ആധുനിക വാസ്തുവിദ്യയോട് കിടപിടിക്കുന്ന പഴമയുടെ നിര്‍മിതികളിലെ പ്രൗഢ കാഴ്ച്ചയാണ് റാസല്‍ഖൈമയിലെ ദയാ ഫോര്‍ട്ട്. യു.എ.ഇ മലമുകളിലെ ഏക കോട്ടയെന്ന ഖ്യാതിയും 16ാം നൂറ്റാണ്ടില്‍ അല്‍ ഖാസിമി കുടുംബം നിര്‍മിച്ച ദയാ ഫോര്ട്ടിനുണ്ട്. ചരിത്ര-പൗരാണിക ശാസ്ത്ര പഠിതാക്കളുടെ ഇഷ്ട കേന്ദ്രമായ ദയാ ഫോര്‍ട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശകര്‍ക്കും പ്രിയങ്കരമാണ്. പുരാവസ്തു സംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ മേഖലയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഖനനത്തില്‍ ഒമ്പത് മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുള്ള ശവക്കല്ലറകള്‍ കണ്ടത്തെിയിരുന്നു.
അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള ത്രസിപ്പിക്കുന്ന പോരാട്ട ഭൂമികയായ ദയാഫോര്ട്ട് 2000ലേറെ ആണ്ടുകളുടെ ചരിത്രമുറങ്ങുന്നയിടമാണ്. അല്‍ റംസ് റോഡില്‍ ഹജ്ജാര്‍ പര്വ്വതനിരയോട് ചേര്‍ന്ന് സ്ഥിതി ചെയ്യ ദയാഫോര്ട്ടില് മലയാളികള്‍ ഉള്‍പ്പെടെയുള്ള ലോക സഞ്ചാരികള്‍ ദിനം പ്രതിയെത്തുന്നുണ്ട്. ഈത്തപ്പന പട്ടകളും ചരല്‍മണ്ണും ഉപയോഗിച്ച കോട്ടയുടെ നിര്‍മിതി ബലക്ഷയമില്ലാതെ നിലനില്‍ക്കുന്നത് ആധുനിക വാസ്തുശാസ്ത്രത്തെ കൗതുകപ്പെടുത്തുന്നു. മലനിരയാല് സംരക്ഷിക്കപ്പെടുന്ന കോട്ടയിലെ ഇരട്ട ഗോപുരങ്ങളിലിരുന്നാണ് കടല്‍ വഴി വരുന്ന ശത്രുക്കളെ നിരീക്ഷിച്ചിരുന്നത്. ദീര്‍ഘനാളത്തെ ചെറുത്തു നില്‍പ്പാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെ അല്‍ഖ്വാസിം ഗോത്രം നടത്തിയിട്ടുള്ളത്.
ഹസന് ബിന്‍ അലിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ചരിത്രപരമായ പോരാട്ടത്തിനൊടുവില്‍ 1819 ഡിസംബര്‍ 22ന് ദയാഫോര്ട്ട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയായിരുന്നു. വിദേശ ശക്തികള്‍ പ്രദേശം കൈയൊഴിഞ്ഞതോടെ 1964 വരെ ഈ മേഖലയുടെ അമീറിന്റെ ഭവനമായും ഇടക്കാലത്ത് ജയിലായും ദയാഫോര്ട്ട് പ്രവര്‍ത്തിച്ചു. ഇവിടെ നടന്ന ഖനനത്തില്‍ ലഭിച്ച സുവര്‍ണ കമ്മല്‍ ഉള്‍പ്പെടെയുള്ള പൗരാണിക ആഭരണങ്ങളും വസ്തുവകകളും റാസല്‍ഖൈമ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ടൂറിസം വിനോദ വ്യവസായ വകുപ്പ് കോട്ടക്ക് താഴെ നാല് വര്‍ഷങ്ങള്‍ക്ക് വെല്‍ക്കം സെന്റര്‍ സ്ഥാപിച്ച് ശൗചാലയം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയത് സന്ദര്‍ശകര്‍ക്ക് ഗുണകരമായി. കോട്ടയിലേക്കുള്ള ചവിട്ടുപടികള്‍ക്ക് ഇരുവശവും കൈവരികള്‍ സ്ഥാപിച്ച് മികച്ച സുരക്ഷാ കവചവും ഒരുക്കിയിട്ടുണ്ട്.