ചെന്നൈ: മദ്യലഹരിയില്‍ രണ്ടാം നിലയില്‍ നിന്ന് ചാടിയ പൊലീസുകാരന് വീണത് മതിലില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പികളിലേക്ക്. പുറത്തും സ്വകാര്യ ഭാഗത്തും അടക്കം കമ്പി തുളച്ച് കയറിയ 30കാരന് ദാരുണാന്ത്യം. ചെന്നൈയിലെ കെ കെ നഗറിലാണ് സംഭവം. സെല്‍വകുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. തമിഴ്നാട് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ സഹോദരനും ചെങ്കല്‍പേട്ടിലെ വനിതാ കോടതിയിലെ ജഡ്ജുമായ സഹോദര ഭാര്യയ്ക്കും ഒപ്പമായിരുന്നു സെല്‍വകുമാര്‍ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി 9.30ഓടെ ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി സഹോദരനുമായി തര്‍ക്കത്തിലായി. വാക്കേറ്റത്തിനിടെ സഹോദരനേയും സഹോദര ഭാര്യയേയും മുറിയില്‍ പൂട്ടിയിട്ട ശേഷം ഇയാള്‍ വീട്ടിലെ സാധനങ്ങള്‍ എല്ലാം അടിച്ച് തകര്‍ത്തു. പിന്നാലെ ടെറസിലെത്തിയ ടെറസിലുണ്ടായിരുന്ന വസ്തുക്കളും തകര്‍ത്തു. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതിരുന്ന സഹോദരന് ഇതോടെ പൊലീസിലും അയല്‍ക്കാരേയും സഹായത്തിന് വിളിച്ചു.
വീട്ടിലേക്ക് എത്തിയ ആളുകള്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും പൊലീസുകാരനോട് താഴേയ്ക്ക് ഇറങ്ങി വരാനും ആവശ്യപ്പെട്ടു. പൊലീസ് കൂടി സ്ഥലത്തേക്ക് എത്തുന്നുണ്ടെന്ന് മനസിലായ പൊലീസുകാരന് വീടിന്റെ രണ്ടാം നിലയിലെ പാരപ്പെറ്റില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. എന്നാല്‍ ഗേറ്റിന് പുറത്തേക്ക് ചാടിയ 30കാരന് വീണത് മതിലില്‍ വച്ചിരുന്ന ഇരുമ്പ് കമ്പികളിലേക്കായിരുന്നു. സ്വകാര്യ ഭാഗത്ത് അടക്കം ഇരുമ്പ് കമ്പി കുത്തിക്കയറി ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കെകെ നഗറില്‍ തന്നെയുള്ള ഇഎസ്ഐ ആശുപത്രിയിലാണ് പൊലീസുകാരനെ എത്തിച്ചത്. നാല് സഹോദരന്മാരില് നാലാമനാണ് സെല്‍വകുമാര്‍. ഇയാളുടെ മറ്റ് രണ്ട് സഹോദരന്മാര് വില്ലുപുരത്ത് കര്‍ഷകരാണ്.
ചെന്നൈയിലെ സെമ്പിയം പൊലീസ് സ്റ്റേഷനിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മദ്യ ലഹരിയില്‍ കൊല്ലപ്പെട്ടത്. പാരപ്പെറ്റില്‍ നിന്ന് രണ്ട് അടി മാത്രമുള്ള മതില് ചാടിക്കടക്കാമെന്ന ധാരണയാണ് ഇയാള്‍ താഴേയ്ക്ക് ചാടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.