വാഷിങ്ടൺ : ഇന്ത്യയെ പിന്തുണയ്ക്കുന്ന റഷ്യയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി നിരോധിത സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. മറ്റൊരു വീഡിയോയിലൂടെയാണ് പന്നൂൻ ഭീഷണി പുറത്തുവിട്ടത്.
ലോകമെമ്പാടുമുള്ള റഷ്യൻ മിഷനുകളെ ആക്രമിക്കുമെന്നാണ് തീവ്രവാദിയുടെ ഭീഷണി. ഖാലിസ്ഥാൻ പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് റഷ്യൻ മാധ്യമ സ്ഥാപനങ്ങളായ ആർടി ഇന്ത്യയെയും സ്പുട്നിക് ഇന്ത്യയെയും പന്നൂൻ ലക്ഷ്യമിടുന്നുണ്ട്.
ഖാലിസ്ഥാനി ഭീകര പ്രവർത്തനങ്ങളെ കുറിച്ച് റഷ്യ ഇന്ത്യക്ക് രഹസ്യാന്വേഷണ വിവരം നൽകാൻ തുടങ്ങിയെന്ന് എസ്എഫ്ജെ നേതാവ് ആരോപിച്ചു. വടക്കേ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ റഷ്യൻ നയതന്ത്രജ്ഞരെയും റഷ്യൻ മിഷനുകളെയും ഖാലിസ്ഥാനി സിഖുകാർ ആക്രമിക്കുമെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.
ഖാലിസ്ഥാനി ഭീകരരുടെ വിവരങ്ങൾ സ്വായത്തമാക്കാൻ യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയെ റഷ്യൻ നയതന്ത്രജ്ഞരുമായും വടക്കേ അമേരിക്കയിലെ കോൺസുലേറ്റുകളുമായും ഏകോപിപ്പിക്കാനുള്ള ചുമതല ഇന്ത്യ ഏൽപ്പിച്ചിട്ടുണ്ടെന്നും പന്നൂൻ ആരോപിച്ചു. വടക്കേ അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും ഖാലിസ്ഥാൻ അനുകൂല സിഖ് ആക്ടിവിസത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും ലോജിസ്റ്റിക്സും മോദി ഭരണകൂടവുമായി റഷ്യൻ ഏജൻസികൾ പങ്കിടാൻ തുടങ്ങിയതായും പന്നൂൻ കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ ഖാലിസ്ഥാനികൾക്കെതിരെ ഇന്ത്യയുമായി സഹകരിക്കുന്നത് നിർത്തണമെന്നും അല്ലെങ്കിൽ ഖാലിസ്ഥാനികളുടെ ആക്രമണങ്ങളും പ്രതിഷേധങ്ങളും നേരിടേണ്ടിവരുമെന്നും പന്നൂൻ റഷ്യയെ ഭീഷണിപ്പെടുത്തി. കൂടാതെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും ഖാലിസ്ഥാനികളുടെ റഡാറിൽ ഉണ്ടെന്ന് പറഞ്ഞ് എസ്എഫ്ജെ നേതാവ് ഭീഷണിപ്പെടുത്തി. ക്വാത്രയെ ഇന്ത്യ-റഷ്യ ഭീകരബന്ധത്തിന്റെ മുഖം എന്ന് വിശേഷിപ്പിച്ച പന്നൂൻ ക്വാത്ര ഇതിനകം തന്നെ ഖാലിസ്ഥാനി സിഖുകാരുടെ ലക്ഷ്യത്തിലൊന്നാണെന്ന് പറഞ്ഞു.
അതേ സമയം പന്നൂണിന്റെ മാധ്യമ സ്ഥാപനത്തിനെതിരെയുള്ള ഭീഷണികളോട് സ്പുട്നിക് ഇന്ത്യ , ആർടി ഇന്ത്യ എന്നിവർ പ്രതികരിച്ചു. ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂൻ തന്നെയും ഖാലിസ്ഥാൻ പ്രസ്ഥാനത്തെയും തുറന്നുകാട്ടിയെന്ന് സ്പുട്നിക് ഇന്ത്യ പറഞ്ഞു. പന്നൂനെ ഖാലിസ്ഥാൻ ഭീകരനെന്ന് വിശേഷിപ്പിച്ച ആർടി ഇന്ത്യ റഷ്യയ്ക്കെതിരായ പന്നൂണിന്റെ ഭീഷണികളെ പരിഹസിക്കുകയും ചെയ്തു.