ഒട്ടാവ: 20 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ച് കാനഡ. അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് അമേരിക്കന്‍ നികുതി ചുമത്തിയതിന് പിന്നാലെയാണ് കാനഡ 29.8 ബില്യണ്‍ കാന്‍ ഡോളര്‍ (20.7 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുന്ന കനേഡിയന്‍ താരിഫ് കമ്പ്യൂട്ടറുകളും സ്പോര്‍ട്സ് ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളെ ബാധിക്കുമെന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കനേഡിയന്‍ അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് 25 ശതമാനം ലെവി ചുമത്തിയതിന് മറുപടിയായായാണ് കാനഡയുടെ നടപടി. ഇത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ലെബ്ലാങ്ക് വിശേഷിപ്പിച്ചു.
Also Read: ഓസ്ട്രേലിയയില്‍ സ്കൂളിലെ പാറയില്‍ നിന്ന് കണ്ടെത്തിയത് 66 ദിനോസര്‍ കാല്‍പ്പാടുകള്‍
കാനഡ, മെക്സിക്കോ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് 25 ശതമാനം തീരുവ ഈടാക്കുമെന്ന് കഴിഞ്ഞ മാസം അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഒരു മാസത്തേക്ക് തീരുവ നടപടികള്‍ ട്രംപ് മരവിപ്പിച്ചിരുന്നു. മരവിപ്പിക്കല്‍ കാലാവധി കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇളവില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിനൊപ്പം തന്നെ ചൈനക്കെതിരെ 10 ശതമാനം അധിക തീരുവയും ഇന്ന് മുതല്‍ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
The post അടിക്ക് തിരിച്ചടി; 20 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ച് കാനഡ appeared first on Malayalam News, Kerala News, Political News | Express Kerala.