ബെര്‍ഗാമോ(ഇറ്റലി): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ കരുത്തരായ അറ്റ്ലാന്റയെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം.
സ്പാനിഷ് ജയത്തിനായി സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ ഗോളുകള്‍ നേടി.
അറ്റ്ലാന്റയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. കളി തുടങ്ങി പത്ത് മിനിറ്റായപ്പോള്‍ തന്നെ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പേ കിട്ടിയ പെനാല്‍റ്റി മുതലാക്കിയ ചാള്‍സ് ഡി കെറ്റെലയ്റ അറ്റ്ലാന്റയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി മത്സരം പുരോഗമിക്കവെ മൂന്ന് മിനിറ്റിനിടെ രണ്ടും മൂന്നും ഗോളുകള്‍ നേടി റയല്‍ വിജയത്തിനാവശ്യമായത് ചെയ്തു. 56-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. 59-ാം മിനിറ്റില്‍ ബെല്ലിങ്ഹാം ലീഡ് വര്‍ധിപ്പിച്ചു. പിന്നീട് സ്വന്തം തട്ടകത്തില്‍ അറ്റ്ലാന്റ കിണഞ്ഞു ശ്രമിച്ചെങ്കിലും 65-ാം മിനിറ്റില്‍ ഒരു ഗോള്‍ നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. നൈജീരിയയില്‍ നിന്നുള്ള സ്ട്രൈക്കര്‍ ലൂക്ക്മാന് ആണ് ഗോള്‍ നേടിയത്.
ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ നേടുന്ന മൂന്നാമത്തെ മാത്രം വിജയമാണിത്. ഇതുവരെ കളിച്ച ആറ് കളികളില്‍ മൂന്നെണ്ണവും പരാജയപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ലീഗിലും ടീം കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.