കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.ആറര പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ രംഗത്തെ വലിയ പേരുകളിലൊന്നാണ് എസ് എം കൃഷ്ണ. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍, എംഎല്‍എ, എംപി, സംസ്ഥാന മന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിങ്ങനെ ഉന്നതമായ എല്ലാ പദവികളും അദ്ദേഹത്തിന് അലങ്കരിക്കാനായി.മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ സോമനഹള്ളിയിലാണ് അദ്ദേഹത്തിന്റെ ജനനം. അച്ഛന് മല്ലയ്യയുടെ പാത പിന്തുടര്ന്നാണ് രാഷ്ട്രീയത്തിലെത്തുന്നത്. എസ്.എം. മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അതിവേഗം തന്നെ കോണ്‍ഗ്രസിലെ ഏറ്റവും ജനസമ്മതനായ നേതാക്കളില്‍ ഒരാളായി പേരുകേട്ടു. കൃഷ്ണ മുഖ്യമന്ത്രിയായ സമയം ബംഗളൂരുവിന് വികസനത്തിന്റെ സുവര്‍ണകാലമായിരുന്നു. 1999 മുതല്‍ 2004 വരെ അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2004 മുതല്‍ 2008 വരെ അദ്ദേഹം മഹാരാഷ്ട്ര ഗവര്‍ണറായിരുന്നു. യുപിഎ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും അദ്ദേഹത്തിന് തിളങ്ങാനായി. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് ഏഴ് വര്‍ഷം മുന്‍പാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.