ബെംഗളൂരു: ഭാരതത്തിലെ ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഇത്തവണത്തെ ക്വാര്‍ട്ടര്‍ പോരുകള്‍ ഇന്ന്. കര്‍ണാടകയിലെ ആളൂരും ബംഗളൂരുവിലുമായാണ് മത്സരങ്ങള്‍ നടക്കുക.
ആളൂരില്‍ രാവിലെ 9 ന് നടക്കുന്ന പോരാട്ടത്തില്‍ മധ്യപ്രദേശും സൗരാഷ്ട്രയും തമ്മില്‍ ഏറ്റുമുട്ടും. ഇതേ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നരക്ക് നടക്കുന്ന മത്സരത്തില്‍ മുംബൈയും വിദര്‍ഭയും തമ്മില്‍ പോരടിക്കും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ രാവിലെ 11ന് ബറോഡ-ബംഗാള്‍ പോരാട്ടവും വൈകീട്ട് നാലരയ്ക്ക് ദല്‍ഹി-ഉത്തര്‍പ്രദേശ് മത്സരവും നടക്കും.
ബംഗാളും യുപിയും പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കളിച്ചാണ് എത്തുന്നത്. പ്രീക്വാര്‍ട്ടറില്‍ ബംഗാള്‍ ചണ്ഡീഗഢിനെ തോല്‍പ്പിച്ചപ്പോള്‍ യുപി ആന്ധ്രയെ കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. മറ്റ് ടീമുകളെല്ലാം ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. വെള്ളിയാഴ്ച്ചയാണ് സെമി ഫൈനലുകള്‍. ഞായറാഴ്ച്ച ജേതാക്കള്‍ നിര്‍ണയിക്കപ്പെടും.