ഡല്‍ഹി: ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി വഖഫ് ബോര്‍ഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിന് നല്കിയ മറുപടിയില്‍ ആണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വഖഫ് ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നും ലീഗിന്റെ മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Also Read: ‘മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കും’; രാജ്നാഥ് സിങ്
ഹിന്ദു മതസ്ഥാപനങ്ങളുടെയും, സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ചിരിക്കുന്ന നിയമങ്ങള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. 1978 ലെ ഗുരുവായൂര്‍ ദേവസ്വം നിയമവും 1925 സിഖ് ഗുരുദ്വാര നിയമവും ഇതിന് ഉദാഹരണങ്ങളായി മുസ്ലീം ലീഗ് ചൂണ്ടിക്കാട്ടുന്നു. അതത് മതവിശ്വാസികള്‍ക്ക് മാത്രമേ അത്തരം നിയമങ്ങള്‍ കൊണ്ട് രൂപീകൃതം ആകുന്ന ബോര്‍ഡുകളില്‍ പ്രാതിനിധ്യം നല്കാന് കഴിയുകയുള്ളു. എന്നാല്‍ വഖഫ് സ്വത്തുക്കളുടെ ഭരണത്തിനായുള്ള പുതിയ വഖഫ് ഭേദഗതി നിയമം ഇതില്‍നിന്ന് വ്യത്യസ്തമാണ്. ഭരണഘടന ഉറപ്പ് നല്കുന്ന തുല്യതയുടെ ലംഘനം ആണ് ഉണ്ടായിരിക്കുന്നതെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. വഖഫ് ഭരണത്തിന് ഇസ്ലാമിക ശരീഅത്ത് നിയമത്തെ കുറിച്ചുള്ള ധാരണ ആവശ്യമെന്നും മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വഖഫ് ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്ക് ഇടയില്‍ ആശങ്ക സൃഷ്ടിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നും മറുപടി സത്യവാങ്മൂലത്തില്‍ ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന നിയമമാണിത്. പലര്‍ക്കും വസ്തുക്കള്‍ നഷ്ടമാകുന്ന സ്ഥിതിയാണ്. അതിനാല്‍ ഭീതി പൊട്ടിപുറപ്പാടാനും സമൂഹത്തിലെ മതസൗഹാര്‍ദ്ദം നഷ്ടപ്പെടാനും സാധ്യതയുണ്ട്. പള്ളികള്‍, ശ്മശാനങ്ങള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍ എന്നിവയ്ക്ക് വഖഫ് ഭൂമി ആണെന്ന പദവി നഷ്ടപ്പെടാന്‍ സാധ്യത ഉണ്ട്. രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയും ബാധിക്കുന്ന നിയമങ്ങള്‍ മുന്‍പും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. സമാനമായ രീതിയില്‍ വഖഫ് ഭേദഗതി നിയമവും സ്റ്റേ ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി സത്യവാങ്മൂലം അഭിഭാഷകനും രാജ്യസഭ അംഗവും ആയ ഹാരിസ് ബീരാന് ആണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
The post ‘വഖഫ് ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്ക് ഇടയില്‍ ആശങ്ക സൃഷ്ടിച്ചു’; മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ appeared first on Express Kerala.