സിംഗപ്പൂര്‍ സിറ്റി: ലോകചെസ് കിരീടത്തിന് വേണ്ടിയുള്ള പോരാട്ടം എന്നത് കോടികള്‍ ഒഴുകുന്ന ഒന്നാണ്. ചൈനക്കാരനായ ഡിങ്ങ് ലിറനെ വീഴ്ത്തി ലോകചാമ്പ്യനായ ഡി.ഗുകേഷിന് ലഭിക്കുക 11.45 കോടിരൂപ.
സിംഗപ്പൂരില്‍ നടക്കുന്ന ലോകകിരീടപ്പോരാട്ടത്തില് 25 ലക്ഷം ഡോളര്‍ ആയിരുന്നു ആകെ സമ്മാനത്തുക നിശ്ചയിച്ചിരുന്നത്. ആകെ 14 കളികളുള്ള ഈ ലോകചെസ് പോരാട്ടത്തില്‍ ഗുകേഷ് മൂന്ന് മത്സരങ്ങള്‍ ജയിച്ചു. ഒരു ജയത്തിന് ഏകദേശം രണ്ട് ലക്ഷം ഡോളറാണ് സമ്മാനത്തുക (ഏകദേശം 1.69 കോടി രൂപ). മൂന്ന് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 6000 ഡോളര്‍ ലഭിയ്ക്കും (ഏകദേശം 5.07 കോടി രൂപ). രണ്ട് കളികള്‍ ജയിച്ച ഡിങ്ങ് ലിറന് നാല് ലക്ഷം ഡോളര്‍ ലഭിയ്ക്കും (ഏകദേശം 3.38 കോടി രൂപ).
ബാക്കിയുള്ള 15 ലക്ഷം ഡോളര്‍ രണ്ട് പേരും തുല്യമായി പങ്കുവെയ്ക്കും. അതായത് ഏഴര ലക്ഷം ഡോളര്‍ ഇതില്‍ നിന്നും ഗുകേഷിന് ലഭിയ്ക്കും. ഇത് കൂടി കൂട്ടിയാല്‍ ആകെ ഗുകേഷിന് ലഭിക്കുക 11.45 കോടി രൂപയാണ്. ഡിങ്ങ് ലിറന് 9.75 കോടി രൂപ ലഭിയ്ക്കും.