കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സുരക്ഷാ ജീവനക്കാരന്‍ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.
കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. റിസോര്‍ട്ടിന് തീവച്ച ശേഷം ഓടിപ്പോയ ജീവനക്കാരനെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഗ്നിശമന സേനയെത്തി റിസോര്‍ട്ടിലെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെ തുടര്‍ന്ന് പൊലീസും മേയറും സ്ഥലത്തെത്തി. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം. സുരക്ഷാ ജീവനക്കാരനായ പ്രേമനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
റിസോര്‍ട്ടിലെ താഴത്തെ നിലയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തുനായകളെയും മുറിയില്‍ പൂട്ടിയിട്ട് തീയിടുകയായിരുന്നു.തീ പടരുന്നത് കണ്ട് റിസോര്‍ട്ടില്‍ താമസിക്കുന്നവരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്.