പുനലൂർ: കടുത്ത വരൾച്ചയിൽ നീരൊഴുക്ക് തീരെ ഇല്ലാതായതോടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആര്യങ്കാവ് പാലരുവി ചൊവ്വാഴ്ച അടക്കും. അറ്റകുറ്റപണി നടത്തി ആവശ്യത്തിന് വെളളവും എത്തിയതിന് ശേഷമേ ഇനി ജലപാതത്തിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
ഈ മേഖലയിലെ മറ്റൊരു ജലപാതമായ അച്ചൻകോവിൽ കുംഭാവുരുട്ടി നേരുത്തെ അടച്ചിരുന്നു. ഈ അരുവികളിൽ വെള്ളമെത്തുന്ന അതിർത്തി മലയോരത്ത് കടുത്ത വരൾച്ചയാണ് അനുഭവപ്പെടുന്നത്. പരിസര പ്രദേശങ്ങളായ തെന്മല, കുളത്തുപ്പുഴ, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിൽ വേനൽ മഴ ധാരാളം ലഭിക്കുമ്പോഴും ആര്യങ്കാവ്, അച്ചൻകോവിൽ വനമേഖലയിൽ മഴ വളരെ കുറവാണ്. ഇടിക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും അരുവികളിലെ സമൃദ്ധമായ നീരൊഴുക്ക് ഇല്ലാതയോതോടെ അരുവികൾ വറ്റുകയായിരുന്നു.
അതേസമയം കടുത്ത വേനലും അവധിക്കാലവുമായതിനാൽ തമിഴ്നാട്ടിൽ നിന്നടക്കം നിരവധി സഞ്ചാരികൾ പാലരുവി ഉൾപ്പെട്ട മേഖലയിൽ സഞ്ചാരികളായി എത്തുന്നുണ്ട്. പാലരുവിയിൽ ഉയരത്തിൽ പാറയിടുക്കിൽ നിന്നും നേർമയായുള്ള വെള്ളം പൈപ്പിലൂടെ താഴേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ഇത് കുളിക്കാൻ പര്യാപ്തമാകുന്നില്ല. ടിക്കറ്റെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ആളുകൾ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ നിരാശയോടെ മടങ്ങുകയായിരുന്നു.