വഡോദര: നാട്ടിലെത്തിയ വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരതത്തിന് കൂറ്റന്‍ വിജയം. വഡോദര കോടംബി സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായി നടന്ന മത്സരത്തില്‍ ആതിഥേയര്‍ 211 റണ്‍സിനാണ് ജയിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഭാരതം 1-0ന് മുന്നിലായി.
സ്കോര്‍: ഭാരതം- 314/9 ; വിന്‍ഡീസ്- 103(26.2 ഓവറില്‍ ഓള്‍ഔട്ട്)
സന്ദര്‍ശകര്‍ക്ക് മുന്നില്‍ 315 റണ്‍സ് ലക്ഷ്യം വച്ച ഭാരതത്തിനായി പേസ് ബൗളര്‍ രേണുക ഠാക്കൂര്‍ സിങ് കാഴ്ച്ചവച്ച ഉജ്ജ്വല പ്രകടനമാണ് അതിവേഗ വിജയത്തില്‍ കലാശിച്ചത്. അഞ്ച് വിന്‍ഡീസ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആദ്യ പത്ത് ഓവറിനുള്ളില്‍ അവരുടെ ഏഴ് വിക്കറ്റുകള്‍ വീണു. ഇതില്‍ നാലും നേടിയത് രേണുകയായിരുന്നു. 10 ഓവര്‍ എറിഞ്ഞ രേണുക 29 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്. കളിയിലെ താരമായതും രേണുക തന്നെ.
തുടക്കത്തിലേ നേടിയ കഠിനമായി തിരിച്ചടിയില്‍ നിന്നും അവര്‍ക്ക് മത്സരത്തിന്റെ ഒരവസരത്തില്‍ പോലും കരയറാനായില്ല. അഞ്ചാമതായി ഇറങ്ങിയ ഷിമെയ്ന്‍ കാംപ്ബെല്ലെ(21) ആണ് വിന്‍ഡീസ് നിരയില്‍ ഇന്നലെ ആദ്യമായി രണ്ടക്കം കടന്നത്. ആലിയാഹ് അല്ലെയ്നെ(13), അഫി ഫ്ളെച്ചര്‍(24*) കരീഷ്മ റംഹറാക്ക്(11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് വിന്‍ഡീസ് ബാറ്റര്‍മാര്‍.
ഭാരതത്തിനായി രേണകയെ കൂടാതെ പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. ടിറ്റസ് സധുവും ദീപ്തി ശര്‍മയും ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഭാരതത്തിനായി ഓപ്പണര്‍ സ്മൃതി മന്ദാന കാഴ്ച്ചവച്ച (91) തകര്‍പ്പന്‍ പ്രകടനമാണ് ഭാരതത്തിന്റെ വമ്പന്‍ ടോട്ടലിന് അടിത്തറയായത്. ഭാരതത്തിനായി മുന്‍നിര, മധ്യനിര ബാറ്റര്‍മാരെല്ലാം മികവ് പുലര്‍ത്തി. സ്മൃതിക്കൊപ്പം ഓപ്പണര്‍ പ്രതിക റവാല്‍(40) നല്കിയ തുടക്കം ഹര്‍ലീന്‍ ഡിയോള്‍(44) ഏറ്റെടുത്തു. ഹര്മന് പ്രീത് കൗര്‍(34), റിച്ച ഘോഷ്(26), ജെമീമ റോഡ്രിഗസ്(31), ദീപ്തി ശര്‍മ(14) എന്നിവര്‍ ചേര്‍ന്ന് ഭംഗിയായി മുന്നോട്ടുനയിച്ചു. അവസാന ഓവറുകളില്‍ പെട്ടെന്ന് വിക്കറ്റുകള്‍ വീണത് ടോട്ടല്‍ സ്കോറിനെ ചെറുതായി ബാധിച്ചു. വിന്‍ഡീസ് ബൗളര്‍ സയ്ദ ജെയിംസ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.