ന്യൂഡൽഹി: യൂബറിൽ ഒരേ യാത്രക്ക് രണ്ടു ഫോണിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത നിരക്കുകളാണെന്ന് കാണിച്ച് എക്സ് പോസ്റ്റ്. മകളുടെ ഫോണിലും തന്റെ ഫോണിലും ഒരേ സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത നിരക്കാണെന്നാണ് സുധീർ എന്ന എക്സ് ഉപഭോകതാവ് കുറിച്ചത്.
‘ഒരേ പിക്കപ്പ് പോയിൻ്റും ലക്ഷ്യസ്ഥാനവും സമയവും എന്നാൽ രണ്ട് വ്യത്യസ്ത ഫോണുകൾക്ക് വ്യത്യസ്ത നിരക്കുകൾ കാണിക്കുന്നു. മകളുടെ ഫോണുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ യൂബറിൽ എപ്പോഴും ഉയർന്ന നിരക്കുകൾ കാണിക്കുന്നു, ഇതിനു കാരണമെന്താണ്? നിങ്ങളുടെ കാര്യത്തിലും ഇത് സംഭവിക്കുന്നുണ്ടോ? എന്നുള്ള ചോദ്യവുമായാണ് എക്സ് പോസ്റ്റ്.
രണ്ടു ഫോണിൽ നിന്നും ബുക്ക് ചെയ്തപ്പോൾ ലഭിച്ച നിരക്കിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചതോടെ വിഷയം സമൂഹ മാധ്യമത്തിൽ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രതികരിച്ചെത്തിയത്.
തുടർന്ന് പോസ്റ്റ് വൈറലായതോടെ വിശദീകരണവുമായി യൂബർ രംഗത്തെത്തിയിരിക്കുകയാണ്. പിക്ക്-അപ്പ് പോയിൻ്റ്, ഇ.ടി.എ, ഡ്രോപ്പ്-ഓഫ് പോയിൻ്റ് തുടങ്ങിയവയെല്ലാം വിലയെ സ്വാധീനിക്കുമെന്നും യാത്രക്കാരുടെ ഫോണിന്റെ അടിസ്ഥാനത്തിൽ വിലയിൽ വ്യത്യാസം വരില്ലെന്നുമാണ് യൂബറിന്റെ വിശദീകരണം.