അടിമാലി: അവധിക്കാലമായതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാർച്ചിലെ അപേക്ഷിച്ച് സന്ദർശകുടെ എണ്ണം വൻതോതിൽ വർധിച്ചു. പുഷ്പമേളയും ഫെസ്റ്റും ഒക്കെയായി നാടും ഉത്സവലഹരിയിലാണ്. അവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂടുതൽ എത്തുന്നത് മൂന്നാറിലും തേക്കടിയിലുമാണ്. തേക്കടിയിൽ പുഷ്പമേള തുടങ്ങി. മേയ് ആദ്യവാരം മൂന്നാറിൽ പുഷ്പമേളയും ഇതേസമയം അടിമാലിയിൽ അടിമാലി ഫെസ്റ്റും തുടങ്ങും.
അടിമാലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡിസംബറിൽ നടത്തിയിരുന്ന ഫെസ്റ്റ് ഇക്കുറി മേയിലേക്ക് മാറ്റുകയായിരുന്നു. പ്രജനന കാലത്തിന് ശേഷം ഏപ്രിൽ ഒന്നുമുതലാണ് വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനം തുറന്നത്. ഇവിടെ സഞ്ചാരികളുടെ വൻതിരക്കാണ്.

മാട്ടുപ്പെട്ടി ഡാമിലെ ബോട്ടിങ്
മാട്ടുപ്പെട്ടി, കുണ്ടള ഡാം, ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവട, മറയൂർ, ചിന്നാർ വന്യജീവി സങ്കേതം, ഷോല നാഷണൽ പാർക്ക്, മതികെട്ടാൻ ഷോല നാഷണൽ പാർക്ക്, വാഗമൺ, തേക്കടി കടുവ സങ്കേതം, കാട്ടാനകൾ കൂട്ടത്തോടെ എത്തുന്ന ആനക്കുളം എന്നിവിടങ്ങളിലെല്ലാം വലിയ സന്ദർശക തിരക്കാണ്.
ഗ്യാപ് റോഡിലൂടെയുള്ള കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് യാത്രയുടെ എല്ലാ ട്രിപ്പിലും സഞ്ചാരികളുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ളവരാണ് ബസ് യാത്രക്കായി കൂടുതലെത്തുന്നതെന്ന് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജില്ല കോഓഡിനേറ്റർ രാജീവ് പറഞ്ഞു.
മറ്റു കേന്ദ്രങ്ങളിലും വലിയതോതിൽ സന്ദർശകരുടെ തിരക്കുണ്ട്. ജില്ലയിലേക്കെത്തുമ്പോൾ ആദ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ചീയപ്പാറ വെള്ളച്ചാട്ടത്തിൽ വലിയ തിരക്കാണ്.

ചീയപ്പാറ വെള്ളച്ചാട്ടം
റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വില്ലകൾ എന്നിവിടങ്ങളിലെ ബുക്കിങ് കാര്യമായി വർധിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലും കച്ചവടവും തിരക്കും വർധിച്ചു.
സന്ദർശകർ കുറഞ്ഞതിനാൽ കഴിഞ്ഞ മാസം വരെ കച്ചവടമില്ലാതെ അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങളിലേറെയും വീണ്ടും തുറന്നു. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്ക് നടുവിലാണ് മൂന്നാർ. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്.
രണ്ട് മാസത്തോളം അവധിക്കാലമായതിനാൽ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ.