
ദിനംപ്രതി ചൂടേറുമ്പോള്‍ നമ്മുടെ അരുമ മൃഗങ്ങളും പ്രയാസപ്പെടുകയാണ്. അവയ്ക്ക് മതിയായ അളവില്‍ വെള്ളവും വിഹരിക്കാന്‍ തണലും കൂട്ടില്‍ കൃത്യമായ വായുസഞ്ചാരവുമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ഇതാ 5 കാര്യങ്ങള്‍.
ശരീരത്തില്‍ ജലാംശം ഉറപ്പുവരുത്തുക
ചൂടുകാലത്ത് മനുഷ്യരെ പോലെ മൃഗങ്ങളും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. അതിനാല്‍ അരുമ മൃഗങ്ങളുടെ ശരീരത്തില്‍ ജലാംശം ഉറപ്പാക്കുന്നതിനായി കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. ശുദ്ധജലം മതിയായ വലിപ്പമുള്ള പാത്രത്തിലൊഴിച്ച് അവയ്ക്ക് നല്കാന് ശ്രദ്ധിക്കുക. തീരുന്നതിന് അനുസരിച്ച് പാത്രം നിറച്ചുകൊടുക്കുകയും വേണം.
പുറത്തെ കറക്കം പരിമിതപ്പെടുത്തുക
കനത്ത വെയിലുള്ളപ്പോള്‍ പൂച്ചയോ നായയോ പോലുള്ള വളര്‍ത്തുമൃഗങ്ങളെ തുറസ്സായ പ്രദേശങ്ങളില്‍ വിഹരിക്കാന്‍ വിടരുത്. രാവിലെയോ വൈകുന്നേരമോ താപനില കുറവായിരിക്കുന്ന സമയങ്ങളില്‍ പുറത്തുവിടാം. വെയിലേറ്റ് കോണ്‍ക്രീറ്റ് തറകള്‍ ചൂടാകുന്നതിനാല്‍ അവയുടെ കാലുകള്‍ക്കും കിടന്നാല്‍ ശരീരത്തിലും ചൂടേല്ക്കുമെന്നത് ഓര്‍ക്കുക. അതിനാല്‍ അത്തരം സമയങ്ങളില്‍ പുല്ലുള്ള ഇടങ്ങളിലൂടെ മാത്രം നടത്തിക്കുക.
തണലും വായുസഞ്ചാരവും ഉറപ്പാക്കുക
വളര്‍ത്തുമൃഗത്തിന് വിശ്രമിക്കാന്‍ തണുത്തതും തണലുള്ളതുമായ സ്ഥലങ്ങള്‍ ഒരുക്കി നല്‍കുക. കൂട്ടില്‍ ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പുറത്ത് സമയം ചെലവഴിക്കുമ്പോള്‍ മരത്തണലത്താണെന്ന് ഉറപ്പാക്കുക. കൂട്ടില്‍ ഫാന്‍ അല്ലെങ്കില്‍ കൂളര്‍ സൗകര്യം വയ്ക്കാനായാല്‍ അത്രയും നല്ലത്.
ഹീറ്റ് സ്ട്രോക്ക് ശ്രദ്ധിക്കുക
മനുഷ്യരെപ്പോലെ വളര്‍ത്തുമൃഗങ്ങളും ഹീറ്റ് സ്ട്രോക്ക് നേരിടാം. അമിതമായ ശ്വാസംമുട്ടല്‍, ഉമിനീര്, അലസത, ഛര്‍ദ്ദി, തളര്‍ച്ച എന്നിവ കാണിക്കുന്നുണ്ടെങ്കില്‍ ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങളാകാം. അത് സംശയിക്കുന്ന ഘട്ടത്തില്‍ മൃഗത്തെ തണലത്തേക്ക് മാറ്റി കുടിക്കാന്‍ വെള്ളം നല്‍കുക. ശരീരത്തില്‍ വെള്ളമൊഴിച്ച് കുളിര്‍മ പകരുകയും ചെയ്ത ശേഷം ഡോക്ടറെ സമീപിക്കാം.
കാറില്‍ ഇരുത്തി പോകാതിരിക്കുക
ചൂടുകാലത്ത് ഒരിക്കലും വളര്‍ത്തുമൃഗങ്ങളെ കാറുകളില്‍ തനിച്ചാക്കി പോകരുത്. പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലെ താപനില മിനിട്ടുകള്‍ക്കുള്ളില്‍ അപകടകരമായ നിലയിലേക്ക് ഉയരും, ഇത് അവയുടെ ശാരീരിക നില തകരാറിലാക്കുകയും ചാകാന്‍ വരെ കാരണമാവുകയും ചെയ്യും. വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവയെ നിങ്ങളോടൊപ്പം കൊണ്ടുപോവുക.