ദക്ഷിണ കോസല എന്ന് പുരാതന കാലങ്ങളില്‍ അറിയപ്പെട്ടിരുന്ന ഛത്തീസ്ഗഢ് യാത്ര നഷ്ടപ്പെടുത്തരുതെന്ന് ഇന്ത്യ ചുറ്റിക്കാണാന്‍ ഇറങ്ങിയപ്പോള്‍ തന്നെ ഉറപ്പിച്ച ഒന്നായിരുന്നു. കഥകളും കെട്ടുക്കഥകളും പുരാണങ്ങളും ചരിത്രങ്ങളും ഒക്കെയായി സമ്പന്നമാണ് ഈ പ്രദേശം. ടൂറിസം വളര്‍ന്നിട്ടില്ലാത്തതും അധികം ആരും എത്താന്‍ താല്പര്യം കാണിക്കാത്തതും ഛത്തീസ്ഗഢിലേക്കുള്ള യാത്രക്ക് ആവേശമായി. ഏതാണ്ട് ഇന്ത്യയുടെ ഹൃദയഭാഗത്തോട് ചേര്‍ന്ന് വരുന്ന ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്.
ബി.സി മൂന്നാം നൂറ്റാണ്ടിലെ മൗര്യ കാലഘട്ടത്തിലെ ഗുഹാലിഖിതങ്ങള്‍ മുതല്‍ പതിനൊന്നാം നൂറ്റാണ്ടിലെ ചോളന്മാരുടെ വരവും ഹൈഹൈയവന്സി രാജവംശങ്ങളുടെ (പത്താം നൂറ്റാണ്ട്) ഭരണവും പിന്നാലെ മാറാത്ത സാമ്രാജ്യത്തിന്റെ ആക്രമണങ്ങളും ചാലൂക്യ രാജവംശങ്ങളും കാകതീയ രാജവംശങ്ങളും (16ാം നൂറ്റാണ്ട്) ഒക്കെ പ്രദേശത്തേക്ക് കടന്നതും ഛത്തീസ്ഗഢിന്റെ ചരിത്രത്തില്‍ കാണാം. ഏഴാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങ്ങിന്റെ ലിഖിതങ്ങളില്‍ പോലും ദക്ഷിണ കോസലയെക്കുറിച്ചുള്ള പരമാര്‍ശങ്ങളുണ്ട്.

ഇന്ദ്രാവതി നദി
പുരാണങ്ങളിലും ഈ പ്രദേശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും പറയുന്ന ചില പ്രദേശങ്ങള്‍ ഛത്തീസ്ഗഡിലാണ് എന്ന് വിശ്വസിക്കുന്നു. ദണ്ഡകാരണ്യം ഇന്നത്തെ ഛത്തീസ്ഗഢിലെ ബസ്തറിനെക്കുറിച്ചാണെന്നാണ് പലരും വാദിക്കുന്നത്. അതുപോലെ ഈ പുരാണങ്ങളിലുള്ള കോസല രാജ്യം ഛത്തീസ്ഗഢിലെ പ്രദേശങ്ങളാണെന്നും പറയുന്നു. ഇങ്ങനെ ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുക്കിടക്കുന്ന ഇടങ്ങളിലേക്ക് സഞ്ചരിക്കാന്‍ ആവേശം അല്പം കൂടുതലാണ്.
യഥാര്‍ത്ഥത്തില്‍ ഈ യാത്ര ഇന്ദ്രാവതി നദിയിലെ ആ അദ്ഭുതം കാണാനായിരുന്നു. കേള്‍ക്കുമ്പോള്‍ വലിയ അദ്ഭുതം ഒന്നും തോന്നില്ല, പക്ഷെ കാണുമ്പോള്‍ അതങ്ങ് മാറും. ഇന്ത്യയുടെ നയാഗ്ര എന്ന് വിശേഷിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വിസ്താരമേറിയ ചിത്രകൂട് വെള്ളച്ചാട്ടം കാണാനായിരുന്നു ഛത്തീസ്ഗഢിലേക്ക് ആദ്യമായി എത്തിയത്. എന്നും പോരാട്ടങ്ങളാല്‍ കലുഷിതമായ ബസ്തറിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പലരും ഇന്നും ബസ്തറിലേക്ക് പോകുവാന്‍ മടികാണിക്കാറുണ്ട്. പ്രധാനമായും മാവോയിസ്റ്റ് ആക്രമണമെന്ന തെറ്റിദ്ധാരണപരമായ ഭീതി ജനിപ്പിക്കുന്ന കഥകളാണ് അതിന് പ്രധാന കാരണം.

ബസ്തര്‍ വനങ്ങളിലും പ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെങ്കിലും പലപ്പോഴും ആ പ്രദേശത്തെക്കുറിച്ച് നമ്മള് കേള്‍ക്കുന്നത് നിറംപിടിപ്പിച്ച കഥകളാണെന്ന് അനുഭവത്തില്‍ നിന്ന് മനസ്സിലായി.
35ഓളം ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രൈബല്‍ സംസ്ഥാനമായ ഛത്തീസ്ഗഢിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വികസനം അധികം എത്തിയിട്ടില്ല. ബസ്തറും അതില്‍ നിന്ന് വ്യത്യസ്തമല്ല. ജഗദല്‍പൂർ പോലുള്ള ചെറിയ നഗര പ്രദേശമുണ്ടെങ്കിലും കൂടുതലും വനമേഖലകളും ഗ്രാമീണ പ്രദേശങ്ങളുമാണ്. ഇന്ദ്രാവതി നദിയില്‍ സ്ഥിതിചെയ്യുന്ന ചിത്രകൂട് വെള്ളച്ചാട്ടം ജഗദല്‍പൂരില്‍ നിന്ന് ഏകദേശം 45 കി.മീ അകലെയാണ്.

ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്നായിരുന്നു ജഗദല്‍പൂരിലേക്ക് എത്തിയത്, റെയില്‍ റൂട്ടാണ് തിരഞ്ഞെടുത്തത്. റെയില്‍ മാർഗം വരുമ്പോള്‍ ഭുവനേശ്വറില്‍ നിന്ന് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷന് എത്തുന്നതിന് മുമ്പ്, വിഴിം നഗരം സ്റ്റേഷനില്‍ നിന്ന് തിരിഞ്ഞ് അറക്കുവാലി വഴിയാണ് ജഗദല്‍പൂരില്‍ എത്തിയത്.
അതിഗംഭീരമായ ഒരു റെയില്‍ റൂട്ടാണിത്. പശ്ചിമഘട്ട മലനിരകളുടെ ഇടയിലൂടെയുള്ള ഈ ട്രെയിന്‍ യാത്ര ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യേണ്ടതാണ്. നിബിഡമായ വനപ്രദേശങ്ങളും ചെറു അരുവികളും പശ്ചാത്തലമായി മലകളും പിന്നെ തുരങ്കങ്ങളും ഒക്കെയായി ഈ യാത്ര വല്ലാത്തൊരു അനുഭൂതിയാണ് മനസ്സില്‍ നിറച്ചത്.

നവംബറിന്റെ പകുതിക്ക് ശേഷമായത്ക്കൊണ്ട് തന്നെ തണുപ്പും കൂടുതലായി തുടങ്ങിയിരുന്നു. ഭുവനേശ്വറില്‍ നിന്ന് കയറിപ്പോള്‍ സ്ലീപ്പര്‍ ടിക്കറ്റ് സീറ്റുണ്ടായിട്ടും രാത്രിയിലെ എന്തൊക്കെയോ ചിന്തകള്‍ കാരണം വളരെ വൈകിയാണ് കണ്ണടച്ചത്. തണുപ്പ് തീരെ സഹിക്കാന്‍ പറ്റാത്തത് കാരണം രാവിലെ തന്നെ എഴുന്നേല്‍ക്കേണ്ടിയും വന്നു. ഗാഢനിദ്രയായതിനാല് എഴുന്നേറ്റപ്പോള്‍ സ്ഥലകാലബോധം ഉണ്ടായിരുന്നില്ല. ഒരുവിധം കണ്ണു വലിച്ചു തുറന്നപ്പോള്‍ ജനലില്‍ കൂടി കാണുന്നത് വല്ലാത്ത വെളുത്ത പുകയാണ്.

ഒന്നും മനസ്സിലാവുന്നില്ല. ട്രെയിനിന്റെ ശബ്ദത്തിന് വല്ലാത്ത മുഴക്കവും കേള്‍ക്കുന്നു. എഴുന്നേറ്റ് ഇരുന്ന് എമര്‍ജന്‍സി എക്സിറ്റ് വിന്‍ഡോയുടെ അഴിയില്ലാത്ത ജനാലയുടെ പുറത്തേക്ക് തലയിട്ട് നോക്കിയപ്പോള്‍ കൂടുതല്‍ പ്രശ്നമായി. ഈ വെളുത്ത പുകയല്ലാത്തെ വെറെ ഒന്നും കാണുന്നില്ല. അടുത്തുള്ള ബോഗി പോയിട്ട് കമ്പാര്‍ട്ട്മെന്റു പോലും പുറത്തൂന്ന് കാണുന്നില്ല. പെട്ടെന്ന് ഇരുട്ടായി. ട്രെയിനിന്റെ മുഴക്കത്തിന്റെ ഒച്ചയും കൂടി. അല്പം കഴിഞ്ഞ് വീണ്ടും ആ വെളുത്ത പുക, ട്രെയിനിന്റെ മുഴക്കം കുറഞ്ഞു. അല്പം കഴിഞ്ഞ് വീണ്ടും ഇരുട്ടായി, മുഴക്കം കൂടി. ഇനി ഇതാണോ ഇനി മരണയാത്ര!

ആകെ മനസ്സിലായത് ട്രെയിനിലാണെന്നും തല, എമര്‍ജന്‍സി എക്സിറ്റ് വിന്‍ഡോയിലൂടെ പുറത്തേക്ക് ഇട്ടിരിക്കുകയാണെന്നും മാത്രമാണ്. എന്നാലും ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല. യഥാര്‍ത്ഥ്യമെന്താണെന്ന് മനസ്സിലാക്കുവാന്‍ കുറച്ചു സമയം എടുത്തു. അതായത് ഈ ട്രെയിന്‍ പോയിക്കൊണ്ടിരിക്കുന്നത് മലകള്‍ക്കിടയിലൂടെയാണ് അതാണ് ഈ മുഴക്കം. ആ വെളുത്ത പുക എന്നത് കോടമഞ്ഞാണ്. ഇടയ്ക്കിടെ ഇരുട്ട് ഉണ്ടാവുന്നത്, ട്രെയിന്‍ തുരങ്കത്തിലേക്ക് കയറുന്നതുക്കൊണ്ടാണ്. ട്രെയിനുള്ളിലാണെങ്കില് വെട്ടവുമില്ല. ട്രെയിന്‍ തുരങ്കത്തില്‍ കയറുമ്പോള്‍ ആ മുഴക്കം വേറെ ഒരുതരത്തിലേക്ക് മാറും. ഏതായാലും മൊത്തതില്‍ ഒരു വല്ലാത്ത അനുഭവമായിരുന്നു അത്. ജീവിതത്തില്‍ അത് ഒരിക്കലും മറക്കില്ല.
കോടമഞ്ഞ് മാറിയപ്പോള്‍ പശ്ചിമഘട്ടത്തിലെ ഇതുവരെ കാണാത്ത ഭാഗങ്ങളിലെ ചില മലനിരകള്‍ കണ്ടുകൊണ്ടായി പിന്നീടുള്ള യാത്ര. ജഗദല്‍പൂരില്‍ എത്തിയപ്പോള്‍ ഏകദേശം ഉച്ചയായി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്ന് ഫ്രഷായി ഭക്ഷണവും കഴിച്ചുകഴിഞ്ഞാണ് ചിത്രകൂടിലേക്ക് പോകാനുള്ള മാർഗം അന്വേഷിക്കുന്നത്. ടാക്സിക്ക് വലിയ റേറ്റാണ്. അവസാനം, പ്രദേശവാസികള്‍ പറഞ്ഞതുവെച്ച് ചിത്രകൂട് വെള്ളച്ചാട്ടത്തിലേക്ക് പോകാന്‍ കഴിയുന്ന ബസ് കിട്ടുന്ന സ്റ്റോപ്പിലേക്ക് നടക്കാന്‍ തുടങ്ങി. രണ്ട് മൂന്ന് കി.മീ ഉണ്ട് അവിടേക്ക്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കനത്ത ഭാരമുള്ള ബാഗും തൂക്കി അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നു.
ആ നടപ്പ് ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ നന്നായി തളര്‍ത്തിയിരുന്നു. എന്തോ ഭാഗ്യത്തിന് ഒരു ഷെയര്‍ ഓട്ടോ കിട്ടി. അവരുടെ നിർദേശപ്രകാരം ചിത്രകൂട് വെള്ളച്ചാട്ടത്തിലേക്കുള്ള ബസ് കിട്ടുന്ന മറ്റൊരു സ്റ്റോപ്പിലേക്കാണ് പോയത്. കാരണം, ഡയറക്ട് ബസ് ഇല്ലെങ്കില്‍, ഈ ബസ് സ്റ്റോപ്പില്‍ നിന്നാല്‍ വെള്ളച്ചാട്ടത്തിന് അടുത്തൂടെ (അഞ്ച് കി.മീ ഇപ്പുറം) പോകുന്ന വണ്ടികള്‍ ലഭിക്കും. ഏതായാലും അവര്‍ പറഞ്ഞ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും വെള്ളച്ചാട്ടത്തിലേക്ക് നേരിട്ടു എത്താനുള്ള ബസ് പോയി കഴിഞ്ഞിരുന്നു. പിന്നെ നിവൃത്തിയില്ലാതെ തൊട്ടുപുറകെ ഉണ്ടായിരുന്നു വെള്ളച്ചാട്ടത്തിന് അടുത്തൂടെ പോകുന്ന ബസിലേക്ക് കയറിപ്പറ്റി.
ബസില്‍ കയറി കഴിഞ്ഞപ്പോഴാണ് അതിനകത്തെ തിരക്ക് ശ്രദ്ധിച്ചത്. ഭാഗ്യത്തിന് ഡ്രൈവറുടെ സീറ്റിന് പിന്നിലുള്ള സീറ്റില്‍ അല്പം ഇടം കിട്ടി. ബാഗ്, ഫ്രണ്ട് ഗ്ലാസിനോട് ചേര്‍ത്ത് അവര്‍ തന്നെവെച്ചുതന്നു. അപ്പോഴാണ് സഹയാത്രികരുടെ ശ്രദ്ധ മുഴുവന്‍ നമ്മുടെ മേലാണെന്ന് മനസ്സിലായത്. ആ കൂട്ടത്തില്‍ ‘പച്ച പരിഷ്കാരി’ ലുക്കിലുള്ളത് നമ്മള് മാത്രമായിരുന്നു. അവരെല്ലാം പ്രാദേശിക സ്വത്വം വെളിപ്പെടുത്തുന്ന വസ്ത്രങ്ങളിലും ഒക്കെയായിരുന്നു. കുട്ടിയും വട്ടിയും കോഴിയും പച്ചക്കറിയും എന്നുവേണ്ട, ഒരു ചെറിയ ചന്തപോലെ തോന്നുന്നുണ്ട് ബസിന് ഉള്‍വശം. അവരോട് ഒന്ന് സംസാരിക്കാന്‍ നോക്കിയിട്ട് നടന്നില്ല. കാരണം ഭാഷ തന്നെ!

ഗോത്രഭാഷ കലര്‍ന്ന് ഛത്തീസ്ഗഢി ഭാഷ ഒന്നും മനസ്സിലായില്ല. പിന്നെ കൂട്ടത്തിലുള്ള ഒരാള്‍ പ്രാദേശികച്ചുവയുടെ അതിപ്രസരമുള്ള ഹിന്ദിയിലെ ഏതാനും വാക്കുകള്‍ കൊണ്ടായിരുന്നു സംസാരിച്ചത്. ആ മനുഷ്യനായിരുന്നു സംശയങ്ങള്‍ക്ക് ഒക്കെ മറുപടി പറഞ്ഞത്. പുറത്തുനിന്നു വരുന്നവര്‍ അവരുടെ കൂട്ടത്തിലേക്ക് അധികം ഇങ്ങനെ കയറിച്ചെല്ലാറില്ലാത്തക്കെണ്ടാണ് ബസില്‍ കയറിപ്പോള്‍ എല്ലാവരും തുറിച്ചു നോക്കിയത്.
ഒട്ടുമിക്കവരും ആദ്യം സൗഹൃദം കാണിക്കുവാന്‍ മടിയായിരുന്നു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ കുറച്ചുകൂടി താല്പര്യം കാണിച്ചു. നമ്മുടെ ദ്വിഭാഷി അവര്‍ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത് അവിടെ പ്രവര്‍ത്തിക്കുന്ന ഏതോ ഒരു കന്യാസ്ത്രീയുടെ നാട്ടിലുള്ള മനുഷ്യനാണെന്ന് പറഞ്ഞാണ്. ഏതായാലും അവര്‍ കുറച്ച് സൗഹാർദം കാണിച്ചു. ഇതിനിടയില്‍ അവര്‍ എവിടേക്കാണ് പോകേണ്ടതെന്ന് ഒക്കെ അന്വേഷിച്ചറിഞ്ഞിരുന്നു. ഈ ബസ് ചിത്രകൂട് വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നതിന് അഞ്ചു കി.മീ മുമ്പ് തിരിഞ്ഞുപോകുന്നതാണെന്നും ഭാഗ്യമുണ്ടെങ്കില്‍ മുന്നില്‍ പോകുന്ന ചിത്രകൂടിലേക്ക് നേരിട്ട് പോകുന്ന ബസിനെ പിടിക്കാമെന്നും അവര്‍ പറഞ്ഞു. ആ ഭാഗ്യമുണ്ടായില്ല എന്നതു പിന്നീടറിഞ്ഞു.
ഇതിനിടയില്‍ ബസ് ചെറിയ ഗ്രാമീണ മേഖലയിലുള്ള ബസ് സ്റ്റാന്‍ഡില്‍ കയറുന്നുണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡ് കണ്ടാല്‍ ചന്തയാണെന്നു തോന്നും. അതിനുള്ളില്‍ നിലത്ത് വരിവരിയായി ആളുകള്‍ കച്ചവടം ചെയ്യുന്നുണ്ട്. അതിനിടയിലൂടെയാണ് ബസ് കയറ്റിക്കൊണ്ട് പോകുന്നത്. കോഴി, ആട്, പച്ചക്കറി, കുട്ട, പായ്, ചൂല് പിന്നെ വേറെന്തൊക്കെയോ അവിടെ വില്‍ക്കുന്നുണ്ട്. ബസില്‍ നിന്ന് ചിലര്‍ ഇറങ്ങി മഹുവാ പുഷ്പം കൊണ്ടുള്ള കള്ള് കുടിക്കുന്നതും കണ്ടു. കൂടുതല്‍ ആളുകളും പ്രത്യേകിച്ച് പ്രായമായവര്‍ ഗോത്ര തനിമയിലുള്ള വേഷത്തിലാണ്. ഗോണ്ട, മാറയ, മുറയാ, ഹാല്‍ബ, ധ്രുവ തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെ കൂടുതലുള്ളത്.
ബസിലുള്ളവര്‍ എനിക്കായി വെള്ളച്ചാട്ടത്തിലേക്ക് നേരിട്ട് എത്താന്‍ കഴിയുന്ന വണ്ടികളുണ്ടോയെന്നും അന്വേഷിച്ചിരുന്നു. നിരാശയായിരുന്നു ഫലം. അതിന്, എന്നെക്കാള്‍ കൂടുതല്‍ വിഷമം ബസിലുള്ളവര്ക്കായിരുന്നു. ഒടുവില്‍ ചിത്രകൂടിലേക്ക് എത്തുന്നതിന് മുമ്പ് തിരിയുന്ന വളവില്‍ അവര്‍ ഇറക്കി തന്നു. ഒരു ബസുമുഴുവനും ആളുകള്‍ അപ്പോഴേക്കും അടുത്ത പരിചയക്കാരായി കഴിഞ്ഞിരുന്നു. ഇറങ്ങാന്‍ നേരത്ത് പലരും സമ്മാനമായി കോഴിയും, കുട്ടയും ഒക്കെ തരാന്‍ ശ്രമിച്ചിരുന്നു. ഒറ്റക്കുള്ള യാത്രയാണെന്നും ഇതൊന്നും കൊണ്ടുപോകാന്‍ സ്ഥലമില്ലെന്നും നിങ്ങളുടെ സ്നേഹം മാത്രം മതിയെന്ന് പറഞ്ഞ് അവരോട് വിട പറഞ്ഞു.
എന്തൊരു പാവം മനുഷ്യരാണ് ഇവരൊക്കെ! അദ്ഭുതം തോന്നുന്നു ഇവരുടെ സ്നേഹം ഒക്കെ അനുഭവിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്? എന്തൊക്കെയോ ചിന്തിച്ചുകൂട്ടി പതിയെ ചിത്രക്കൂട് വെള്ളച്ചാട്ടത്തിലേക്കുള്ള പാതയിലൂടെ നടന്നു. കുറച്ചു നടന്നപ്പോള്‍ തന്നെ പുറം വേദനിക്കാന്‍ തുടങ്ങി. ബാഗിന് നല്ല ഭാരമുള്ളതുക്കൊണ്ട് വിചാരിക്കുന്നതുപോലെ നടക്കുവാന്‍ കഴിയുന്നില്ല. വേദന കലശലായപ്പോള്‍ ബാഗ് താഴെയിറക്കി വെച്ചു, ലിഫ്റ്റ് വല്ലോം കിട്ടുമോ എന്ന് നോക്കി. ടൂറിസ്റ്റുകളെയും കൊണ്ട് പോകുന്ന ഓട്ടോയും ടാക്സിയും ഒന്നും നമ്മളെ മൈന്ഡാക്കിയില്ല. അവസാനം ഒരു ബൈക്കുകാരന് നിര്‍ത്തി.
അദ്ദേഹം വെള്ളച്ചാട്ടത്തിന് അടുത്ത് ഒരു കട നടത്തുന്നയാളാണ്. പുള്ളിയുടെ കൂടെ ചിത്രകൂട് എന്ന വെള്ളച്ചാട്ടത്തിനരികില്‍ എത്തി. പുള്ളി കാണിച്ചു തന്നതുപോലെ മുന്നോട്ട് നടന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത് വിശാലമായ പാറ കൂട്ടങ്ങള്‍ക്കിടയിലൂടെ ശാന്തമായി ഒഴുകുന്ന ഇന്ദ്രാവതി നദിയാണ്. ആ ശാന്തത അല്പം കൂടി മുന്നോട്ട് ചെന്നപ്പോള്‍ മാറി. വളരെ സൗമ്യമായി ഒഴുകിയിരുന്ന നദി പെട്ടെന്ന് വലിയ ശബ്ത്തില്‍ താഴോട്ട് പതിക്കുവാണ്. ഏകദേശം തൊണ്ണൂറ് അടിയോളം താഴോട്ടാണ് ആ നദി പതിക്കുന്നത്. കുതിര ലാടത്തിന്റെ ആകൃതിയിലാണ് നദി താഴോട്ട് പതിക്കുന്നത്. നല്ല വീതിയാണ് (ഏകദേശം 300 മീറ്ററുണ്ട്) നദിക്കുള്ളത്. പക്ഷെ എല്ലാ ഭാഗത്തൂടെയും വെള്ളം താഴോട്ട് വീഴുന്നില്ല.
ഈ സമയങ്ങളില്‍ (നവംബര്‍ മാസം) നദി ശാന്തമാണ്. നദി കവിഞ്ഞ് ഒഴുകുമ്പോള്‍ ഇംഗ്ലീഷ് അക്ഷരം ‘U’ പോലെയുള്ള ഭാഗത്ത് നിന്ന് വെള്ളം താഴേക്ക് വീഴും. മണ്‍സൂണ്‍ കാലത്താണ് അത് കാണാന്‍ സാധിക്കുക. ആ സമയത്ത് ഇന്ദ്രാവതി കലി തുള്ളി സകലതിനെയും തകര്‍ത്തു പായുന്ന നദിയാണിത്. വെള്ളം കുറവായതിനാല്‍ നീണ്ടു വളഞ്ഞുകിടക്കുന്ന നദിയിലെ ആ പാറക്കെട്ടിലൂടെ നടന്ന് വെള്ളം താഴേക്ക് വീഴുന്നത് നോക്കാന്‍ കഴിയും. ഒന്നു പിടിവിട്ടാല്‍ നമ്മളും താഴേക്ക് പോകും. എന്നിട്ടും ആ സാഹസിതകക്കു തുനിഞ്ഞു. പാറയുടെ തുഞ്ചത്ത് നിന്നാല്‍ കാല്ചുവട്ടിനരികിലൂടെ വെള്ളം താഴോട്ട് പതിക്കുന്നത് കാണാം.
വെള്ളത്തിലേക്ക് കാല്‍വെച്ചാല്‍ ഒഴുക്കുകാരണം ബാലന്‍സ് കിട്ടില്ല, വെള്ളത്തോടൊപ്പം അങ്ങ് പോകും. വെള്ളച്ചാട്ടത്തിന്റെ ഒരു വശത്ത് നിന്ന് നദിയുടെ അറ്റത്തേക്ക് നോക്കിയാല്‍ ചെറിയ ചെറിയ മഴവില്ലുകള്‍ കാണാം. നദിയിലെ പാറക്കെട്ടിലൂടെ പതിക്കുന്നതിന് തൊട്ടുമുമ്പ് വെള്ളം പാല് പോലെ പതഞ്ഞ് നുരയുകയും അതിന്റെ സൂര്യപ്രകാശം തട്ടി മഴവില്ലിന്റെ വർണങ്ങള്‍ തെളിയുകയും ചെയ്യും. ആ വെള്ളച്ചാട്ടം പൂർണതയുള്ളതല്ലെങ്കിലും മനസ്സ് നിറച്ച ഒരു അദ്ഭുതം തന്നെയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെയുള്ള കാഴ്ച കണ്ടു. താഴേ നിന്നുള്ള കാഴ്ച കാണാനായി നദിയുടെ അരികിലുള്ള നടപ്പാതയിലൂടെ നടന്നു.
വെള്ളച്ചാട്ടത്തിന്റെ താഴെ എത്താനായി പടിക്കെട്ടുകളുണ്ട്. താഴെ എത്തുമ്പോള്‍ നദി നേരത്തെ ഒഴുകിയിരുന്ന ഇപ്പോള്‍ വെള്ളം ഇല്ലാത്ത ചെറിയ ഉരുളന്‍ പാറകള്‍ നിറഞ്ഞ ഭാഗത്തേക്കാണ് എത്തിയത്. ഒരു വിധത്തില്‍ ആ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ വെള്ളച്ചാട്ടത്തിന് അരികില്‍ എത്തി. പുഴയുടെ തീരം വരെ എത്താന്‍ സാധിക്കൂ. വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് താഴെ പോയി നനയാനും കാണാനും ഒക്കെ അവിടെ തോണികളുണ്ട്. ആ തോണിയില്‍ അല്പം സാഹസികമായി ആടിയുലഞ്ഞ് വെള്ളച്ചാട്ടത്തിന്റെ കീഴിലെത്താന് സാധിക്കും. വെള്ളത്തിന്റെ കുതിപ്പ് ഏത് നേരത്തും വർധിക്കാം. അതിനാല്‍ അവിടെ നില്കുന്നത് അത്ര സുരക്ഷിതമല്ല.
കുറച്ചേറേ സമയം വെള്ളച്ചാട്ടത്തിന്റെ താഴെ അല്പം മാറി നിന്ന് കാഴ്ചകള്‍ കണ്ടിരുന്നു. അവിടെ നിന്ന് പോകുവാന്‍ തോന്നിയില്ല. സമയം പോയതറിഞ്ഞുകൂടിയില്ല, സന്ധ്യയായി. മുകളിലെത്തിയപ്പോഴാണ് അറിഞ്ഞത് ചിത്രകൂടില്‍ നിന്നുള്ള അവസാന ബസ് പോയി കഴിഞ്ഞിരുന്നുവെന്ന്. അഞ്ചരക്കായിരുന്നു ആ ബസ്, അപ്പോള്‍ സമയം ആറുമണി കഴിഞ്ഞിരുന്നു. അടുത്ത് താമസിക്കാന്‍ സ്ഥലമൊന്നുമില്ല. ചിത്രകൂടില്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസുണ്ട്.
പക്ഷേ റൂം നമുക്ക് ഒന്നും കിട്ടില്ല. അപ്പോള്‍ ആദ്യം തോന്നി ഇന്ദ്രാവതി നദിയുടെ മധ്യത്തിലെയോ അരികിലെയോ വെള്ളം ഇല്ലാത്ത ഭാഗത്ത് ടെന്റ് കെട്ടാമെന്ന്. നല്ല പ്രകൃതി ഭംഗിയും ആസ്വദിച്ച് രാത്രി അവിടെ കൂടാമെന്ന് കരുതിയെങ്കിലും ആ പദ്ധതി ഉടന്‍ തന്നെ മാറ്റേണ്ടി വന്നു.
അവിടെ ടെന്റ് കെട്ടുന്നത് അപകടമാണ്, കാരണം രാത്രിയില്‍ നദിയിലെ ജല നിരപ്പ് ഉയരാം. അത് കേട്ടപ്പോള്‍ മൂഡ് പോയി. ഇവിടെ നിന്ന് പോകാമെന്ന് വിചാരിച്ചു, ജഗദല്പൂരിലേക്കോ വേറെ ഏതെങ്കിലും ചെറിയ ടൗണുകളിലേക്കോ എത്തിപ്പെടാനായി വന്ന വഴി തന്നെ തിരിച്ച് നടന്നു. രാത്രിയായാല്‍ ഈ ഭാഗത്തൂടെയുള്ള യാത്രകള്‍ അല്പം അപകടമാണെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. എന്തായാലും രണ്ടും കല്പ്പിച്ചു നടന്നു. ബൈക്കും കാറും ഒക്കെ കടന്നുപ്പോയപ്പോള്‍ ലിഫ്റ്റ് ചോദിച്ചിരുന്നു. ആരും നിര്‍ത്തിയില്ല. പതിയെ ഇരുട്ടുപരന്നു തുടങ്ങി. രണ്ട് മൂന്ന് കി.മീ നടന്നു കാണും. ഒരു വെട്ടം ദൂരെ നിന്ന് വരുന്നു കണ്ടപ്പോള്‍ കൈ കാണിച്ചു. ഭാഗ്യത്തിന് നിര്‍ത്തി. അതൊരു ബൈക്കായിരുന്നു.
അദ്ദേഹം പാന്റും ഷര്‍ട്ടും ഒക്കെ ഇട്ട ഒരാളായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഒക്കെ അറിയുന്ന അദ്ദേഹം കുറേ ചോദ്യങ്ങള്‍ ചോദിച്ചു. കേരളത്തില്‍ നിന്ന് എന്തിനാണ് ഇവിടെ വന്നത്? രാത്രി എന്താണ് ഇവിടെ? ഇങ്ങനെ കുറേ ചോദ്യങ്ങള്‍. പിന്നെ ഐ.ഡി കാര്‍ഡും പാസ്പോര്‍ട്ടും ഒക്കെ കാണിച്ചപ്പോള്‍ പുള്ളി ലിഫ്റ്റ് തരാന്‍ സമ്മതിച്ചു. അടുത്തുള്ള ചെറിയ ഒരു ടൗണ്‍ വരെയേ അദ്ദേഹം ഉള്ളൂ. അവിടെ നിന്നും രാത്രി ബസ് ഒന്നും കിട്ടില്ലെന്നും ലോഡ്ജും ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉള്ളതാവട്ടെ എന്ന് കരുതി പുള്ളിയുടെ കൂടെ കയറി. യാത്രയിലുടനീളം പുള്ളി കുറേ കാര്യങ്ങള്‍ പറഞ്ഞു.
ഇവിടെ വലിയ അപകടമാണ്. മാവോയിസ്റ്റുകളുടെ കേന്ദ്രമാണ്. എന്നൊക്കെയാണ് പറയുന്നത്. അവസാനം ഒരു കാര്യം കൂടി പറഞ്ഞു, പുള്ളി പൊലീസാണെന്നും മാവോയിസ്റ്റുകളെ പിടികൂടാനുള്ള സംഘത്തിലെ അംഗമാണെന്നും ഒക്കെ വെളിപ്പെടുത്തി. അതുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ ചോദിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഹോസ്പിറ്റല്‍ ചൗക് എന്ന് പ്രദേശത്ത് എത്തിച്ചു. പുള്ളിയോട് നന്ദി പറഞ്ഞ് വണ്ടി വല്ലതും കിട്ടുമോ എന്ന് നോക്കി. അപ്പോഴേക്കും സമയം രാത്രി എഴര കഴിഞ്ഞിരുന്നു. ഈ സമയത്ത് ഇനി എങ്ങോട്ടും പൊതുഗതാഗതം ലഭിക്കില്ല. വല്ല വണ്ടിയും കടന്നുപോകുമ്പോള്‍ ലിഫ്റ്റ് ചോദിക്കാമെന്ന് കരുതി വഴിയില്‍ തന്നെ കുത്തിയിരുന്നു.
രണ്ട് മൂന്ന് മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവില്‍ ഒരു ടാക്സി നിര്‍ത്തി. ടൂറിസ്റ്റ് ഫാമിലിയെയും കൊണ്ടു ജഗദല്‍പൂരിലേക്ക് പോവുകയാണ് ആ വണ്ടി. ഒരു പരിചയവുമില്ലാത്ത ആ ഡ്രൈവറുടെ ശക്തമായ ശിപാര്‍ശക്കൊടുവില്‍ ആ വണ്ടിയുടെ പുറകില്‍ ചെറിയൊരുയിടം കിട്ടി. എന്തുകൊണ്ടായിരിക്കാം ആ ഡ്രൈവര്‍ എനിക്കുവേണ്ടി അവരോട് സംസാരിച്ചത്. ഏതായാലും അവരോടൊപ്പം ജഗദല്‍പൂരിനടുത്തുള്ള ഏതോ ജങ്ഷനില്‍ എത്തി. അവിടെ നിന്ന് ഒരു കാലി ഓട്ടോയില്‍ ജഗദല്‍പൂര്‍ ബസ് സ്റ്റാന്‍ഡിലും എത്തിപ്പെട്ടു. ഇനി തീരുമാനിക്കണം അടുത്തത് എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന്? ഒരു എത്തും പിടിയും കിട്ടിയില്ല. ഭക്ഷണവും കഴിച്ച് വന്ന് ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഉറക്കം വരുന്നുണ്ടായിരുന്നു. ഇനി എല്ലാം കുറച്ച് കഴിഞ്ഞ് ചിന്തിക്കാമെന്ന് കരുതി കണ്ണടച്ചിരുന്നു.