വാഴ്സോ (പോളണ്ട്): പോളണ്ടില്‍ നടക്കുന്ന ഗ്രാന്റ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്റ് റാപിഡിലെ റാപിഡ് വിഭാഗത്തില്‍ മൂന്നാം ദിവസം രണ്ട് വീതം വിജയങ്ങളോടെ ഇന്ത്യയുടെ അരവിന്ദ് ചിതംബരവും പ്രജ്ഞാനന്ദയും.
ഇരുവരും ഇപ്പോള്‍ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിലാണ്. രണ്ട് വമ്പന്‍ വിജയങ്ങളാണ് അരവിന്ദ് ചിതംബരം നേടിയത്. പോളണ്ടിലെ ഗ്രാന്റ് മാസ്റ്ററായ ജാന്‍ ക്രിസ്റ്റഫ് ഡുഡയെയും ഫ്രാന്‍സിലെ അലിറെസ ഫിറൂഷയെയും ആണ് അരവിന്ദ് ചിതംബരം തോല്പിച്ചത്. മികച്ച വിജയമായിരുന്നു ഇത്.
ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോം പുലര്‍ത്തി മുന്നില്‍ നിന്നിരുന്ന അലിറെസ ഫിറൂഷയെ സമയസമ്മര്‍ദ്ദത്തില്‍ കീഴടക്കാന്‍ കഴിഞ്ഞത് അരവിന്ദ് ചിതംബരത്തിന്റെ തൊപ്പിയില്‍ തൂവലാണ്. കഴിഞ്ഞ ദിവസം പ്രജ്ഞാനന്ദയെ അലിറെസ ഫിറൂഷ തോല്പിച്ചിരുന്നു. അരവിന്ദ് ചിതംബരം ഇതോടെ വ്ളാഡിമിര്‍ ഫിഡൊസീവ്, അലിറെസ ഫിറൂഷ എന്നിവര്‍ക്കൊപ്പം ഏറ്റവും മുന്‍പിലുള്ള മൂന്ന് പേരില്‍ ഒരാളായി ഇടംപിടിച്ചിരിക്കുകയാണ്.
ഡേവിഡ് ഗാവ് റിലെസ്കു, പോളണ്ടിന്റെ ജാന്‍ ക്രിസ്റ്റഫ് ഡൂഡ എന്നിവരെയാണ് പ്രജ്ഞാനന്ദ മൂന്നാം ദിവസം അടിയറവ് പറയിച്ചത്. ഈ വിജയങ്ങളോടെ പ്രജ്ഞാനന്ദ നാലാം സ്ഥാനത്തുണ്ട്. പ്രജ്ഞാനന്ദയ്ക്ക് ഇനിയും കിരീടം സാധ്യത ബാക്കിയുണ്ട്.
പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന വ്ളാഡിമിര്‍ ഫിഡൊസീവ് ഒരു കളിയിലും തോറ്റിട്ടില്ല. ഇതുവരെ കളിച്ചതില്‍ രണ്ട് ജയവും ബാക്കിയെല്ലാം സമനിലയും ആണ്. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ മാഗ്നസ് കാള്സന് ഇക്കുറിയില്ല. അതിനാല്‍ പ്രജ്ഞാനന്ദയ്ക്കും അരവിന്ദ് ചിതംബരത്തിനും ഇനിയും വിജയ സാധ്യത തള്ളിക്കളയാനാവില്ല. അതിവേഗ ചെസ്സില്‍ മാന്ത്രികനായ പ്രജ്ഞാനന്ദ ഈയിടെ ഗുകേഷിനെ വരെ മലര്‍ത്തിയടിച്ചാണ് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം നേടിയത്. പ്രാഗ് മാസ്റ്റേഴ്സില്‍ ഈയിടെ കിരീടം നേടിയതിനാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന നിലയിലാണ് ആഗോളമുന്നിരടൂര്ണ്ണമെന്റായ സൂപ്പര്‍ ബെറ്റില്‍ മത്സരിക്കാന്‍ അവസരം കിട്ടിയത്. കരുതലോടെ കളിച്ചാണ് അരവിന്ദ് മുന്നേറുന്നത്.