ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷനായ ഫിഡെയെ വെല്ലുവിളിച്ച് നോര്‍വ്വെയുടെ ചെസ് താരവും അഞ്ച് തവണ ലോകചാമ്പ്യനുമായ മാഗ്നസ് കാള്സന് ധരിച്ചു വന്ന ജീന്‍സ് ലേലത്തില്‍ വിറ്റുപോയത് 31 ലക്ഷം രൂപയ്ക്ക്.
ഫിഡെയുടെ നിയമപ്രകാരം ചെസ് മത്സരത്തിന് ഫോര്‍മല്‍ ഡ്രസുകള്‍ മാത്രമേ ധരിക്കാന്‍ പാടൂ എന്നുണ്ട്. ഇതറിഞ്ഞിട്ടും ഫിഡെയെ വെല്ലുവിളിച്ച് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക റാപ്പിഡ് ചെസ് മത്സരത്തില്‍ മനപൂര്‍വ്വം ജീന്‍സ് ധരിച്ച് എത്തുകയായിരുന്നു മാഗ്നസ് കാള്സന്. എന്നാല്‍ മാഗ്നസ് കാള്‍സന്റെ ഈ നടപടി ധിക്കാരമാണെന്ന് കളി നിയന്ത്രിക്കുന്ന റഫറി കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. ഫിഡെ വൈസ് പ്രസിഡന്റായ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ഈ ശിക്ഷാനടപടി ശരിവെയ്ക്കുകയും ചെയ്തു. ഇതോടെ മാഗ്നസ് കാള്സന് ഈ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തിരിക്കേണ്ടിയും വന്നു.
മാഗ്നസ് കാള്സന് തന്നെയാണ് ആ വിവാദ ജീന്‍സ് ഒരു ഇ-കൊമേഴ്സ് വെബ് സൈറ്റായ ഇ-ബേയില്‍ ലേലത്തില്‍വെച്ചത്. 22 പേരോളം ലേലത്തില്‍ പങ്കെടുത്തു. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ കോര്‍ണേലിയാനിയുടെ ഈ റെഗുലര്‍ ഫിറ്റ് ജീന്‍സിന് വിപണിയില്‍ ഏകദേശം 25,000 മുതല്‍ 50,000 രൂപ വരെയാണ് വില. എന്നാല്‍ വാശിയേറിയ ലേലത്തില്‍, മാഗ്നസ് കാള്‍സന്റെ വിവാദകഥയുടെ പശ്ചാത്തലമുള്ളതിനാല്‍ 31 ലക്ഷത്തിനാണ് വിറ്റുപോയത്.
ലേലത്തിലൂടെ ലഭിക്കുന്ന തുക ‘ബിഗ് ബ്രദേഴ്സ്, ബിഗ് സിസ്റ്റേഴ്സ്’ എന്ന സംഘടനയ്ക്ക് നല്‍കുമെന്ന് കാള്സന് അറിയിച്ചു. കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. താരത്തിന്റെ ഈ പ്രവൃത്തിക്ക് സംഘടനയുടെ സി.ഇ.ഒ ആര്‍ട്ടിസ് സ്റ്റീവന്‍സ് നന്ദി പറയുകയും ചെയ്തു. 12.3 ലക്ഷം രൂപവരെയെത്തി നിന്ന ലേലത്തുക, അവസാന മണിക്കൂറികളില്‍ വാശിയേറിയ ലേലത്തെ തുടര്‍ന്ന് വില കുതിച്ചുയരുകയായിരുന്നു.
ഫിഡെയ്ക്ക് വീണ്ടും ആഘാതം നല്കി മാഗ്നസ് കാള്സന്
തുടര്‍ച്ചയായി ഫിഡെയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന മാഗ്നസ് കാള്സന് വീണ്ടും മറ്റൊരു ആഘാതം കൂടി ഏല്പിക്കുകയായിരുന്നു ഈ ജീിന്സ് ലേലത്തിലൂടെ എന്ന് പറയപ്പെടുന്നു. ഫിഡെ എന്ന ഏജന്‍സിയെ വെല്ലുവിളിച്ച് കൊണ്ട് സമാന്തരമായി ഫ്രീസ്റ്റൈല്‍ ചെസ് എന്ന ചെസ് ഗെയിം പ്രചരിപ്പിക്കുകയും ഈ രീതിയില്‍ ഗ്രാന്റ് മാസ്റ്റര്‍മാരെ പങ്കെടുപ്പിച്ച് ആഗോള ചെസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുകയാണ് മാഗ്നസ് കാള്സന്. ഈയിടെ ജര്‍മ്മനിയില്‍ സംഘടിപ്പിച്ച ഫ്രീസ്റ്റൈല്‍ ചെസില്‍ ലോക ചാമ്പ്യനായ ഗുകേഷിനെ വരെ പങ്കെടുപ്പിച്ചിരുന്നു. വന്‍സമ്മാനത്തുക പ്രഖ്യാപിക്കുന്നതിനാല്‍ ഗ്രാന്റ് മാസ്റ്റര്മാരെല്ലാം മാഗ്നസ് കാള്‍സന്റെ ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ പങ്കെടുക്കാന്‍ ഏറെ ആവേശം പ്രകടിപ്പിക്കുന്നുമുണ്ട്. ഇതുവരെ വന്‍ ഗ്രാന്റ് മാസ്റ്റര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഗോള ചെസ് മത്സരം ഫിഡെ മാത്രമേ സംഘടിപ്പിക്കാറുണ്ടായിരുന്നുള്ളൂ. അതിനെ വെല്ലുവിളിച്ചാണ് മാഗ്നസ് കാള്സന് ഫ്രീസ്റ്റൈല്‍ ചെസ് മത്സരം ജര്‍മ്മനിയില്‍ സംഘടിപ്പിച്ചത്.
ഫിഡെയെ വെല്ലുവിളിച്ച് ധരിച്ച ജീന്‍സ് ലേലത്തില്‍ 31 ലക്ഷം രൂപയ്ക്ക് വിറ്റ് പേരെടുത്ത മാഗ്നസ് കാള്‍സനില്‍ നിന്നും അടുത്ത എന്ത് ആഘാതമാണ് ഫിഡെയ്ക്ക് കിട്ടാന്‍ പോകുന്നത് എന്ന് ഉറ്റുനോക്കുകയാണ് ചെസ് ലോകം. ഫിഡെ തന്റെ മുന്പില് ഒന്നുമല്ല എന്ന സന്ദേശം നല്‍കുകയാണ് മാഗ്നസ് കാള്‍സന്റെ ലക്ഷ്യം. പണ്ട് പ്രതിഭാധനനായ റഷ്യന്‍ ചെസ് താരം ഗാരി കാസ്പറോവും ഇതുപോലെ ഫിഡെയെ വെല്ലുവിളിച്ചിരുന്നു. പക്ഷെ അന്ന് അന്തിമവിജയം ഫിഡെയ്ക്കായിരുന്നു. ചരിത്രം ആവര്‍ത്തിക്കുകയാണ്. പ്രതിഭാധനനായ മാഗ്നസ് കാള്സന് ഫ്രീസ്റ്റൈല്‍ ചെസ്സിലൂടെ ഫിഡെയെ വെല്ലുവിളിക്കുമ്പോള്‍ ആനന്ദും കൂട്ടരും മാഗ്നസ് കാള്‍സനെതിരെ ഭാവിയില്‍ എന്ത് തന്ത്രമായിരിക്കും ഇറക്കുക