ജയ്പുര്‍: രാജസ്ഥാനിലെ കൊട്പുട്ലി ബെഹ്റോര്‍ ജില്ലയിലെ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. 20 മണിക്കൂറായി കുട്ടി കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) സംഘങ്ങള്‍ സ്ഥലത്തുണ്ട്.
തിങ്കളാഴ്ചയാണ് മൂന്നുവയസ്സുകാരി ചേതന കുഴല്‍ക്കിണറില്‍ വീണത്. പിതാവിന്റെ ഫാമില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. 150 അടിയോളം താഴ്ചയിലാണ് കുട്ടി നിലവിലുള്ളത്. അവളുടെ ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ക്യാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നത്.
സമീപത്ത് കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ചുറ്റുമുള്ള മണ്ണില്‍ ഈര്‍പ്പമുള്ളത് പ്രതിസന്ധിയായി. കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍.
ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ദൗസയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് അഞ്ചുവയസ്സുകാരന് കൊല്ലപ്പെട്ടിരുന്നു. സമീപത്തെ ഫാമില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അഞ്ചുവയസ്സുകാരന് ആര്യന് കിണറില്‍ വീണത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 56 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.