മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരിയല്‍ ഭാരതത്തിനെതിരെ ബാക്കിയുള്ള രണ്ട് മത്സരങ്ങളിലെ ഓസ്ട്രേലിയന്‍ ടീമില്‍ മാറ്റം. 19കാരനായ സാം കോന്‍സ്റ്റാസിന് ആദ്യമായി അവസരം നല്‍കിയതാണ് അതില്‍ പ്രധാനം. ഓപ്പണര്‍ നഥാന്‍ മക്സ്വീനിക്ക് വിശ്രമം നല്‍കിയാണ് പകരക്കാരനായി പുതുമുഖത്തെ ഉള്‍പ്പെടുത്തിയത്.
നിലവിലെ പരമ്പരയ്ക്കിടെ ഭാരതവും ഓസ്ട്രേലിയയിലെ പ്രൈംമിനിസ്റ്റേഴ്സ് ഇലവനും തമ്മില്‍ കളിച്ച സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് കോന്‍സ്റ്റാസ്. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തില്‍ ഭാരതത്തിന് ജയിക്കാന്‍ സാധിച്ചിരുന്നു. ഈ ജയത്തോളം പ്രാധാന്യമര്‍ഹിക്കുന്ന തിളക്കമായിരുന്നു മത്സരത്തില്‍ കോന്‍സ്റ്റാസ് നേടിയ സെഞ്ച്വറിക്ക്(107).
പരിക്കേറ്റ് പിന്മാറിയ പേസ് ബൗളര്‍ ജോഷ് ഹെയ്സല്‍വുഡിന് പകരക്കാരനാ
യി സീയാന്‍ അബോട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്യൂ വെസ്റ്റര്‍, ജ്യേ റിച്ചാര്ഡ്സണ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. 26ന് ബോക്സി ഡേ ടെസ്റ്റ് ആയാണ് പരമ്പരയിലെ അടുത്ത മത്സരം ആരംഭിക്കുക. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരിയില്‍ സിഡ്നിയിലാണ്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനില പാലിക്കുകയാണ്.