സന്ദര്‍ശകരില്‍ നിഗൂഢവും വന്യവുമായ അനുഭൂതികള്‍ നിറക്കുന്നതാണ് റാസല്‍ഖൈമയില്‍ ഹജ്ജാര്‍ പര്‍വ്വത നിരയോട് ചേര്‍ന്നുള്ള താഴ്വരകൾ. മലവെള്ളപ്പാച്ചിലില്‍ തനിയെ നിര്‍ച്ചാലുകള്‍ രൂപപ്പെട്ടതും കനത്ത മഴയില്‍ ലഭിക്കുന്ന ജലം സുരക്ഷിതമായി ശേഖരിക്കുന്നതിനുള്ള നിര്‍മിതികളും ഉള്‍പ്പെടുന്നതാണ് റാസല്‍ഖൈമയിലെ താഴ്വാരങ്ങള്‍. ഇതോടനുബന്ധിച്ച് കൃഷിയിടങ്ങളും ക്ഷീര സംരക്ഷണ കേന്ദ്രങ്ങളും തദ്ദേശീയരുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സാഹസിക സഞ്ചാരികള്‍ ട്രക്കിങ്ങിനെത്തുന്ന പ്രധാനയിടമാണ് റാസല്‍ഖൈമയില്‍ ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മലനിരയും അല്‍ ഗലീല താഴ്വാരവും. അതി പുരാതനമായ പുരയിടങ്ങളുടെ അവശിഷ്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാനാകും. ഈ മേഖലയില്‍ ആര്‍ക്കിയോളജിക് വകുപ്പിന് കീഴില്‍ പഠന ഗവേഷണങ്ങളും നടക്കുന്നുണ്ട്. പൂര്‍വികരുടെ പ്രൗഢ ജീവിത രീതികള്‍ തൊട്ടറിയാനുള്ള വാതായനം കൂടിയാണ് പര്‍വ്വത നിരയിലുള്ള കല്ല് വീടുകള്‍.
ഉപജീവനത്തിന് കൃഷിയും മുത്തുവാരലും മല്‍സ്യബന്ധനവും നടത്തിയിരുന്ന പൂര്‍വികരുടെ ജീവിത രീതികളുടെ ശേഷിപ്പുകളും അല്‍ ഗലീല മലനിരകള്‍ കേന്ദ്രീകരിച്ച് കാണാം. കല്ലുകള്‍ ക്രമപ്പെടുത്തി നിര്‍മിച്ച കുടുസായ മുറികളിലായിരുന്നു പൂര്‍വ്വികരുടെ താമസം. ഈ രീതിയില്‍ തന്നെ അവര്‍ സ്വീകരണ മുറിയും ശൗചാലയവും അടുക്കളയും ഒരുക്കി. പാറകളും ഈന്തപ്പനയോലകളും തടികളും ചുണ്ണാമ്പു കല്ലുമായിരുന്നു നിര്‍മാണത്തിനുപയോഗിച്ചിരുന്നത്. കടല്‍ തീരങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും മലനിരകളില്‍ കഴിഞ്ഞിരുന്നവര്‍ 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പൂര്‍ണമായും താമസം മാറിയത്. ക്രൂഡ് ഓയിലിന്റെ കണ്ടത്തെലും ഭരണാധികാരികളുടെ കരുതലും മലനിരകളില്‍ വസിച്ചിരുന്നവരുടെ പുനരധിവാസ നടപടികള്‍ സുഗമമാക്കിയെന്നതും ശ്രദ്ധേയമാണ്.