ടെല്‍ അവീവ്: യേശു ക്രിസ്തുവിന്റെ ചരിത്രമുറങ്ങുന്ന പുണ്യദേശമായ സിറിയയിലെ ഹെര്‍മോണ്‍ പര്‍വതവും ഇസ്രയേല്‍ പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹെര്‍മോണില്‍ എത്തി.
ഇസ്രയേല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണ് ഹെര്‍മോണ്‍ പര്‍വതം. ആദ്യമായാണ് സിറിയയില്‍ ഒരു ഇസ്രയേല്‍ നേതാവ് ഇവിടെയെത്തുന്നത്. 53 വര്‍ഷം മുമ്പ് ഒരു സൈനികനായി ഇതേ പര്‍വത ശിഖരത്തിലായിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ സേന ഇവിടെത്തന്നെ തുടരുമെന്നും സിറിയന്‍ പ്രദേശത്തുനിന്നു പിന്മാറില്ലെന്നും നെതന്യാഹു ഹെര്‍മോണില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു.
ഗോലാന്‍ കുന്നുകളോട് ചേര്‍ന്ന ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളി. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാഷര്‍ അസദിനെ പുറത്താക്കിയതിന് ശേഷം ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തി പ്രദേശത്ത് തെക്കന്‍ സിറിയയുടെ ഒരു ഭാഗം ഇസ്രയേല്‍ പിടിച്ചെടുത്തു. അതേസമയം ബഫര്‍ സോണില്‍ താമസിക്കുന്ന സിറിയക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതിയില്ലെന്നാണ് പേര് വെളിപ്പെടുത്താതെ ഒരു ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞത്. ഗോലാന്‍ കുന്നുകളിലുള്ള ഇസ്രയേലിന്റെ നിയന്ത്രണത്തില്‍ അമേരിക്ക അംഗീകരിക്കുകയാണ്.