നഗരത്തിലെ തിരക്കുകളില്‍ നിന്നു മാറി വശ്യസുന്ദരമായ കാഴ്ചകള്‍ നുകര്‍ന്നൊരു റോഡ് ട്രിപ്പ് മോഹിക്കാത്തവരുണ്ടാകുമോ? അത്തരം യാത്രാപ്രേമികള്‍ക്ക് രാജ്യത്ത്, പ്രത്യേകിച്ച് അബൂദബിയില്‍ ഒട്ടേറെ സാധ്യതകളാണുള്ളത്. ജബല്‍ ഹഫീത്, റൂബ് അല്‍ ഖാലി, അല്‍ഐന്‍, ഹത്ത തുടങ്ങിയ ഇടങ്ങളിലേക്ക് അബൂദബിയില്‍ നിന്ന് വേഗത്തിൽ ഓടിയെത്താൻ കഴിയും. ടാങ്ക് നിറയെ ഇന്ധനമടിച്ചും ലഘുഭക്ഷണമൊക്കെ പാഴ്സലാക്കിയും ഇറങ്ങിത്തിരിച്ചാല്‍ സന്ധ്യമയങ്ങുമ്പോഴോ അതിനു മുമ്പോ ദൃശ്യഭംഗി നുകര്‍ന്നും കുറച്ചൊക്കെ സാഹസിക മലകയറ്റമൊക്കെ നടത്തിയും മനംനിറച്ച് തിരികെ വീടണയാനാവും.
ജബല്‍ ഹഫീത്
അൽ ഐനിലെ ജബല്‍ ഹഫീത് യു.എ.ഇയിലെ തന്നെ ഏറ്റവും ഉയരമേറിയ മലയാണ്. ചുരം താണ്ടി ജബല്‍ ഹഫീതിലേക്ക് അബൂദബിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ ദൂരമാണുള്ളത്. 1240 മീറ്ററാണ് ഈ മലയുടെ ഉയരം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപംകൊണ്ട ചുണ്ണാമ്പുപാറക്കെട്ടുകളില് കയറി മരുഭൂമിയിലെയും അല്‍ ഐന്‍ നഗരത്തിന്റെയും അതിര്‍ത്തിരാജ്യമായ ഒമാനിലെയും കാഴ്ചകള്‍ ഇവിടെ നിന്ന് അനുഭവിക്കാം.
റൂബ് അല്‍ ഖാലി
ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമികളിലൊന്നായ റൂബ് അല്‍ ഖാലി യു.എ.ഇയിലെ മരുഭൂമിയിലൂടെയുള്ള വാഹനയാത്രകള്‍ക്ക് അനന്ത സാധ്യകളാണ് ഒരുക്കുന്നത്. സൗദി അറേബ്യ, യമന്‍, ഒമാന്‍, യു.എ.ഇ രാജ്യങ്ങളിലായാണ് ആറരലക്ഷം ചതുരശ്ര കിലോമീറ്ററിലായി റൂബ് അല്‍ ഖാലി വ്യാപിച്ചുകിടക്കുന്നത്. സൗദി അറേബ്യയുടെ മൊത്തം വിസ്തൃതിയുടെ നാലിലൊന്നും റൂബ് അല്‍ ഖാലിയാണ് കവര്‍ന്നിരിക്കുന്നത്. രണ്ടരമണിക്കൂര്‍ കൊണ്ട് അബൂദബിയില്‍ നിന്ന് റൂബ് അല്‍ ഖാലിയിലെത്താം.
അല്‍ ഐന്‍
അബൂദബിയില്‍ നിന്ന് ഒരു മണിക്കൂറും 50 മിനിറ്റും ഡ്രൈവ് ചെയ്താല്‍ അല്‍ ഐനിലെത്താം. അല്‍ ഐനിലെ ഉദ്യാന നഗരത്തില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജനവാസകേന്ദ്രവും അല്‍ ഐന്‍ മരുപ്പച്ചയുമാണ്. ജബല്‍ ഹഫീത്തിന്റെ സമീപപ്രദേശമാണ് അല്‍ ഐന്‍ എന്ന സൗകര്യം കൂടി സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താം.
ഹത്ത
ഹത്തയിലേക്ക് രണ്ടേമുക്കാല്‍ മണിക്കൂറോളം യാത്രാദൂരമാണ് അബൂദബിയില്‍ നിന്നുള്ളത്. ശൈത്യകാലങ്ങളില്‍ ഹത്ത വാദി ഹബ്ബില്‍ സഞ്ചാരികള്‍ക്കായി ഒട്ടേറെ വിനോദ സൗകര്യങ്ങളുണ്ടാവും. മൗണ്ടെയ്ന് ബൈക്കിങ്, കയാക്കിങ്, അമ്പെയ്ത്ത്, മഴുവേറ്, സോര്‍ബിങ് തുടങ്ങിയ വിവിധ തരം വിനോദാവസരങ്ങളാണ് ഇവിടെയുണ്ടാവുക. ഹത്ത അണക്കെട്ടിന്റെ ഭംഗി നുകരേണ്ടവര് അതിനും മലകയറാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനും അവസരമുണ്ട്.
അല്‍ ഐന്‍ ഒയാസിസ്
ചുട്ടുപൊള്ളുന്ന വേനലിലും കുളിരു പകരാനാവും വിധം സംവിധാനിച്ച അല്‍ ഐന്‍ ഒയാസിസ്. മരുഭൂമിക്കുമേല്‍ തണുപ്പ് പുതയ്ക്കുന്ന ശൈത്യദിനങ്ങളിലെ കുടുംബങ്ങളുടെ ഇഷ്ടയിടമാണ്. അല്‍ഐന്‍ നഗരഹൃദയത്തില്‍ 3000 ഏക്കറിലായാണ് അല്‍ഐന്‍ ഒയാസിസ് വ്യാപിച്ചുകിടക്കുന്നത്. 147,000 ഈന്തപ്പനകളും നൂറിലേറെ വ്യത്യസ്ത ഇനം പച്ചക്കറികളുമാണ് പ്രദേശത്തെ മരുപ്പച്ചയാക്കി നിലനിര്‍ത്തുന്നത്. ഒയാസിസിന് എട്ട് കവാടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഗേറ്റാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുക. പ്രവേശിക്കുന്നതുമുതല്‍ കണ്കുളിര്ക്കുന്ന നിരവധി കാഴ്ചകള്‍ നമുക്ക് വിരുന്നാവും. യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഇടംപിടിച്ച യു.എ.ഇയിലെ ആദ്യ ഇടമാണ് അല്‍ ഐന്‍ ഒയാസിസ്.ഒയാസിസിലെ മരങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിന് 3000 വര്‍ഷം പഴക്കമുള്ള ഫലാജ് ജലസേചന ചാനലാണ് ഉപയോഗിക്കുന്നതെന്നതും ശ്രദ്ധേയം. ഒയാസിസിലെ അല്‍ നി, ദാവൂദ് എന്നീ രണ്ട് ഫലാജ് സംവിധാനങ്ങള്‍ കണ്ടറിയുന്നതിന് സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഹജര്‍ മലയില്‍ നിന്നും ജബല്‍ ഹഫീതില്‍ നിന്നുമാണ് ഇവിടേക്കുള്ള വെള്ളം എത്തിക്കുന്നത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അല്‍ ഐന്‍ ഒയാസിസിലെ സന്ദര്‍ശനസമയം. സൗജന്യമാണ് പ്രവേശനം.അബൂദബിയില്‍ നിന്ന് 159 കിലോമീറ്റര്‍ ദൂരമുണ്ട് അല്‍ഐന്‍ ഒയാസിസിലേക്ക്. അബൂദബിയില്‍ നിന്ന് അല്‍ ഐന്‍ റോഡ്/ ഇ 22 റോഡിലൂടെ കാര്‍മാര്‍ഗം സഞ്ചരിച്ചാല്‍ ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ ലക്ഷ്യത്തിലെത്താം. ദുബൈ ഘുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് അല്‍ ഐന്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനിലേക്ക് പൊതുഗതാഗത മാര്‍ഗവും എത്തിച്ചേരാം.അതേപോലെ റാസൽ ഖൈമയിലെ ജബൽ ജൈസ്, ഫുജൈറ, കൽബ, ഖോർഫഖാൻ, മദാം, മുസന്ദം തുടങ്ങിയ ഡെസ്റ്റിനേഷനുകളും യാത്രാ പ്രേമികളുടെ ഇഷ്ടയിടങ്ങളാണ്.