വാഷിങ്ടണ്‍: അന്തരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിയ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് വൈകുമെന്ന് നാസ. മാര്‍ച്ച് അവസാനം വരെ അവര്‍ ഐഎസ്എസില്‍ തുടരേണ്ടിവരും.
ഒരാഴ്ചത്തെ ദൗത്യത്തിനായി ജൂണ്‍ 5നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഇരുവരും ഐഎസ്എസിലെത്തിയത്. എന്നാല്‍ പേടകത്തിനുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും കാരണം സുനിതയ്ക്കും വില്‍മോറിനും ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വന്നു. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍, സപ്തംബറില്‍ സഞ്ചാരികളില്ലാതെ സ്റ്റാര്‍ലൈനര്‍ തിരികെ ഇറക്കി. സുനിതയെയും വില്‍മോറിനെയും 2025 ഫെബ്രുവരിയില്‍ സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്സ്യൂളില്‍ തിരികെയെത്തിക്കാനായിരുന്നു നാസയുടെ തീരുമാനം.
എന്നാല്‍, ക്രൂ 9 ദൗത്യം ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. പകരം ഒരുക്കിയിട്ടുള്ള ക്രൂ 10 മാര്‍ച്ചിന് മുമ്പ് വിക്ഷേപിക്കാന്‍ സാധിക്കില്ലെന്നും നാസ വിശദീകരിച്ചു. ബഹിരാകാശ പേടകത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ വേണ്ട സമയം പരിഗണിച്ചാണ് ദൗത്യം മാര്‍ച്ച് അവസാനത്തിലേക്ക് തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ, ബഹിരാകാശ പേടകത്തില്‍ സുനിതയും സംഘവും ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാസയുടെ ജോണ്സണ് സ്പെയ്സ് സെന്റര്‍ എക്സില്‍ പങ്കുവച്ച സാന്തയുടെ തൊപ്പിയും ധരിച്ച് നില്ക്കുന്ന സുനിത വില്യംസിന്റയും ബഹിരാകാശ സഞ്ചാരി ഡോണ്‍ പെറ്റിറ്റിന്റെയും ഫോട്ടോയാണ് വൈറലായിരിക്കുന്നത്.