റിയാദ്: സര്‍ക്കാര്‍ സര്‍വിസിനെ അഴിമതി വിമുക്തമാക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ പരിശോധനകളില്‍ രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ പിടിയിലായതായി അധികൃതര്‍ വെളിപ്പെടുത്തി. സഊദി ദേശീയ അഴിമതി വിരുദ്ധ കമ്മിഷന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.
ജഡ്ജിമാരില്‍ ഒരാള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. രണ്ടാമന് 1,9 കോടി റിയാലിന്റെ സാമ്പത്തിക തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 6.5 ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത്. 44.61 ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയ നോട്ടറി പബ്ലിക്കായി ചുമതലയുള്ള വ്യക്തിയും നാടുകടത്തല്‍ ഒഴിവാക്കാന്‍ 60,000 റിയാല്‍ കൈപറ്റിയ ജയില്‍ ജനറല്‍ ഡയരക്ടറേറ്റിലെ മേജറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. താമസക്കാരനില്നിന്നും 30,000 റിയാല്‍ മോഷ്ടിച്ച സുരക്ഷാ പട്രോളിങ്ങിലെ നോണ്‍ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥന് പിടിയിലായപ്പോള്‍ ജില്ലാ മേയറെ കൈക്കൂലി വാങ്ങവേ കൈയോടെ പൊക്കിയതായും ദേശീയ അഴിമതി വിരുദ്ധ കമ്മിഷന് അധികൃതര്‍ വിശദീകരിച്ചു.