കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍സിനായി കേരള ടീം ഇന്ന് പുറപ്പെടും. കൊച്ചിയില്‍ നിന്നാണ് 22 അംഗ ടീം ഇന്ന് മത്സരം നടക്കുന്ന ഹൈദരാബാദിലേക്ക് പോകുക. അതിഗംഭീര പ്രകടനവുമായി ഫൈനല്‍സിന് യോഗ്യത നേടിയ പ്രാഥമിക റൗണ്ട് ടീമിനെ അതേ പടി നിലനര്ത്തിയിരിക്കുകയാണ്. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ക്യാപ്റ്റന്‍ ജി. സഞ്ജുവും സംഘവും യാത്ര തിരിക്കുക.
പ്രാഥമിക റൗണ്ടില്‍ ഗോള്‍ മഴ പെയ്യിച്ച ടീം ഒരു ഗോള്‍ പോലും വഴങ്ങിയിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ സ്വന്തമാക്കുകയും ചെയ്തു. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നില്‍ ലക്ഷദ്വീപിനെതിരെ 10 ഗോള്‍ വിജയവും സ്വന്തമാക്കിയിരുന്നു. ഇതേ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് ടീമില്‍ മാറ്റം വരുത്താതിരിക്കുന്നത്.
പോലീസ് താരമായ കേരള ക്യാപ്റ്റന്‍ ജി.സഞ്ജുവും കഴിഞ്ഞ വര്‍ഷത്തെ ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടും ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും പരിശീലനക്യാംപില്‍ സജീവമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി കേരള ടീമിന്റെ പരിശീലനം ഇക്കുറി കാസര്‍കോട് ജില്ലയിലായിരുന്നു. ഫൈനല്‍ റൗണ്ടിന് മുമ്പ് ടീമിന് പരിശീലനം നടത്താന്‍ ആവശ്യത്തിന് സമയം ലഭിച്ചതിന്റെ സംതൃപ്തിയുണ്ട്.
ശനിയാഴ്ച രാവിലെ ഒമ്പതിന് ഗ്രൂപ്പ് എയില്‍ മണിപ്പൂര്‍-സര്‍വീസസ് പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ഞായറാഴ്ച്ച രാവിലെ ഒമ്പതിനാണ് കേരളത്തിന്റെ ആദ്യ മത്സരം. നിലവിലെ റണ്ണറപ്പുകളായ ഗോവയുമായാണ് കേരളത്തിന്റെ ആദ്യപോരാട്ടം. ഗ്രൂപ്പ് ബിയില്‍ ഗോവയെകൂടാതെ ഡല്‍ഹി, മേഘാലയ, തമിഴ്നാട്, ഒഡീഷ എന്നിവയാണ് കേരളത്തിന്റെ മറ്റ് എതിരാളികള്‍. ആഞ്ച് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കേണ്ടിവരിക. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളെ വിന്യസിച്ചിരിക്കുന്നു. ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. 17ന് രാത്രി 7.30ന് മേഘാലയുമായും 19ന് രാവിലെ 9ന് ഒഡിഷയുമായും 22ന് രാത്രി 7.30ന് തമിഴ്നാടുമായും 24ന് ഉച്ചയ്ക്ക് 2.30ന് തമിഴ്നാടുമായുമാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍.
ടീം: ഗോള്‍കീപ്പര്‍മാര്‍: ഹജ്മല്‍ എസ് (പാലക്കാട്), മുഹമ്മദ് അസ്ഹര്‍ കെ (മലപ്പുറം), മുഹമ്മദ് നിയാസ് കെ (പാലക്കാട്)
ഡിഫന്‍ഡര്‍മാര്‍: മുഹമ്മദ് അസ്ലം (വയനാട്), ജോസഫ് ജസ്റ്റിന് (എറണാകുളം), ആദില്‍ അമല്‍ (മലപ്പുറം), മനോജ് എം (തിരുവനന്തപുരം), മുഹമ്മദ് റിയാസ് പി.ടി (പാലക്കാട്), സഞ്ജു ജി (എറണാകുളം), മുഹമ്മദ് മുഷറഫ് (കണ്ണൂര്‍)
മിഡ്ഫീല്‍ഡര്‍മാര്‍: ക്രിസ്റ്റി ഡേവിസ് (തൃശൂര്‍), മുഹമ്മദ് അര്‍ഷഫ് (മലപ്പുറം), മുഹമ്മദ് റോഷല്‍ പി.പി (കോഴിക്കോട്), നസീബ് റഹ്മാന് (പാലക്കാട്), സല്മാന് കാളിയത്ത് (മലപ്പുറം), നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ഗഫൂര്‍ (മലപ്പുറം)
സ്ട്രൈക്കര്‍മാര്‍: ഷിജിന് ടി (തിരുവനന്തപുരം), സജീഷ് ഇ (പാലക്കാട്), മുഹമ്മദ് അജ്സല്‍ (കോഴിക്കോട്), റമീസ് പി.കെ (കോഴിക്കോട്), ഗനി നിഗം (കോഴിക്കോട്),
മുഖ്യ പരിശീലകന്: ബിജു തോമസ് എം (തൃശൂര്‍), അസിസ്റ്റന്റ് കോച്ച്: ഹാരി ബെന്നി (എറണാകുളം), ഗോള്‍കീപ്പിങ് കോച്ച്: നെല്‍സണ്‍ എം.വി.(തൃശൂര്‍), ടീം മാനേജര്‍: ജോസ് ലാല്‍ (തിരുവനന്തപുരം), ടീം ഫിസിയോ: ജോസ് ലാല്‍