55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ(ഐഎഫ്എഫ്ഐ)ത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, സിനിമ എന്നത് ഒരു സിനിമയുടെ ദൈർഘ്യം മാത്രമല്ല, അത് അവശേഷിപ്പിക്കുന്ന സ്വാധീനം കൂടിയാണെന്നു ഞാൻ വിശ്വസിക്കുന്നു. ഐഎഫ്എഫ്ഐ 2024 സ്വാധീനം ചെലുത്തിയോ! ഈ വർഷത്തെ മേള ഒരു സിനിമ ആയിരുന്നെങ്കിൽ, അതൊരു ബ്ലോക്ക്ബസ്റ്റർ ആകുമായിരുന്നു. പുതിയ കഥകൾ, അവിസ്മരണീയമായ പ്രകടനങ്ങൾ, ഏവരെയും അമ്പരപ്പിക്കുന്ന കഥാഗതിയിലെ ഒന്നുരണ്ടു വഴിത്തിരിവുകൾ എന്നിവയാൽ നിറഞ്ഞതായിരുന്നു ഇത്.
1913-ൽ ഇന്ത്യയിൽ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോൾ മുതൽ സിനിമ നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തിലുണ്ട്. അതിനുശേഷം, നമ്മുടെ പ്രേക്ഷകർ സിനിമയെ ശ്രേഷ്ഠമായ രീതിയിൽ സ്വീകരിച്ചു. ലോകത്തെ സിനിമകളുടെ ഏറ്റവും വലിയ സ്രഷ്ടാക്കളും ഉപഭോക്താക്കളുമായി അതു നമ്മെ മാറ്റി. ഇതു സാധ്യമാക്കിയ ജനങ്ങളെ-നമ്മുടെ പ്രേക്ഷകരെ- ഈ വർഷം ആഘോഷിക്കാൻ ഞാൻ മേള അധികൃതരോട് ആവശ്യപ്പെട്ടു. അവരുടെ അചഞ്ചലമായ പിന്തുണയാലാണു നാം ഇന്നത്തെ നിലയിലേക്കു വളർന്നത്.
കാലത്തിനും അതിരുകൾക്കും തലമുറകൾക്കും അതീതമായ സാർവത്രിക ഭാഷയാണു സിനിമയെന്ന് ഈ മേള ഒരിക്കൽകൂടി തെളിയിച്ചു. റെക്കോർഡു ഭേദിച്ച പങ്കാളിത്തം മുതൽ യുവസംവിധായകർ പറഞ്ഞ അതുല്യമായ കഥകൾ വരെ, ഐഎഫ്എഫ്ഐ 2024 ഒരിതിഹാസ ചലച്ചിത്രം പോലെയായിരുന്നു; ഊർജസ്വലതയും വർണങ്ങളും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ ചലച്ചിത്രംപോലെ. എന്നാൽ മിക്ക സിനിമകളിൽ നിന്നും വ്യത്യസ്തമായി, സിനിമയിൽ പ്രവർത്തിച്ചവരുടെ പേരുകൾ ഇതിനുശേഷം കാണിക്കുന്നില്ല. പകരം, നാമേവരും അടുത്ത അധ്യായത്തിനായി കാത്തിരിക്കുകയാണ്.
ചില സംഖ്യകളിൽനിന്ന് ആരംഭിക്കാം: 11,000-ലധികം പേരാണ് ഇക്കുറി പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12% വർധന. പ്രതിനിധികളുടെ എണ്ണത്തിൽ 142% വളർച്ചയും 1876 പങ്കാളികളുമായി ‘ഫിലിം ബസാർ’ ഏറ്റവും വലിയ ചലച്ചിത്ര വിപണികളിലൊന്നായി ഉയർന്നു. ഇതു കൂടുതൽ സഹകരണം, കൂടുതൽ പങ്കാളിത്തം, കൂടുതൽ സർഗാത്മക മനസുകൾ എന്നിവ ഒത്തുചേർന്നുവെന്നാണ് അർഥമാക്കുന്നത്.
ഗോവയിലെ ആറു പുതിയ ഇടങ്ങളിലേക്കു നാം നമ്മുടെ പ്രദർശനവേദികൾ വിപുലീകരിച്ചു. കാരണം മഹത്തായ ഉത്സവം നടക്കുമ്പോൾ, നിങ്ങൾക്ക് ഒരു മൾട്ടിപ്ലക്സിനേക്കാൾ കൂടുതൽ സ്ക്രീനുകൾ ആവശ്യമാണ്. ഗോവയിലെത്തിയ എല്ലാവർക്കും മുൻനിരയിൽ ഇരിപ്പിടം നൽകുന്നതിനായി ഞങ്ങൾ കലാ അക്കാദമി താൽക്കാലിക തിയറ്ററും സജ്ജമാക്കി. പ്രദർശന സമയത്ത് പ്രേക്ഷകരുടെ മുഖം പ്രകാശിക്കുന്നത്
ഈ വേദികളിൽ ദൃശ്യമായി.
സിനിമകളുടെ കാര്യത്തിൽ മാത്രമല്ല, അതിനു പിന്നിലെ ചലച്ചിത്ര പ്രവർത്തകരുടെ കാര്യത്തിലും ഐഎഫ്എഫ്ഐ 2024 യുവത്വത്തെക്കുറിച്ചുള്ളതായിരുന്നു. “യുവസംവിധായകർ: ഇപ്പോഴാണു ഭാവി” എന്ന പ്രമേയം ഉപയോഗിച്ച്, ഇന്ത്യൻ സിനിമയിൽ അടുത്തതായി വരാനിരിക്കുന്ന ഏറ്റവും മികച്ച കാര്യങ്ങൾ ഞങ്ങൾ പ്രദർശിപ്പിച്ചു. നവാഗത സംവിധായകരുടെ 66 സിനിമകളിൽ ചിലതു കാണുമ്പോൾ ‘ഇവിടെ പുതിയ ഇതിഹാസങ്ങളുടെ പിറവിക്കു ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു’ എന്ന വാചകം ശരിക്കും പ്രതിധ്വനിക്കുന്നു.
‘ക്രിയേറ്റീവ് മൈൻഡസ് ഓഫ് ടുമോറോ’ (സിഎംഒടി) നൂറു യുവ ചലച്ചിത്രപ്രവർത്തകരെ ഒരുമിച്ചു കൊണ്ടുവന്ന് അവർക്കു നൂതനമായ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള സവിശേഷ പരിപാടിയായി മാറി. അതിൽ ചുരുങ്ങാതെ, അവർ 48 മണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കാനുള്ള വെല്ലുവിളിയിലേക്കു പോകുകയും ചെയ്തു. ത്രില്ലറിന്റെ ഊർജംപോലെ വേഗതയേറിയതും ഉയർന്ന പങ്കാളിത്തവും ആവേശം നിറഞ്ഞതുമായിരുന്നു അത്. എന്തായിരുന്നു അതിന്റെ ഫലം? പ്രമുഖ നിർമാണക്കമ്പനികളിൽനിന്ന് 62 അവസരങ്ങൾ! അതു കേവലം ഭാവി മാത്രമല്ല – അതാണ് നിങ്ങളെ തേടി എത്തിയിരിക്കുന്ന,അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന ഭാവി.
നിർമിതബുദ്ധിപോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളിൽ വിദഗ്ധരുടെ ക്ലാസുകൾക്കൊപ്പം പുതിയ വൈദഗ്ധ്യത്തിനും ഊന്നൽ നൽകി. കഥപറച്ചിലിന്റെ ഭാവി വികസിച്ചുകൊണ്ടിരിക്കുന്ന മാതൃകകളിലും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സങ്കേതങ്ങളിലുമാണെന്ന് ഈ വേദികൾ അടിവരയിടുന്നു. എന്നാൽ അതിന്റെ കാതൽ എന്നത്, കഥപറച്ചിലിന്റെ കലയായി കാലാതീതമായി തുടരുന്നു.
ഇന്നത്തെ യുവശബ്ദങ്ങളെക്കുറിച്ചു നാമേവരും ആവേശഭരിതരായിരിക്കുമ്പോൾ, – നാമിന്നാഘോഷിക്കുന്ന കഥപറച്ചിലിന്റെ ഭാഷതന്നെ സൃഷ്ടിച്ച, ഇന്ത്യൻ സിനിമയിലെ മഹാരഥരെ ആദരിക്കാൻ ഐഎഫ്എഫ്ഐ സമയം കണ്ടെത്തി. ഈ വർഷം രാജ് കപൂർ, മുഹമ്മദ് റഫി, അക്കിനേനി നാഗേശ്വര റാവു, തപൻ സിൻഹ എന്നിവരെ നാം ആദരിച്ചു. നാമേവരും കാണുന്ന മികച്ച ക്ലാസിക്കുകൾ പോലെയാണ് അവരുടെ സിനിമകൾ. എന്തുകൊണ്ടാണു നാം സിനിമയോട് ആദ്യം പ്രണയത്തിലായതെന്നു നമ്മെ ഓർമിപ്പിക്കുന്നവയാണവ.
ആവാരാ, ദേവദാസു, ഹം ദോനോ തുടങ്ങിയ അവരുടെ കാലാതീതമായ ക്ലാസിക്കുകളുടെ പ്രത്യേക പ്രദർശനങ്ങൾ ഞങ്ങൾക്ക് ആ മാന്ത്രികതയിലൂടെ ഒരിക്കൽകൂടി സഞ്ചരിക്കാൻ അവസരമൊരുക്കി. അതേസമയം മീരാമർ കടലോരത്തു സുദർശൻ പട്നായിക്കിന്റെ മണൽകലാരൂപങ്ങൾ ഈ ഇതിഹാസങ്ങളുടെ പൈതൃകത്തെ പുതു വെളിച്ചത്തിൽ ആസ്വദിക്കാൻ നമുക്കവസരമേകി. ഈ ഇതിഹാസങ്ങളുടെ സംഭാവനകൾ അനശ്വരമാക്കുന്നതിനായി ‘മൈ സ്റ്റാമ്പ്’ വഴി അവർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. സിനിമയുടെ സത്ത് ഉൾക്കൊള്ളുന്ന സ്റ്റാമ്പ് ഉണ്ടെങ്കിൽ, അതിൽ അവരുടെ മുഖങ്ങളുമുണ്ട്.
ഓരോ വർഷവും, പ്രത്യേക ശ്രദ്ധ കൊടുക്കുന്ന രാഷ്ട്രത്തിന്റെ സിനിമാ നേട്ടങ്ങൾ ഐഎഫ്എഫ്ഐ ആഘോഷിക്കുന്നു. ഈ വർഷത്തെ ‘ഫോക്കസ് രാജ്യം’ ഓസ്ട്രേലിയ ആയിരുന്നു; എന്തൊരു മികച്ച തെരഞ്ഞെടുപ്പ്. കേറ്റ് ബ്ലാഞ്ചെറ്റ്, ജെഫ്രി റഷ്, ഹീത്ത് ലെഡ്ജർ, ആബി കോർണിഷ്, ജിൽ ബിൽകോക്ക് തുടങ്ങി അതിശയിപ്പിക്കുന്ന ഓസ്ട്രേലിയൻ ചലച്ചിത്രപ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചതിനാൽ എന്റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന തെരഞ്ഞെടുപ്പായിരുന്നു അത്.
ഏഴ് ഓസ്ട്രേലിയൻ സിനിമകൾക്കൊപ്പം, ഹ്യൂഗോ വീവിങ്ങിനും ഫിലിപ്പ് നോയ്സിനും ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യവും ഞങ്ങൾക്കു ലഭിച്ചു. ഓസ്ട്രേലിയൻ നിർമാതാക്കളുടെയും ചലച്ചിത്രകാരന്മാരുടെയും കരുത്തുറ്റ പ്രതിനിധിസംഘവും ഇവിടെയെത്തി. ഇത് ഇരുരാഷ്ട്രങ്ങളുടെയും ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ടു. ഇന്ത്യ-ഓസ്ട്രേലിയ സംയുക്തനിർമാണത്തിൽ വരുന്ന ചിത്രങ്ങൾ ഉടൻ കാണാനാകുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്; ഒരു ബോളിവുഡ്-പാശ്ചാത്യ ഹൈബ്രിഡിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത് (അത് രസകരമാണെങ്കിലും).
ചലച്ചിത്രമേള ഒരാഘോഷമാണ്; ഗോവയെക്കാൾ മികച്ച മറ്റേതു നാടാണ് ഇതിനായുള്ളത്?
ഈ വർഷത്തെ IFFIESTA അനുബന്ധ പരിപാടി മാത്രമായിരുന്നില്ല; അതൊരു ആഘോഷമായിരുന്നു. ഭക്ഷ്യശാലകൾ മുതൽ അസീസ് കൗറിന്റെയും പാരഡോക്സിന്റെയും തത്സമയ പ്രകടനങ്ങൾവരെ, സംസ്കാരവുമായി സിനിമ സംഗമിക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു വെളിപ്പെടുത്തുന്ന ആഘോഷമായിരുന്നു അത്. ഇന്ത്യൻ സിനിമയുടെ ആറു പതിറ്റാണ്ടുകൾ ആഘോഷിക്കുന്ന NIFT ഫാഷൻ ഷോ – ഇന്ത്യൻ സിനിമയ്ക്കുള്ള യഥാർഥ ആദരമായിരുന്നു; സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ‘ഇന്ത്യൻ സിനിമയുടെ പ്രയാണ’ പ്രദർശനമാകട്ടെ. അതിൽ18,000 സന്ദർശകർ വന്നതോടെ , ഇന്ത്യൻ സിനിമയുടെ പൈതൃകം സജീവവും ഭാവിയിലേക്കുള്ള ചവിട്ടുപടിയും ആണെന്ന് എനിക്കു സുരക്ഷിതമായി പറയാൻ കഴിയും.
ഐഎഫ്എഫ്ഐ 2024-ലേക്കു തിരിഞ്ഞുനോക്കുമ്പോൾ, ഒരു ചലച്ചിത്രമേള എന്തായിരിക്കണമെന്നതിനു നാം പുതിയ മാനദണ്ഡം സജ്ജീകരിച്ചിട്ടുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. നാം എത്രത്തോളം മുന്നോട്ടെത്തിയിരിക്കുന്നു എന്നതിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. ഇന്ത്യയിലെ ആദ്യ സിനിമയായ രാജാ ഹരിശ്ചന്ദ്ര സൃഷ്ടിക്കാൻ നാം പാശ്ചാത്യ സാങ്കേതികവിദ്യയാണു സ്വീകരിച്ചത്. അതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായം നാം കെട്ടിപ്പടുത്തു. നമ്മുടെ പ്രേക്ഷകർ അർഹിക്കുന്നത് ഏറ്റവും മികച്ചതാണ്. അതുതന്നെയാണ് ഈ വർഷത്തെ ഐഎഫ്എഫ്ഐ നൽകിയത്; ഇതുവരെയുള്ള ഏറ്റവും വലുതും ഊർജസ്വലവുമായ പതിപ്പ്.
സിനിമയുടെ ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും ഭാവിയുടെയും ആഘോഷമായിരുന്നു ഐഎഫ്എഫ്ഐ 2024. നാം പുതിയ ശബ്ദങ്ങളെ ആഘോഷമാക്കി; ഇതിഹാസങ്ങളെ ആദരിച്ചു; കഥപറച്ചിലിനെ അതിന്റെ എല്ലാ രൂപങ്ങളിലും സ്വീകരിച്ചു. ഐഎഫ്എഫ്ഐയുടെ ഈ പതിപ്പ് ഉത്സവം മാത്രമായിരുന്നില്ല; സിനിമയെ യഥാർഥത്തിൽ മാസ്മരികമാക്കുന്നതിന്റെ ആഘോഷമായിരുന്നു അത്.
ഇത്രയും വലിയൊരു ചലച്ചിത്രോത്സവം നടത്തുന്നതു ചെറിയ കാര്യമല്ല. ഇതു സാധ്യമാക്കിയ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനും ഗോവയിലെ എന്റർടൈൻമെന്റ് സൊസൈറ്റിക്കും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും മറ്റുള്ളവർക്കും എന്റെ ഹൃദയംഗമമായ നന്ദി.
ഇതു സാധ്യമാക്കിയ എല്ലാവർക്കും, ചലച്ചിത്രപ്രവർത്തകർക്കും, പ്രതിനിധികൾക്കും, സന്നദ്ധപ്രവർത്തകർക്കും, ഏറ്റവും പ്രധാനമായി, ഗോവയിലെ ജനങ്ങൾക്കും നന്ദി. ഗോവയിലെ ജനങ്ങളാണ് ഈ ഉത്സവത്തിന്റെ ആത്മാവ്. അവരുടെ ഊഷ്മളതയും ആതിഥ്യമര്യാദയും ഐഎഫ്എഫ്ഐയെ ശരിക്കും സവിശേഷമാക്കുന്നു. വ്യവസായത്തിന്റെയും ഗോവയിലെ ജനങ്ങളുടെയും പിന്തുണയോടെ ഐഎഫ്എഫ്ഐ കൂടുതൽ വളരാൻ ഒരുങ്ങുകയാണ്.
അതെ, ഇതിൽ നിന്നെല്ലാം ഞാൻ ഒരു കാര്യം പഠിച്ചു: സിനിമ കഥാഗതിയിലെ മികച്ച വഴിത്തിരിവു പോലെയാണ്. ആ വഴിത്തിരിവ് നിങ്ങൾ ഒരിക്കലും മുൻകൂട്ടി കാണില്ല, പക്ഷേ അതെത്തുമ്പോൾ ശക്തമായി നമ്മെ സ്വാധീനിക്കും. കഥപറച്ചിലിന്റെ മാന്ത്രികതയുടെയും ഈ അവിശ്വസനീയമായ യാത്രയുടെയും തുടർച്ച ഇതാ.
എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ തുടർഭാഗത്തിനായി കാത്തിരിക്കും. ഇത്തവണ, അത് ആരംഭിക്കുന്നതിന് മുമ്പ് ഞാൻ കുറച്ച് ഉറങ്ങുമെന്ന് ഉറപ്പ് നൽകുന്നു.