ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് റിക്കാര്‍ഡ് പ്രായത്തില്‍ നേടിയതിന്റെ ആഹ്ലാദ തിമിര്‍പ്പിലാണ് ഭാരതത്തിന്റെ ഡി. ഗുകേഷും ആരാധകരും. ഈ ആഘോഷങ്ങളുടെയും ആഹ്ലാദങ്ങളുടെയും അലയൊലികള്‍ കെടും മുമ്പേ അടുത്ത പോരാട്ടങ്ങള്‍ വരികയായി. ജനുവരിയില്‍ റ്റാറ്റാ സ്റ്റീല്‍ വിയ്ക്ക് ആന്‍ സീ ടൂര്‍ണമെന്റാണ് ആദ്യമായി താരത്തിന് മുന്നിലേക്ക് വരുന്ന വെല്ലുവിളി.
18-ാം വയസില്‍ ലോക ചെസ് പ്ലേയര്‍മാരിലെ വമ്പന്‍ താരം ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചുകൊണ്ടാണ് ഗുകേഷ് ജേതാവായത്. ഇതിന്റെ മധുവിധു ആഘോഷമാണ് ഭാരതത്തിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ടീം ലോകകിരീടം സ്വന്തമാക്കിയതിനോളം പോന്ന ആഘോഷമാണ് ഗുകേഷിന്റെ നാടായ ചെന്നൈയില്‍ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ആവേശങ്ങള്‍ക്കിടെ അടുത്തു വരുന്ന മത്സരങ്ങളില്‍ താരം നേടുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. അടുത്ത മാസം നെതര്‍ലന്‍ഡ്സിലാണ് വിയ്ക്ക് ആന്‍ സീ ടൂര്‍ണമെന്റ് നടക്കുക.
ചെസിലെ വിംബിള്‍ഡണ്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ ഗുകേഷ് ലോക കിരീടഭാരം ശിരസിലേറ്റിയ മുഖ്യ താരമാണ്. അതിന് ചേര്‍ന്ന പ്രകടനം വേണം വരുന്ന ഓരോ മത്സരത്തിലും പുറത്തെടുക്കാന്‍. അത് താരത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ലിറനെതിരായ ചാമ്പ്യന്‍ഷിപ്പ് പോര് വിജയിച്ച പാടെ ലോക ചെസില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള മാഗ്നസ് കാഴ്സണും ഫാബിയാനോ കരുവാനയും ആശംസയ്ക്ക് പകരം കടുത്ത വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ലിറനും ഗുകേഷും തമ്മിലുള്ള മത്സരത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇരുവരുടെയും പ്രതികരണം. ഇത് വിശ്വനാഥന് ആനന്ദ് അടക്കമുള്ളവരെ ചൊടിപ്പിക്കുകയും കടുത്ത പ്രതികരണങ്ങളിലേക്കും വിവാദങ്ങളിലേക്കും വഴിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ചൂണ്ടിക്കാണിച്ച വസ്തുതകളില്‍ കഴമ്പുണ്ടെന്നാണ് ചെസ് പണ്ഠിറ്റുകളുടെ വിലയിരുത്തല്‍.
ലിറനെതിരെ ചാമ്പ്യന്‍ഷിപ്പ് പോരില്‍ ഗുകേഷ് കാഴ്ച്ചവച്ച പ്രകടനം കാഴ്സണിനോടോ കരുവാനയോടോ ആയിരുന്നെങ്കില്‍ വില പോവില്ലായിരുന്നു എന്നാണ് പറയുന്ന വിമര്‍ശം. അതേസമയം ഈ വമ്പന്മാരെയെല്ലാം കഴിഞ്ഞ ഏപ്രിലില്‍ നടന്ന കാന്‍ഡിഡേറ്റ്സില്‍ മറികടന്നാണ് ഗുകേഷ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്- ഇക്കാര്യം കൂടി ചേര്‍ത്തുവയ്ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ബാലിശമെന്ന് വേണമെങ്കില്‍ തള്ളിക്കളയാം. ലോക ചാമ്പ്യന്‍ പട്ടത്തിന് യോജിച്ച പോരാട്ട വീര്യം വരുന്ന മത്സരങ്ങളില്‍ ഗുകേഷ് പയറ്റേണ്ടി വരും. അതിനായി ഒരുങ്ങാനുള്ള സമയമാണ് ഇപ്പോഴുള്ളത്.
ഭാരതത്തിലെ ചെസ് താരങ്ങളെ സംബന്ധിച്ച് മുമ്പത്തെക്കാളും ഏറെ അനുഭാവ പൂര്‍വ്വമായ സാഹചര്യമാണുള്ളത്. അതിന്റെ തെളിവാണ് എരിഗേസി, പ്രഗ്നാനന്ദ എന്നിവര്‍ ലോക ചെസിലെ കരുത്തന് താരങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ച.
നെതര്‍ലന്‍ഡ്സിലെ വിയ്ക്ക് ആന്‍ സീ മത്സരത്തില്‍ ഒരുപക്ഷേ കാഴ്സണ് ഉണ്ടാവില്ല. പക്ഷെ മെയ്-ജൂണ്‍ മാസങ്ങളില്‍ നോര്‍വേയില്‍ സ്റ്റാവെഞ്ചര്‍ ഗെയിമില്‍ നേര്‍ക്കുനേര്‍ പോരടിക്കും. ഇതിന് പിന്നാലെ ആഗസ്തില്‍ വരുന്ന സിന്ഘ്ഫീല്ഡ് കപ്പിലും നേര്‍ക്കുനേര്‍ പോരാട്ടം നടക്കാനിടയുണ്ട്. ആ മത്സരം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെയെല്ലാം കടുത്ത വെല്ലുവിളികളാണ് ഗുകേഷിനെ തേടിയിരിക്കുന്നത്.