വിമതർ സിറിയ പിടിച്ചതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിലെന്ന് റിപ്പോർട്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് വിവരം. അസാദിന്റെ ഭരണത്തിന് അവസാനമായതോടെ വിമതസേന എച്ച്ടിഎസിന്റെ തലവനായ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ തലപ്പത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
പ്രസിഡന്റ് ബഷാർ അൽ അസദിനും കുടുംബത്തിനും മോസ്കോ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ പ്രസിഡന്റിന്റെ വിമാനം കാണാതായെന്നും , ലെബനീസ് അതിർത്തിയിൽ തകർന്നുവീണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ സ്ഥിരീകരണം. വിമതസംഘടനയായ എച്ച്ടിഎസിന്റെ തലവൻ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ പ്രസിഡന്റ് പദവിയിലെത്തുമെന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുടെയും ഇറാന്റെയും നിലപാടുകൾ നിർണായകമാകും. 2015 മുതൽ അസദ് ഭരണകൂടത്തിന് ഉറച്ച പിന്തുണയാണ് റഷ്യ നൽകുന്നത് .അൽ ഖ്വയ്ദയിൽ ചേർന്ന അൽ ജുലാനി സിറിയയുടെ തലപ്പത്തെത്തുമ്പോൾ രാജ്യത്തെ ന്യൂനപക്ഷം ആശങ്കയിലാണ് .
ഇപ്പോൾ അൽഖ്വയ്ദയോട് ആഭിമുഖ്യമില്ലെന്ന് അൽ ജൂലാനി വിശദീകരിക്കുമ്പോഴും ആശങ്കയ്ക്ക് വിരാമമില്ല. എച്ച്ടിഎസിനെ താലിബാൻ അഭിനന്ദിക്കുകയും ചെയ്തു . രാജ്യത്തെ അഭിസംബോധന അൽ-ജുലാനി സിറിയൻ ജനതയെ അഭിനന്ദിച്ചു .സിറിയയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വിമതരുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി വ്യക്തമാക്കി.
സിറിയയിലെ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സിറിയൻ അതിർത്തിയിൽ സന്ദർശനം നടത്തി . ചരിത്രദിനമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ബഷാർ അൽ അസദിന്റെ പതനത്തെ ഫ്രാൻസും ജർമനിയും ,ബ്രിട്ടനും സ്വാഗതം ചെയ്തു. വിമതർ സിറിയ പിടിച്ചെടുത്തതോടെ വ്യാപക അക്രമമാണ് നടക്കുന്നത്. സിറിയയിലെ ഇറാൻ എംബസി വിമതർ ആക്രമിച്ചു . എംബസിയിലേക്ക് ഇരച്ചുകയറി ഫയലുകളും രേഖകളും നശിപ്പിച്ചു . ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി , ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസ്റുള്ള എന്നിവരുടെ ചിത്രങ്ങൾ കീറിയെറിഞ്ഞു. വിമതനീക്കത്തോടെ സിറിയയിലെ സംഭവവികാസങ്ങൾ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.