ടെൽ അവീവ്: സിറിയയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സിറിയയിൽ 480ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. പ്രസിഡൻ്റ് ബാഷർ അൽ-അസദ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. സിറിയയിലെ തന്ത്രപ്രധാനമായ ആയുധശേഖരങ്ങളിൽ ഭൂരിഭാഗവും നശിപ്പിച്ചെന്നും തീവ്രവാദ ഗ്രൂപ്പുകളുടെ കൈകളിലേയ്ക്ക് ആയുധങ്ങൾ എത്തുന്നത് തടയുക എന്നതായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും ഐഡിഎഫ് അറിയിച്ചു. നാവിക കപ്പലുകൾ, ആന്റി-എയർക്രാഫ്റ്റ് സംവിധാനങ്ങൾ, ഡമാസ്കസ്, ഹോംസ്, ടാർടസ്, ലതാകിയ, പാൽമിറ തുടങ്ങിയ പ്രധാന സിറിയൻ നഗരങ്ങളിലെ ആയുധ നിർമ്മാണ സൈറ്റുകൾ തുടങ്ങിയവ വ്യോമാക്രമണത്തിൽ നശിപ്പിച്ചതായി സൈന്യം റിപ്പോർട്ട് ചെയ്തു. സിറിയയിലെ എയർഫീൽഡുകൾ, ഡ്രോണുകൾ, മിസൈലുകൾ, ടാങ്കുകൾ, യുദ്ധവിമാനങ്ങൾ, ആയുധ ഡിപ്പോകൾ, ലോഞ്ചറുകൾ, ഫയറിംഗ് പൊസിഷനുകൾ എന്നിവയുൾപ്പെടെ ഇസ്രായേൽ ലക്ഷ്യമിട്ടു. കൂടാതെ, ഇസ്രായേലിന്റെ നാവിക സേന രണ്ട് സിറിയൻ നാവിക കേന്ദ്രങ്ങളെയും ആക്രമിച്ചു. ഇതിനിടെ, മിഡിൽ ഈസ്റ്റിലേയ്ക്ക് കൂടുതൽ വികസനം വന്നെങ്കിൽ മാത്രമേ മേഖലയിലെ നിലവിലെ സ്ഥിതി മാറുകയുള്ളൂവെന്നും ഇസ്രായേൽ മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.