തിരക്ക് പിടിച്ച ജീവിതത്തിൽ രണ്ടു ദിവസം മാറ്റി വെക്കാൻ ഉണ്ടെങ്കിൽ ഒരു യാത്ര പോയി വരാം. അതും നമ്മുടെ കേരളത്തിന് പുറത്ത് ബീച്ച് വൈബിൽ. പറഞ്ഞുവരുന്നത് പോണ്ടിച്ചേരിയെക്കുറിച്ചാണ്. ചെലവ് വെറും രണ്ടായിരത്തിനുള്ളിൽ. ചെന്നൈയോട് അടുത്ത് കിടക്കുന്ന ഒരു കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി അഥവാ പോണ്ടിച്ചേരി. എറണാകുളത്ത് നിന്ന് 518 കിലോമീറ്ററാണ് പുതുച്ചേരിയിലേക്കുള്ള ദൂരം.
ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ട്രെയിൻ തന്നെയാണ് ഏറ്റവും നല്ലത്. ഞായർ, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്നാണ് പുതുച്ചേരിയിലേക്ക് നേരിട്ട് ട്രെയിനുള്ളത്.
അതല്ലായെങ്കിൽ മറ്റു സ്റ്റേഷനുകളിൽ നിന്ന് സേലത്തേക്കുള്ള ട്രെയിൻ കേറാം. അവിടുന്ന് ഏഴു മണിക്കൂറോളം ബസ് യാത്ര ചെയ്താൽ പുതുച്ചേരിയിലെത്താം. ട്രെയിനിൽ ആണേൽ സീറ്റ് ബുക്ക് ചെയ്തു പോകുന്നതാവും നല്ലത്. അല്ലെങ്കിൽ ജനറൽ കോച്ചിലെ ഉന്തിലും തള്ളിലും യാത്രയുടെ വൈബ് തന്നെ പോകാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ താരതമ്യേന തിരക്ക് കുറഞ്ഞ റോഡായതു കൊണ്ട് തന്നെ യാത്ര സുഗമമായിരിക്കും.

വൈറ്റ് ടൗൺ
സിനിമകളിലൊക്കെ നായകനും നായികയും ഒക്കെ കൈ പിടിച്ചു നടക്കുന്ന ബോഗൻ വില്ല പൂത്തുലഞ്ഞ ഫ്രഞ്ച് സ്റ്റൈൽ മതിലുകൾ ആണ് വൈറ്റ് ടൗണിന്റെ ഭംഗി. വൈകുന്നേരമൊക്കെ ആണേൽ നല്ല തണുത്ത കാറ്റും കൊണ്ട് സ്ട്രീറ്റിലൂടെ നടക്കാം.

പച്ച, മഞ്ഞ നിറത്തിലുള്ള മതിലുകൾ ബാക്ക് ഗ്രൗണ്ടാക്കി ഫോട്ടോ പകർത്തി ഓർമ്മ ചെപ്പിലാക്കാം. നല്ല ആമ്പിയൻസ് ഉള്ള കഫേകളും അവിടെ കാണാം. ഒപ്പം സാധാരണ താരിഫ് മുതൽ ഉയർന്ന നിരക്കിൽ വരെ താമസ സ്ഥലവും ലഭ്യമാണ്.

റോക്ക് ബീച്ച്
വൈറ്റ് ടൗൺ ചുറ്റി കറങ്ങി നേരെ റോക്ക് ബീച്ചിലെത്തിയാൽ ഗോവ വൈബ് ആണ്. ബീച്ചിൽ തന്നെ ഫ്രഞ്ച് യുദ്ധ സ്മാരകം കാണാം. ബീച്ചിന് സമീപം ഒരുപാട് തട്ടുകടകൾ ഉണ്ട്. പല തരത്തിലുള്ള നോർത്ത് ഇന്ത്യൻ രുചികൾ അവിടെ കിട്ടും. അതൊക്കെ പരീക്ഷിച്ചു നോക്കാവുന്നതാണ്. ബീച്ചിൽ കടലിനഭിമുഖമായി കൽ പലകകൾ കൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. അവിടിരുന്നു കടലിലേക്ക് നോക്കി എത്ര നേരം വേണമെങ്കിലും ഓർമ്മകൾ അയവിറക്കാം. ചെറുതും വലുതുമായ ഭക്ഷണ ശാലകളും അവിടെ ലഭ്യമാണ്.

ഓറോവില്ലെ
വൈറ്റ് ടൗണും റോക്ക് ബീച്ചും കഴിഞ്ഞാൽ രണ്ട് ദിവസത്തെ യാത്രയിൽ ഉൾപെടുത്താൻ പറ്റിയ മറ്റൊരിടം ആരോ വില്ലെയാണ്. ഓറോവില്ലെ പോണ്ടിച്ചേരിക്ക് സമീപം ആണെങ്കിലും തമിഴ്നാട് വില്ലുപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഓറോവില്ലെ പോണ്ടിച്ചേരി സന്ദർശനത്തിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു ഇടമാണ്.
ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി ആളുകൾ ഇവിടെ ജാതി, മത ഭേദമന്യേ ഒരു സാംസാകാരിക സമൂഹമായി ഒരുമിച്ചു ജീവിക്കുന്നുണ്ട്. പോണ്ടിച്ചേരിയിൽ നിന്ന് വെറും 12 കിലോമീറ്റർ സഞ്ചാരിച്ചാൽ ഇവിടെ എത്താം. 1968ൽ മിറ അൽഫാസ ആണ് ഈ നഗരം സ്ഥാപിക്കുന്നത്. സ്വർണ നിറത്തിൽ മകുടം പോലെ തോന്നിക്കുന്ന മാത്രി മന്ദിർ ആണ് പ്രധാന ആകർഷണം. ഫ്രാൻസ് പോലുള്ള പല രാജ്യങ്ങളിൽ നിന്നും പലരും ഗവണ്മെന്റ് ഫണ്ടിങ്ങോടു കൂടി ഇവിടെ കഴിയുന്നുണ്ട്.
ഓറോവില്ലെ ഒരു ആസൂത്രിത ടൗൺഷിപ്പാണ്. സുസ്ഥിരമായ ജീവിതം സാഹചര്യം കെട്ടി പടുക്കലാണ് അതിന്റെ ലക്ഷ്യം. കറൻസിക്ക് പകരം വിനിമയത്തിനായി ഓട്ടോ കാർഡാണ് ഇവർ ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം എന്നൊക്കെ പറയുന്ന പോലെ ഒരു സംവിധാനം.
ബോട്ടാനിക്കൽ ഗാർഡൻ
പോണ്ടിച്ചേരിയിൽ ചുരുങ്ങിയ സമയത്തിൽ സന്ദർശിക്കാൻ പറ്റിയ മറ്റൊരു സ്ഥലം ബോട്ടാണിക്കൽ ഗാർഡനാണ്. 10രൂപയാണ് പ്രവേശന ഫീസ്. ചെറിയൊരു തുക കൊടുത്താൽ അവരുടെ ട്രെയിനിൽ ബോട്ടാണിക്കൽ ഗാർഡൻ മുഴുവൻ ചുറ്റിക്കാണാം. 1500ഓളം വ്യത്യസ്ത ഇനം വൃക്ഷങ്ങളാണ് ഇവിടെ ഉള്ളത്. പോണ്ടിച്ചേരി പഴയ ബസ് സ്റ്റാൻഡിനു അടുത്ത് തന്നെയാണ് ബോട്ടാണിക്കൽ ഗാർഡൻ.

ബജറ്റ് ഫ്രണ്ട്ലി യാത്രയിൽ എപ്പഴും കഷ്ടപ്പാട് ചെലവ് കുറഞ്ഞ താമസ സ്ഥലം കണ്ടു പിടിക്കലാണ്. 400രൂപ മുതൽ താമസ സൗകര്യം കിട്ടും. പോണ്ടിച്ചേരി ചുറ്റിക്കാണാൻ ഓട്ടോയും ടാക്സിയും ഒക്കെ പിടിച്ചു കഷ്ടപ്പെടണമെന്നില്ല.
ഡ്രൈവിങ് ലൈസൻസും ആധാർ കാർഡിന്റെ പകർപ്പും നൽകിയാൽ ചെറിയ നിരക്കിൽ സ്കൂട്ടറുകൾ വാടകക്ക് ലഭിക്കും. 300 രൂപ മുതലാണ് ഒരു ദിവസത്തെ വാടക. പോണ്ടിച്ചേരിയിലെ കാഴ്ചകൾ ഇവിടൊന്നും കൊണ്ടു തീരുന്നതല്ല. ഏതൊരു യാത്രക്കും അൽപം പ്ലാനിംഗ് നല്ലതാണ്. എന്തായാലും ഗോവക്കു ട്രിപ്പ് പ്ലാൻ ചെയ്ത് നടക്കാതെ പോയവർക്ക് ട്രൈ ചെയ്യാൻ പറ്റിയ സ്ഥലമാണ് പോണ്ടിച്ചേരി.