
തിന്മയെ മറികടന്ന് നേടിയ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഒരു ഉത്സവമാണ് ഹോളി. വർണാഭമായ ഈ ആഘോഷത്തിന് പിന്നിലെ ഐതിഹ്യം പലർക്കും അജ്ഞാതമാണെങ്കിലും, ഇതിന് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കഥയുണ്ട്. ഹോളി ആഘോഷിക്കുന്നതിന് പിന്നിലെ കഥ അസുര സ്ത്രീയായ ഹോളികയുമായി ബന്ധപ്പെട്ടതാണ് എന്നത് പലർക്കും അറിയില്ല. ഹോളിക എന്ന അസുരൻ സ്ത്രീയുടെ ഈ പേരിൽ നിന്നാണ് “ഹോളി” എന്ന പദം ഉരുത്തിരിഞ്ഞത് പോലും. മഹാ വിഷ്ണുവിൻ്റെ പത്ത് അവതാരങ്ങളിൽ നാലാമത്തേതായ നരസിംഹാവതാരവുമായി ഹോളി ആഘോഷങ്ങൾക്ക് ബന്ധമുണ്ട്.
ഹോളികയുടെ സഹോദരനായിരുന്നു ഹിരണ്യകശിപു എന്ന അഹങ്കാരിയും ശക്തനുമായ അസുരൻ. ഹിരണ്യകശിപു ബ്രഹ്മാമാവിനെ തപസ് ചെയ്ത് വരം നേടുകയും അതിൻ്റെ ശക്തിയാൽ ഹിരണ്യകശിപു ദേവലോകം ആക്രമിച്ചു കീഴടക്കി ദേവന്മാരെ സ്ഥാനഭ്രഷ്ടരാക്കി. അധികാരത്തിന്റെ മദത്തിൽ ഈശ്വരനെപ്പോലെ പൂജിക്കപ്പെടാൻ ഹിരണ്യകശിപു ആഗ്രഹിച്ചു. അതിനായി ഹിരണ്യകശിപു തന്റെ രാജ്യത്ത് വിഷ്ണു ദേവനെ പൂജിക്കുന്നതും പ്രാർത്ഥിക്കുന്നതും നിരോധിച്ചു.
എന്നാൽ, ഹിരണ്യകശിപുൻ്റെ പുത്രനായ പ്രഹളാദൻ, മഹാവിഷ്ണുവിൻ്റെ തികഞ്ഞ ഭക്തനായിരുന്നു. അദ്ദേഹം തൻ്റെ പിതാവിൻ്റെ ആഗ്രഹത്തെ അനുസരിക്കാൻ വിസമ്മതിച്ചു മഹാവിഷ്ണു പൂജയും പ്രാർത്ഥനയുമായി ജീവിച്ചു. ഇത് കാരണം, ഹിരണ്യകശിപുവിന് തൻ്റെ പുത്രനോട് കടുത്ത ശത്രുത ഉണ്ടായി. പല രീതിയിൽ പ്രഹളാദനെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും അതിലെല്ലാം പരാജയപ്പെടുകയാണുണ്ടായത് അവസാനം ഹിരണ്യകശുപു തൻ്റെ സഹോദരിയായ ഹോളികയുടെ സഹായം തേടി.
ഹോളികയ്ക്ക് അഗ്നിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് അഗ്നിയിൽ നിന്നും യാതൊരു അപകടവും ഉണ്ടാവില്ലായിരുന്നു. ഹിരണ്യകശിപു ഹോളികയോട് പ്രഹളാദനെ ഹോളികയുടെ മടിയിൽ വച്ച് അഗ്നിയിൽ ഇരിക്കാൻ ആജ്ഞാപിച്ചു. ഹോളിക അത് സമ്മതിച്ചു. എന്നാൽ, അഗ്നിയിൽ പ്രവേശിച്ചപ്പോൾ, ഹോളിക അഗ്നിക്കിരയാവുകയും ഭക്തനായ പ്രഹളാദൻ മാത്രം ഒരു പോറൽ പോലും ഇല്ലാതെ രക്ഷപ്പെട്ടു. മഹാവിഷ്ണുവിനോടുള്ള അചഞ്ചലമായ ഭക്തിയും മനസ്സിന്റെ നിഷ്കളങ്കതയുമാണ് പ്രഹളാദനെ രക്ഷിച്ചത്.
ഈ സംഭവം നന്മയുടെയും ശുദ്ധിയുടെയും വിജയത്തെ പ്രതിനിധീകരിക്കുന്നു. ഈ സംഭവത്തെ ഓർമ്മിക്കുന്നതിനായി, ഹോളിയുടെ തലേന്ന് പൗർണ്ണമി രാത്രിയിൽ ഒരു വലിയ അഗ്നികുണ്ഡം നിർമ്മിച്ച്, അതിന് ചുറ്റും ആടിയും പാടിയും ആളുകൾ ആഘോഷിക്കുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി അടുത്ത ദിവസം ആഘോഷിക്കുന്നു. ഇങ്ങനെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഒരു ആഘോഷമാണ് ഹോളി. ഈ ആഘോഷം നന്മയുടെ വിജയത്തെയും ജീവിതത്തിലെ സന്തോഷത്തേയും പ്രതിഫലിപ്പിക്കുന്നു. ഹോളിയുടെ അവസരത്തിൽ ജനങ്ങളെ ഒന്നിച്ചു കൂട്ടുകയും ആഘോഷിക്കുകയും ചെയ്യുന്നു.