വഡോദര: വെസ്റ്റിന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഭാരതത്തിന് വിജയം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിലെ 115 റണ്‍സ് വിജയത്തോടെഹര്മന്പ്രീത് കൗറിന് കീഴിലുള്ള ഭാരതം പരമ്പര ഉറപ്പാക്കി. ടീം 2-0ന് മുന്നിലാണിപ്പോള്‍.
ആദ്യം ബാറ്റ് ചെയ്ത ഭാരതം നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. ഇതിനെതിരെ വിന്‍ഡീസ് വനിതകള്‍ നടത്തിയ പോരാട്ടം 46.2 ഓവറില്‍ 243 റണ്‍സില്‍ അവസാനിച്ചു.
പ്രിയ മിശ്രയുടെ മൂന്ന് വിക്കറ്റ് പ്രകടനവും പ്രതിക റവാല്‍, ദീപ്തി ശര്‍മ, ടിറ്റാസ് സധു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയതും ഭാരതത്തിന് തുണയായി. ആദ്യ മത്സരത്തിലെ സ്റ്റാര്‍ ബൗളര്‍ രേണുക ഠാക്കൂര്‍ സിങ്ങിന് ഒരു വിക്കറ്റ് നേടാനേ സാധിച്ചുള്ളൂ.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി ഓപ്പണര്‍ ഹെയ്ലി മാത്യൂസ് സെഞ്ച്വറി പ്രകടനത്തോടെ(106) മികച്ചു നിന്നു. താരത്തിനൊപ്പം പിന്തുണയുമായി ഷെമേയിന് കാംപ്ബെല്‍(38) മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ 17 ഓവറിനുള്ളില്‍ അഞ്ചിന് 69 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ വിന്‍ഡീസിനെ ഹെയ്ലിയും കാംപ്ബെലും ചേര്‍ന്ന് രക്ഷിച്ചുകൊണ്ടുവന്നതാണ്. ഇരുവരും ചേര്‍ന്ന് 112 റണ്‍സ് കൂട്ടിചേര്‍ത്തതോടെ ഭാരതം ചെറുതായൊന്ന് നടുങ്ങി. പക്ഷെ ടിറ്റാസ് സധു കാംപ്ബെലിനെ പുറത്താക്കി രക്ഷകയായി. പിന്നീട് വിന്‍ഡീസിനായി സയിദ ജെയിംസും(25) അഫി ഫഌച്ചറും(22) മാത്രമാണ് പൊരുതിയത്.
നേരത്തെ ടോസ് നേടിയ ഭാരതം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും സ്മൃതി മന്ദാന അര്‍ദ്ധസെഞ്ച്വറി നേടി. ഓപ്പണര്‍ പ്രതിക റവാലും(76) മികച്ച ഫോമിലായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 110 റണ്‍സാണ് പിറന്നത്. സ്മൃതി റണ്ണൗട്ടാകുകയായിരുന്നു. പിന്നാലെയെത്തിയ ഹര്‍ലീന്‍ ഡിയോള്‍(115) സെഞ്ച്വറിയോടെ ഭാരത ഇന്നിങ്സ് അത്യുന്നതങ്ങളിലേക്കെത്തിച്ചു. പ്രതിക പുറത്തായതിന് പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(22) അധികസമയം നിന്നില്ലെങ്കിലും തീരെ മോശമാക്കിയില്ല. തുടര്‍ന്നെത്തിയ ജെമീമ റോഡ്രഗസ് ഹര്‍ലീന്‍ ഡിയോളിന് ഉത്തമ കൂട്ടാളിയായി.