ന്യൂദല്‍ഹി: മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ ആരവമുയര്‍ത്തി എംപിമാരുടെ ക്രിക്കറ്റ് മത്സരം. രാജ്യസഭാ ചെയര്മാന് ഇലവനും ലോക്സഭാ സ്പീക്കര്‍ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരം കൗതുകമായി.
സ്പീക്കര്‍ ഇലവനെ ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ ആണ് നയിച്ചത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാജ്യസഭാ ചെയര്മാന് ഇലവന്റെ നായകനായി. ക്ഷയരോഗ മുക്ത ഭാരതം എന്ന പ്രചാരണം ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്.
കായിക വിനോദങ്ങളിലൂടെ ആളുകളെ ഊര്ജസ്വലരാക്കുന്നതിനാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കിരണ്‍ റിജിജു പറഞ്ഞു.
രാജ്യത്തെ സേവിക്കാന്‍ മാനസികമായും ശാരീരികമായും കരുത്തുണ്ടായിരിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 ല്‍ ഭാരതത്തെ ക്ഷയരോഗമുക്തമാക്കുക എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം, ആഗോള ലക്ഷ്യം 2030 ആണ്. 2015 മുതല്‍ ഇന്നുവരെ ഭാരതത്തില്‍ ക്ഷയരോഗ മരണങ്ങളില്‍ 38 ശതമാനം കുറവുണ്ടായിട്ടുണ്ട്. പുതിയ കേസുകളില്‍ 18 ശതമാനമാണ് കുറവ്, അനുരാഗ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ രാഷ്ട്രീയവൈരം മറന്ന് ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം മത്സരങ്ങള്‍ ഉപകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ പറഞ്ഞു.