ന്യൂദല്‍ഹി: രണ്ടാം പകുതിയിലെ ചുവപ്പുകാര്ഡുകള്ക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തെ തടയാനായില്ല. ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. 44ാം മിനിറ്റില്‍ മൊറോക്കന്‍ താരം നോവ സദൂയിയാണു ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ നേടിയത്. 42ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ നോവ സദൂയിയെ പഞ്ചാബിന്റെ സുരേഷ് മെയ്തെയ് ഫൗള്‍ ചെയ്തതിനാണു റഫറി പെനാല്‍റ്റി അനുവദിച്ചത്. സദൂയി ക്ക് പെനാല്‍റ്റി പിഴച്ചില്ല.
57ാം മിനിറ്റില്‍ പഞ്ചാബിന്റെ മലയാളി താരം ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിന്‍കിച്ച് രണ്ടാം യെല്ലോ കാര്‍ഡ് കണ്ടു പുറത്തായി. 74ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനെ അപകടകരമായി ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന്റെ അയ്ബന്‍ബ ഡോലിങ്ങും ചുവപ്പു കാര്‍ഡ് കണ്ടു. അവസാന 15 മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കളിച്ചത് ഒന്‍പതു പേരുമായി. റഫറി നല്കിയ ഏഴു മിനിറ്റ് അധിക സമയത്തും സമനില പിടിക്കാന്‍ പഞ്ചാബ് പരമാവധി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോളി സച്ചിന് സുരേഷും ചെറുത്തു നിന്നു. ബ്ലാസ്റ്റേഴ്സിന് ഇത് സീസണിലെ അഞ്ചാം ജയം.
പതിനഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 17 പോയിന്റുകളുമായി ഒന്‍പതാം സ്ഥാനത്താണ്. 13ന് ഒഡിഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.