കോഴിക്കോട്: സ്‌നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് സന്ദേശം കൈമാറി. സ്‌നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്കാണ് ബിഷപ്പ് ഹൗസില്‍ എത്തിയ ബിജെപി സംഘമെത്തിയത്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തെ മധുര പലഹാരം നല്‍കിയാണ് ബിഷപ്പ് സ്വീകരിച്ചത്. അരമണിക്കൂറോളം സുരേന്ദ്രനുമായി അദ്ദേഹം സംസാരിച്ചു.
ബിജെപി ഉപാധ്യക്ഷന്മാരായ വി.വി. രാജന്‍, പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍, ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത്കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 30 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്‌നേഹയാത്രയുടെ ഭാഗമായാണ് സന്ദര്‍ശനമെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകം മുഴുവന്‍ ആവേശത്തോടെ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ എല്ലാ മലയാളികള്‍ക്കും ആശംസ നേരുന്നതായും അദ്ദേഹം പറഞ്ഞു.
പാലക്കാട് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ നിയമ നടപടിയെടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനനുവദിക്കരുത്. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം വേണം. ക്രൈസ്തവ സമൂഹവുമായുള്ള ബിജെപിയുടെ സൗഹൃദം തകര്‍ക്കാനുള്ള ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയുടെ സമീപനം നൂറ് ശതമാനം സത്യസന്ധവും ആത്മാര്‍ത്ഥവുമാണ്. ഏതാനും മാസം മുമ്പ് മാനന്തവാടിയിലെ സമരവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കെതിരെ ളോഹയിട്ട ഭീകരര്‍ എന്ന് പരാമര്‍ശം നടത്തിയ വയനാട് ജില്ലാ പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത പാര്‍ട്ടിയാണ് ബിജെപി. ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു, സുരേന്ദ്രന്‍ പറഞ്ഞു.