ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് താരസംഘടനയായ അമ്മ എത്തിപ്പെട്ടത്. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർക്കെതിരെ അടക്കമാണ് പരാതികൾ ഉയർന്നത്. വിവാദങ്ങളെ തുടർന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരച്ചുവിടുന്ന സാഹചര്യം അടക്കം ഉണ്ടായി. ഇപ്പോഴിതാ സംഘടനയുടെ തകർച്ചയെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പ്രതികരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ഒരു സംഘടന നല്ല രീതിയിൽ നിലനിൽക്കണമെങ്കിൽ, കെട്ടുറപ്പുള്ളതാകണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് അതിന്റെ നേതൃസ്ഥാനത്തുള്ളവർ നീതിബോധമുള്ളവരും നിർഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം. ആ ആളുകളുടെ പ്രവൃത്തിയിൽ ധാർമികതയും ഉണ്ടായിരിക്കണം. അത്തരത്തിലുള്ള ആളുകളായിരിക്കണം ഇനി വരേണ്ടത്. അങ്ങനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിർഭാഗ്യമെന്ന് പറയട്ടേ, ഈ പറഞ്ഞ ഗുണങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലർ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള പ്രധാന കാരണം. സിനിമാക്കാരുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസവും അതുതന്നെയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം പലരുടേയും പേര് പുറത്തുവന്നതോടെ സംഘടനയോട് അവമതിപ്പ് ഉണ്ടായി എന്നത് സത്യം തന്നൊണ്.
അഞ്ഞൂറോളം പേരുള്ള സംഘടനയിൽ പത്തോ പതിനഞ്ചോ പേർ പ്രശ്നം സൃഷ്ടിച്ചാൽ അവരെ നിർദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാൻ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അമ്മയ്ക്ക് ഇപ്പോൾ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചുമാറ്റാമായിരുന്നു. അമ്മയുടെ അംഗമായ അതീജീവിതക്കൊപ്പം നിൽക്കേണ്ട സംഘടനയെ വേട്ടക്കാരനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചപ്പോൾ ഈ സംഘടനയിൽ നിന്നും തനിക്കൊരിക്കലും നീതി കിട്ടില്ലെന്ന് മനസിലാക്കി അവർ രാജിവെച്ച് പുറത്ത് പോയി. അവരോടൊപ്പം ചില നടിമാരും.
മുൻപ് മോഹൻ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിൽ ഞാനും ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു. ആ സിനിമയിലെ പ്രധാന വേഷം ചെയ്ത പയ്യനായിരുന്നു ബാബു.ഞാൻ സെറ്റിൽ ചെല്ലുമ്പോൾ ഇന്നസെന്റുമായി സംസാരിച്ച് നിൽക്കുകയായിരുന്നു ആ പയ്യൻ. ഇടവേള എന്ന സിനിമ ഹിറ്റായില്ലെങ്കിലും, മറ്റ് വലിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധനേടിയില്ലെങ്കിലും ഇന്നസെന്റുമായുള്ള ബന്ധം ആ പയ്യനെ അമ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ വരെ എത്തിച്ചു.
പിന്നീട് സംഘടനയിൽ ഇടവേള ബാബുവിന്റെ ഒരു പൂന്ത് വിളയാട്ടമായിരുന്നു.അതിനുശേഷം ഗണേഷ് കുമാർ സിനിമാമന്ത്രിയായിരിക്കുമ്പോൾ ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസി വൈസ് ചെയർമാനായി നിയമിച്ചു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം. അവിടെ തീയേറ്റർ ചാർട്ടിംഗ് ആയിരുന്നു ബാബുവിന്റെ പ്രധാന തൊഴിൽ.
കെഎസ്എഫ്ഡിസിക്ക് പത്ത് പതിമൂന്ന് നല്ല തീയേറ്ററുകളുണ്ട്. അതിൽ നല്ല കളക്ഷൻ കിട്ടുന്ന തീയേറ്ററിൽ സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ബാബുവിന്റെ അനുവാദം കൂടിയേ തീരു. തീയേറ്റർ ഉടമയായ ലിബർട്ടി ബഷീർ ഒരിക്കൽ പറയുകയുണ്ടായി, ആ തീയേറ്ററുകളിൽ ചിത്രങ്ങൾ കളിക്കണമെങ്കിൽ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റുമെന്ന്. പിന്നീട് ഗണേഷ് കുമാർ പറഞ്ഞിരുന്നു തനിക്ക് പറ്റിയ അബദ്ധമാണ് ബാബുവിന് പോസ്റ്റ് കൊടുത്തതെന്ന് .
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയിൽ മെമ്പർഷിപ്പിനായി അപേക്ഷ കൊടുത്തിരുന്നു. കുറേനാൾ കഴിഞ്ഞ് എന്തായി എന്ന് ചോദിച്ചപ്പോൾ എനിക്ക് അതിന് യോഗ്യത ഇല്ലെന്ന് പറഞ്ഞു. ഒരിക്കൽ എന്റെ സുഹൃത്തായ ഒരു ബിസിനസുകാരൻ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നെത്തി. ചോദിച്ചപ്പോൾ പറഞ്ഞത് വിദേശത്ത് വെച്ച് നടന്നൊരു സിനിമയിൽ എന്നേയും പിടിച്ച് നിർത്തി ബാബു എനിക്ക് മെമ്പർഷിപ്പ് തന്നുവെന്നാണ്. എത്രരൂപ ചെലവായി എന്ന് ചോദിച്ചപ്പോൾ കാശ് മുടക്കിയാൽ അല്ലേ ഇതൊക്കെ പറ്റൂവെന്ന് പറഞ്ഞു.
പാർവതി തിരുവോത്ത് പറഞ്ഞിട്ടുണ്ട്ഒരിക്കലും സിനിമയിൽ കാണാത്തവർ പോലും അമ്മയിൽ അംഗങ്ങളാണെന്ന്. അമ്മയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമിൽ പല കോടീശ്വരൻമാരുടെ മക്കളും അംഗങ്ങളായിട്ടുണ്ട്. അതിലൊരാൾ പറഞ്ഞ് ഇടവേള ബാബുവാണ് എനിക്ക് അംഗത്വം വാങ്ങിത്തന്നത് എന്നാണ്. സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത പേർ ഇതുപോലെ അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്.
നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മെമ്പർഷിപ്പ് കൊടുക്കാം. മറ്റ് ചില സഹകരണങ്ങൾ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് നമ്മൾ കേട്ടതാണ്. ഇടവേള ബാബു പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയെന്ന് പിന്നീടൊരിക്കൽ ഗണേഷ് കുമാർ പറഞ്ഞിട്ടുണ്ട്.
ഗണേഷ് കുമാർ പറഞ്ഞിരുന്നു നടൻ വിജയ് ബാബുവിന്റെ പീഡന കേസ് വന്നപ്പോൾ നടൻ മോഹൻലാലിന് ഞാനൊരു കത്ത് കൊടുത്തു, നടി കേസിൽ ദിലീപ് സ്വയം പുറത്ത് പോയത് പോലെ വിജയ് ബാബുവും പുറത്ത് പോകട്ടെയെന്ന്. വിജയ് ബാബുവിനെ സംഘടനയിൽ നിലനിർത്തുന്നത് പണം വാങ്ങിയിട്ടാണെന്ന ആരോപണം അതിജീവിത ഉയർത്തിയിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇതിന് ഫേസ്ബുക്കിലൂടെയാണ് ഇടവേള ബാബു മറുപടി നൽകിയത്. അമ്മ ക്ലബ് ആണെന്നാണ് ബാബു പറഞ്ഞത്. ഇതിന് ചുട്ടമറുപടി നൽകി ഗണേഷ് കുമാർ സംഘടനയിൽ നിന്നും രാജിവെച്ചു.
അതിജീവിതയെ മുൻപ് ഇടവേള ബാബു അധിക്ഷേപിച്ചിട്ടുണ്ട്. അറപ്പുളവാക്കുന്ന വാക്കുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇടവേള ബാബുവിനെയൊക്കെ ഒഴിവാക്കി പാർവതി തിരുവോത്തിനെ പോലെ ധീരവനിതകളെയാണ് സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരേണ്ടത്’, ആലപ്പി അഷ്റഫ് പറഞ്ഞു.