മുംബൈ: തുടക്കത്തിലേ നേടിയ ഏകപക്ഷീയമായ ഒരു ഗോളില്‍ ചെന്നൈയിന് എഫ്സിയെ തോല്‍പ്പിച്ച് മുംബൈ സിറ്റി എഫ്സി. ഐഎസ്എലില്‍ ഇന്നലെ നടന്ന ആദ്യ പോരാട്ടത്തില്‍ നേടിയ ഈ വിജയത്തിലൂടെ മുംബൈ പോയിന്റ് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കി.
ഏഴാം സ്ഥാനത്തായിരുന്ന മുംബൈ സിറ്റി തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന പഞ്ചാബ്, ജംഷെഡ്പുര്‍, ഒഡീഷ ടീമുകളെ മറികടന്നാണ് നാലാം സ്ഥാനത്തേക്കുയര്‍ന്നത്.
മികച്ച പ്രകടനമികവോടെയാണ് മുംബൈ ചെന്നൈയിനെ ഇന്നലെ സ്വന്തം തട്ടകത്തില്‍ നിന്ന് കെട്ടുകെട്ടിച്ചത്. എട്ടാം മിറ്റില്‍ ഗോള്‍ നേടി. ഭാരതത്തിന്റെ സൂപ്പര്‍ താരം ലല്ലിയന്‍സുവാല ഛഗ്തെ പന്തുമായി മൈതാന മധ്യത്തിലൂടെ മുന്നേറി. കുറിയന് പാസിലൂടെ പന്ത് യോവേല്‍ വാന്‍ നീഫിലേക്ക് എത്തിച്ചു. ബോക്സിന് തൊട്ടുമുന്നില്‍ പന്തെത്തിച്ച നീഫില്‍ നിന്നും പന്ത് തട്ടിയെടുക്കാന്‍ ഓടിയടുത്ത ചെന്നൈയിന് പ്രതിരോധ താരം റയാന് എഡ്വാര്‍ഡ്സിനെയും മറികടന്ന് പന്ത് നികോസ് കരേലിസിലേക്ക് നേട്ടീ. കരേലിസിന്റെ മികച്ചൊരു ഫിനിഷില്‍ മുംബൈ ഗോള്‍ ആഘോഷിച്ചു.