മുംബൈ: മുന്‍ ഭാരത ക്രിക്കറ്റര്‍ വിനോദ് കാംബ്ലി ആശുപത്രിയില്‍. ഒരാഴ്ച്ചയിലേറെയായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരുന്ന കാംബ്ലി ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ശനിയാഴ്ച്ച ക്രിക്കറ്റ് പരിശീലന രംഗത്ത് പ്രസിദ്ധനായ അന്തരിച്ച രമാകാന്ത് അച്ചരേക്കറുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ കാംബ്ലിക്ക് അപകടകരമായ അവസ്ഥയിലൊന്നുമല്ല. എങ്കിലും ഗുരുതര പ്രശ്നങ്ങളാണ് നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
52 കാരനായ കാംബ്ലിയുടെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെയും കരിയറിലെ ആദ്യകാല പരിശീലകനാണ് രമാകാന്ത് അച്ചരേക്കര്‍. സച്ചിനൊപ്പം ഭാരത ക്രിക്കറ്റ് ടീമിലേക്ക് എത്തിയ കാംബ്ലി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തുടക്ക കാലത്ത് ഗംഭീര പ്രകടനം കാഴ്ച്ചവച്ച് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞതോടെ താരത്തിന് കരിയറില്‍ സ്ഥിരത പുലര്‍ത്താനായില്ല. പിന്നീട് ടീമില്‍ നിന്നും ഭാഗീകമായി പുറത്താകേണ്ട സ്ഥിതിയിലെത്തി. പിന്നെ തീരെ ടീമില്‍ ഉള്‍പ്പെടുത്താനാവാത്ത സ്ഥിതിയിലായി.
ഏതാനും വര്‍ഷങ്ങളായി ഭയങ്കരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു.