ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. ബീഹാറിനെ 133 റണ്‍സിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബീഹാര്‍ 133 റണ്‍സിന് ഓള്‍ഔട്ടായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 33 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് ആനന്ദ് കൃഷ്ണന്റെയും രോഹന് കുന്നുമ്മലിന്റെയും കൃഷ്ണപ്രസാദിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീന്റെ പ്രകടനമാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അബ്ദുള്‍ ബാസിദിനും ക്യാപ്റ്റന്‍ സല്മാന് നിസാറിനുമൊപ്പം അസറുദ്ദീന് ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. അബ്ദുള്‍ ബാസിദ് 35ഉം സല്മാന് നിസാര്‍ 52ഉം റണ്‍സെടുത്തു. മുഹമ്മദ് അസറുദ്ദീന് 88 റണ്‍സെടുത്ത് പുറത്തായി.
അവസാന ഓവറുകളില്‍ 45 പന്തുകളില്‍ നിന്ന് 54 റണ്‍സെടുത്ത അഖില്‍ സ്കറിയയും കേരള ബാറ്റിങ് നിരയില്‍ തിളങ്ങി. ബീഹാറിന് വേണ്ടി പ്രശാന്ത് കുമാര്‍ സിങ്ങും ക്യാപ്റ്റന്‍ സക്കീബുള്‍ ഗാനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബീഹാറിന് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ ഓപ്പണര്‍ ബിപിന്‍ സൗരഭിന്റെ വിക്കറ്റ് നഷ്ടമായി. 13കാരനായ കൗമാര വിസ്മയം വൈഭവ് സൂര്യവംശി 18 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയവര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ വന്നതോടെ 41.2 ഓവറില്‍ 133 റണ്‍സിന് ബീഹാര്‍ ഓള്‍ഔട്ടായി. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സക്കീബുള്‍ ഗാനിയാണ് ബീഹാറിന്റെ ടോപ് സ്കോറര്‍. കേരളത്തിന് വേണ്ടി ആദിത്യ സര്‍വാടെയും അബ്ദുള്‍ ബാസിദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി