ദില്ലി : ആഭ്യന്തരമന്ത്രി അമിത് ഷാ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചതില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി ഇന്ത്യാ സഖ്യം. നീല വസ്ത്രങ്ങള്‍ ധരിച്ച് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. എന്‍ഡിഎ- ഇന്ത്യ സഖ്യ എംപിമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷ അന്തരീക്ഷമുണ്ടായി.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് സ്ഥിതിയെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാര്‍ പിടിച്ചുതള്ളിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ബിജെപി എപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാര്‍ലമെന്റിന് സമീപം വിജയ് ചൗക്കില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെയാണ് ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം.