമല്ല. തണുപ്പും മഞ്ഞുമുള്ള നാടുകളിൽ ചെടികളും മരങ്ങളും വേനൽക്കാലത്തെ പച്ചപ്പിൽനിന്നും പതിയെ പിന്മാറുകയും ആമ്പറും മഞ്ഞയും തവിട്ടും സ്വർണ നിറവും ഒരു കലാകാരന്റെ പാലെറ്റിലെന്നപോലെ തെരുവുകളിലും മലഞ്ചെരുവുകളിലും പ്രകൃതി സ്വയമേ വശീകരിക്കുന്ന ചായം കൊണ്ട് മനോഹര ക്യാൻവാസ് തീർക്കുന്നു.
കമ്പ്യൂട്ടർ വാൾപേപ്പറിലും ചുമരുകളിൽ തൂക്കിയിട്ട കലണ്ടറുകളിലും പുസ്തകത്തിന്റെ പുറംചട്ടറ്റയിലുമൊക്കെ വിസ്മയത്തോടെ മാത്രം ആസ്വദിച്ചിരുന്ന പ്രകൃതിയുടെ ഈ കരവിരുത് കണ്ട് അനുഭവിക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമായിരിക്കുമല്ലോ. ആ ആഗ്രഹത്തിന്റെ സഫലീകരണവുമായാണ് ഈ ശരത്കാലത്ത് ഞാൻ അർമേനിയയിലെ ദിലിജാൻ നാഷണൽ പാർക്കിലെത്തുന്നത്.
ഇലപൊഴിയുന്ന ശരത്കാലം ആഘോഷിക്കപ്പെടുന്ന പടിഞ്ഞാറൻ രാജ്യങ്ങളിൽ പോവുക എന്നത് ഒത്തിരി ബുദ്ധിമുട്ടുള്ളതാണല്ലോ, അതിനാൽത്തന്നെ ഈ ആഗ്രഹം ബക്കറ്റ് ലിസ്റ്റിൽ കാലങ്ങളോളമായി വിശ്രമിക്കുന്നു. കോക്കസസ് പർവതനിരകളിലും ശരത്കാലം ചിത്രങ്ങൾ വരക്കാറുണ്ടെന്ന് അറിയുന്നത് ഈയടുത്താണ്.
അതിൽ ഏറ്റവും മനോഹരം ദിലീജാനിലെ പർസ് തടാകകരയിലും അവിടേക്കുള്ള വഴിയിലുമാണെന്ന് ഒരു മാഗസിനിൽ വായിക്കുകയും അതിന്റെ അതിമനോഹര ചിത്രങ്ങൾ കാണുകയും ചെയ്തു. നേരവും കാലവുമൊക്കെ കൃത്യമായി പഠിച്ച് അങ്ങനെ ഏറ്റവും മികച്ചതായി പലരും അഭിപ്രായപ്പെട്ട ഒക്ടോബർ അവസാന വാരത്തിലേക്ക് യാത്ര പ്ലാൻ ചെയ്തു.
ചരിത്രം പറയുന്ന മൊണാസ്ട്രികൾ
അബൂദബിയിൽനിന്നും അർമേനിയൻ തലസ്ഥാനമായ എരാവനിലേക്ക്, അവിടെനിന്നും കാർ വാടകയ്ക്ക് എടുത്ത് നേരെ പർസ് തടാകത്തിലേക്കുതന്നെ പോയി. വാക്കുകളാൽ നിർവചിക്കാനാവാത്തത്ര മനോഹരമായിരുന്നു ആ യാത്ര. ശൈത്യകാലത്തിന്റെ ശാന്തതയ്ക്ക് മുമ്പ് മരങ്ങൾ സ്വയം അവസാനമായി ആഘോഷിക്കുന്നതുപോലെ, വേനൽക്കാലത്തെ പച്ചപ്പ് അവസാനമായി വിട പറയുന്നതുപോലെ, സൂര്യപ്രകാശം ഇലകൾക്കിടയിലൂടെ ഫിൽട്ടർ ചെയ്തുവന്ന് താഴെയുള്ള നിലത്ത് ഊഷ്മള നിറങ്ങൾകൊണ്ട് നൃത്തം ചെയ്യുന്നു.
ക്യാമറ എവിടെ തിരിച്ചാലും ചിത്രാത്മകമായ കാഴ്ചകൾ മാത്രം. ഇളം കാറ്റിൽ അവിടിവിടെയായി ചുറ്റിക്കറങ്ങി താഴോട്ടു പതിക്കുന്ന മഞ്ഞയും തവിട്ടും ഇലകൾ കൊണ്ട് പാതയുടെ ഇരുവശവും നിറഞ്ഞിരിക്കുന്നു, വാഹനങ്ങൾ പോകുമ്പോൾ അവയും കൂടെപ്പോകാൻ പിന്നാലെയോടുന്നു, കുട്ടികൾ അവ മേൽപ്പോട്ടെറിഞ്ഞ് ഫോട്ടോ എടുക്കുന്നു, നമ്മളിൽ പലരും ആഗ്രഹിക്കുന്ന ആ ചിത്രങ്ങൾ ഞാനപ്പോൾ പകർത്തുകയാണ്.
ഒരുപക്ഷെ ഞാൻ കണ്ടതിൽ വെച്ച് പ്രകൃതിയുടെ ഏറ്റവും മനോഹരമായ ദൃശ്യാവിഷ്ക്കാരം ആയിരിക്കുമത്. അതിശയോക്തിയല്ല, മുൻപ് ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ അത് ഗൂഗിളിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നതല്ലേ എന്ന ഫീലിങ് മാത്രമേയുണ്ടായിരുന്നുള്ളൂ, അത് യാഥാർഥ്യമാണെന്ന് ബോധ്യം നമുക്കപ്പോഴുണ്ടാവില്ല, അത് യാഥാർഥ്യമായി പുലരുന്ന നിമിഷത്തെ സ്വർഗീയമെന്ന് പറഞ്ഞാൽപോലും അത് അതിശയോക്തി ആവില്ല.
ദിലീജാൻ നാഷണൽ പാർക്കിലെ ഓരോ വഴികളും താഴ്വാരകളും മലഞ്ചെരുവുകളും വർണവിസ്മയങ്ങളാൽ കണ്ണഞ്ചിപ്പിക്കുന്നവ തന്നെയായിരുന്നു. പണ്ടുകാലം മുതൽ ക്രിസ്ത്യൻ മതത്തിന് സ്വാധീനം ഉള്ള പ്രദേശമായിരുന്നതിനാലും ആദ്യമായി ഔദ്യോഗിക മതമായി ക്രിസ്റ്റിയാനിറ്റിയെ അംഗീകരിച്ച രാഷ്ട്രവും ആയതിനാൽ എല്ലായിടത്തും മൊണാസ്ട്രികൾ മനോഹരമായി സംരക്ഷിക്കപ്പെട്ടതായി കാണാം. അവയുടെ പുരാതനമായ രൂപഭംഗി ഒരു നോവലിലേക്കെന്നപോലെ നമ്മെ കൂട്ടികൊണ്ടുപോകും. കുന്നിൻ മുകളിലും ഒറ്റപ്പെട്ട ചെരുവുകളിലുമൊക്കെ വളരെ ശാന്തവും പ്രകൃതി സുന്ദരവുമായ പ്രദേശങ്ങളിലാണ് മൊണാസ്ട്രികൾ കൂടുതലും പണികഴിപ്പിച്ചിട്ടുള്ളത്.
കുന്നിൻ മുകളിലെ അത്തരമൊരു മോണാസ്ട്രിയും കണ്ട് തിരിച്ച് എരാവനിലേക്കുള്ള ഹൈവേയിലൂടെ തസാകദ്സൂർ സ്കീ റിസോർട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ താഴ്’വാരത്തുനിന്നും മുകളിലേക്ക് സ്കീ ലിഫ്റ്റിൽ കുട്ടികൾക്കടക്കം പോകാം. ഇത്തിരി സാഹസികത നിറഞ്ഞതും മലകൾ നിറയെയുള്ള നിറച്ചാർത്തുള്ള മരങ്ങൾക്ക് മുകളിലൂടെ തണുത്ത കാലാവസ്ഥയിലുള്ള പത്തുമിനിറ്റ് യാത്ര. ശീതകാലത്തിന്റെ തുടക്കത്തിൽ മഞ് വീഴ്ച ആദ്യം ആരംഭിക്കുന്ന പ്രദേശം ആയതിനാൽ മലമുകളിൽ ഒക്ടോബർ അവസാനവും നവംബർ ആദ്യവും തന്നെ മഞ്ഞു നിറഞ്ഞ മലഞ്ചെരുവ് ഇവിടെ ആസ്വദിക്കാം.
താഴെ വിവിധ നിറങ്ങളിലുള്ള ഇലപൊഴിയും ശരത്കാലവും മുകളിൽ തൂവെള്ള കൊണ്ട് മൂടിയ മഞ്ഞു വീഴുന്ന ശീതകാലവും. നമ്മെ പോലുള്ള യാത്രികൻ എല്ലാം കൊണ്ടും ആത്മനിർവൃതി നൽകുന്ന അനുഭവം. തിരിച്ചിറങ്ങി പിന്നീട് പോയത് എരാവനിന്റെ മറ്റൊരു ഭാഗത്തായുള്ള റോമൻ ടെംപിൾ കാണുവാനാണ്.
അത്ഭുതംനിറഞ്ഞ റോമൻ നിർമിതി
മല മുകളിൽ സൂര്യദേവനെ ആരാധിക്കുവാൻ റോമാക്കാർ പണിത അതി ബൃഹത്തായ റോമൻ തനത് വാസ്തു നിർമിതിയാണ് ഇന്നും സംരക്ഷിത പ്രദേശമായി നിലകൊള്ളുന്നത്. ആദ്യമായാണ് ഒരു റോമൻ നിർമിതി ഞാൻ കാണുന്നത്. അർമേനിയ കൃസ്ത്യൻ രാജ്യമായി മാറിയതിന് ശേഷം ഏകദേശം എല്ലാ മതവിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും നിർമിതികൾ തുടച്ചുമാറ്റിയിരുന്നു എങ്കിലും ഈ നിർമിതി അറിയപ്പെടാത്ത എന്തോ ഒരു കാരണത്താൽ അവശേഷിച്ചു. നമ്മുടെ ശരത്കാല നിറക്കൂട്ടുകൾ കൊണ്ടുള്ള ചെടികളും മരങ്ങളും ചുറ്റുപാടും തലയെടുപ്പോടെ ഇവിടെയും തിളങ്ങി നിൽപ്പുണ്ട്. തൂവെള്ള എന്ന് പറയുംപോലെ തൂമഞ്ഞ നിറത്തിലുള്ള മരങ്ങൾ ഗാർണി ടെംപിളിനെ കൂടുതൽ മനോഹാരിതയാക്കുന്നു. ഒരു വലീയ മലയുടെ അഗ്രഭാഗത്താണ് കുത്തനെയുള്ള ഈ നിർമ്മിതി നില്കുന്നത്. അതിന്റെ താഴ്ഭാഗത്ത് ഒരു അരുവിയുണ്ട്, മുകളിൽനിന്നും സൂര്യപ്രകാശം തട്ടിത്തെറിക്കുന്നത് കാണാം, അവിടേക്കാണ് ഇനി പോകേണ്ടത്. അതിശയിപ്പിക്കുന്ന പ്രകൃതിയുടെ മറ്റൊരു വിസ്മയം അവിടെയാണുള്ളത്.
പണ്ടെങ്ങോ ലാവാ പ്രവാഹത്തിൽ പുറത്തുവന്ന് തണുത്തുറഞ്ഞുപോയ ബസാൾട്ട് കല്ലുകളുടെ സംഗീതാത്മകമായ ഒരു മലയിടുക്കാണ് സിംഫണി സ്റ്റോൺ. കൃത്യമായ ഷഡ്ഭുജാകൃതിയിൽ ലംബമായി ഒരു മലയോളം ഉയരത്തിൽ ശ്രദ്ധയോടെ ഒരു കലാകാരൻ അടുക്കിവെച്ചത് പോലെ പ്രകൃതി സ്വയം തീർത്ത അതിമനോഹര കാഴ്ച്ച. ലോകത്ത് മറ്റെവിടെയും ഇല്ലാത്ത മാസ്റ്റർ പീസ്.
ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ടാവും അതിൻറെ ഏറ്റവും മനോഹരമായ ഭാഗത്തിന്. ഇവ പ്രകൃതി സ്വയം സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കാൻ അതിന്റെ ശാസ്ത്രീയ വിശദീകരണം അറിയുന്നതുവരെ ഇത്തിരി ബുദ്ധിമുട്ടായിരിക്കും, അത്രയും സൂക്ഷ്മതയും പൂർണതയുമുണ്ട് അവയ്കൊക്കെയും. അവിടെനിന്നും എരാവൻ നഗരത്തിനുള്ളിലേക്കാണ് പിന്നീട് പോയത്, യാത്ര മുന്നേറും തോറും ശരത്കാല കാഴ്ചകളുടെ വിടപറയലെന്ന പോലെ നിറച്ചാർത്തുകളുടെ ക്യാൻവാസ് മങ്ങി ഇല്ലാതായി പുരാതനമായ സോവിയറ്റ് കാല കെട്ടിടങ്ങൾ ഉയർന്നു വന്നുകൊണ്ടേയിരുന്നു.
അടുത്തൊരു തണുത്ത ദിവസം നഗരഭാഗങ്ങളൊക്കെ കണ്ടു, നിരവധി പാർക്കുകൾ നഗരത്തിൻറെ പലഭാഗങ്ങളിലുമുണ്ട്, അവിടെയും മരങ്ങൾ കണ്ണിന് കുളിർമേയേകാൻ നിറങ്ങൾകൊണ്ട് നമ്മെ അഭിവാദ്യം ചെയ്യുന്നുണ്ട്. സോവിയറ്റ് കാലത്തെ ഭൂഗർഭ മെട്രോയും അർമേനിയയിലെ ഏക മുസ്ലിം പള്ളിയും നിരവധി മ്യൂസിയങ്ങളും നഗര ചത്വരങ്ങളുമൊക്കെയായി കണ്ടു തീർക്കാൻ സഞ്ചാരിക്ക് ഒരുപാടുണ്ട് നഗരത്തിൽ. ഇനിയും അർമേനിയയുടെ മറ്റു ഭാഗങ്ങളിലേക്ക് വരാനുള്ള ആഗ്രഹത്തോടെ അവിടുന്ന് തിരിച്ചു.