തുർക്കിസ്ഥാൻ അഥവാ തുർക്കികളുടെ നാട്. യു.എ.ഇയുടെ ദേശീയ ദിന അവധിദിനങ്ങളിൽ കുറഞ്ഞ ചെലവിൽ പോകാൻ മനോഹരമായ ഒരിടം ഏതെന്ന അന്വേഷണം ചെന്നവസാനിച്ചത് കാസാക്കിസ്ഥാനിലെ തുർക്കിസ്ഥാനിലാണ്. ഡിസംബറിലെ തണുത്ത ദിനങ്ങളിൽ സെൻട്രൽ ഏഷ്യയിൽ ആകമാനം ജനജീവിതത്തെ സ്വാധീനിച്ച, ദേശീയതയുടെ അതിർവരമ്പുകളില്ലാതെ ഉസ്ബക്കുകളും കസാക്കുകളും മുഴുവൻ തുർക്കി ഗോത്രങ്ങളും ആദരിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന, യുനസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹോജ അഹ്മദ് യസ്സാവിയുടെ മനോഹരമായ മോസോളിയത്തിനരികിലൂടെ കഥയും പറഞ്ഞ് നടക്കുന്നത് കിനാവ് കണ്ട് ഞങ്ങൾ 13 സഞ്ചാരികൾ ദിവസങ്ങളെണ്ണി കാത്തിരുന്നു. തുർക്കിഷ് ജനതയുടെ ആത്മീയ തലസ്ഥാനമായ, സഞ്ചാരികളുടെ തള്ളിച്ചയില്ലാത്ത, കുളിരുന്ന പ്രകൃതിയും കുളിരേകുന്ന മനുഷ്യരും നിറഞ്ഞ, തുർക്കിസ്ഥാനിൽ അബൂദബിയുടെ വിസ് എയറിന്റെ ചിറകിലേറി ഞങ്ങൾ പറന്നിറങ്ങി. വളരെ ചെറിയ ഒരു വിമാനത്താവളമാണ് തുർക്കിസ്ഥാനിലെ ഹസ്റത്ത് സുൽത്താൻ എയർപോർട്ട്. ഹസ്റത്ത് സുൽത്താൻ എന്നാൽ വിശുദ്ധനായ സുൽത്താൻ എന്നർഥം. തുർക്കിസ്ഥാനിൽ അന്തിയുറങ്ങുന്ന സൂഫിവര്യൻ ഹോജ അഹ്മദ് യസ്സാവിയോടുള്ള ആദരവാണ് ഈ പേരിന്ന് കാരണം. പുറത്ത് നല്ല തണുപ്പുണ്ട്. പൂജ്യം ഡിഗ്രിക്കും അഞ്ച് ഡിഗ്രിക്കും ഇടയിലാണ് കാലാവസ്ഥ. മരങ്ങളെല്ലാം ഇല പൊഴിച്ച് തണുപ്പിനെ വരവേറ്റിരിക്കുന്നു. മുസോളിയത്തിന് തൊട്ടരികിലായാണ് ഞങ്ങൾ ബുക്ക് ചെയ്ത ഖാൻ ഖാഹ് ഹോട്ടൽ. എയർപോർട്ടിൽ നിന്നും മോസോളിയത്തിനരികിലേക്കുള്ള ബസ്സിൽ കയറി ഞങ്ങൾ ഹോട്ടലിലേക്ക് പുറപ്പെട്ടു.
ഹോജ അഹ്മദ് യസ്സാവി മോസോളിയം
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അതായത് 1093ൽ ഇന്നത്തെ കസാക്കിസ്താനിൽ ജനിച്ച പ്രമുഖ സൂഫിവര്യനും കവിയും തത്വചിന്തകനുമാണ് ഹോജ അഹ്മദ് ബിൻ ഇബ്രാഹീം ബിൻ ഇല്യാസ് യസ്സാവി.
സെൻട്രൽ ഏഷ്യയിലും വിവിധ തുർക്കിഷ് ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളിലും ആഴത്തിൽ സ്വാധീനം ചെലുത്തുകയും ആദ്യത്തെ ടർക്കിഷ് സൂഫിധാരക്ക് തുടക്കം കുറിക്കുകയും ചൈയ്ത മഹാ പണ്ഡിതനാണ് ഇദ്ദേഹം. തുർക്കിസ്ഥാനിൽ ജീവിച്ച് മരിച്ച അദ്ദേഹത്തിന്റെ മോസോളിയം നിർമിക്കപ്പെട്ടതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. സമർഖന്ത് കേന്ദ്രമായി ഭരണം സ്ഥാപിച്ച അമീർ തൈമൂറിന് ഒരിക്കൽ സ്വപ്നദർശനമുണ്ടായി.
അതിരുകൾ ഭേദിച്ച് തന്റെ സാമ്രാജ്യം വളരുമെന്നും ബുഖാറ തനിക്ക് കീഴടങ്ങുമെന്നും അഹ്മദ് യസ്സാവി അദ്ദേഹത്തിന് വാഗ്ദാനം നൽകിയതായിരുന്നു അത്. അമീർ തൈമൂറിന് 200 വർഷങ്ങൾക്ക് മുമ്പാണ് അഹ്മദ് യസ്സാവി ജീവിച്ച് മരിച്ചതെന്നോർക്കണം. ബുഖാറ കീഴടക്കിയ തൈമൂർ തുർക്കിസ്ഥാനിൽ അഹമദ് യസ്സാവിക്ക് ഗംഭീരമായ സ്മാരകം നിർമിച്ചു. തൈമൂറിന്റെ പിൻഗാമികൾക്ക് സമർഖന്തിലും അവരുടെ പിൻഗാമികളായ ഇന്ത്യയിലെ മുഗൾ രാജാക്കൻമാർക്ക് താജ്മഹലും മുഗൾ ഗാർഡനുമടക്കം നിർമാണ കലയിലെ സകല അദ്ഭുതങ്ങൾക്കും കാരണമായ ഇസ്ലാമിക വാസ്തുവിദ്യയുടെ യഥാർത്ഥ പ്രചോദനം ഈ മോസോളിയമായിരുന്നു. ഇറാനിലെ ഷീറാസിൽ നിന്നും ഇസ്ഫഹാനിൽ നിന്നും വന്ന വിദഗ്ദ തൊഴിലാളികളാണ് ഇരട്ട ഖുബ്ബയുള്ള ഈ അദ്ഭുതം തുർക്കിസ്ഥാനിൽ പടുത്തുയർത്തിയത്. 1405ൽ അമീർ തൈമൂറിന്റെ മരണത്തോടെ പണി പൂർത്തിയാകാതെ ബാക്കിയായ മൊസോളിയം ഇന്നും അങ്ങനെ തന്നെ നില കൊളളുന്നു.
ഭൂമിക്കടിയിൽ ഒരു പള്ളി
തുർക്കിസ്ഥാനിലെ മോസോളിയം പരിസരത്ത് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു നിർമിതിയാണ് ഭൂഗർഭ പള്ളി. ഹോജ അഹ്മദ് യസ്സാവി തന്റെ ജീവിതത്തിന്റെ അവസാന കാലം ചെലവഴിച്ചത് ഇവിടെയാണ്
തന്റെ വഴികാട്ടിയും പ്രവാചകനുമായ മുഹമ്മദ് നബി ഭൂമിക്ക് മുകളിൽ ജീവിച്ചത് അറുപത്തി മൂന്ന് വർഷമാണ്. അതിനേക്കാൾ കൂടുതലൊന്നും തനിക്കും ഈ ഭൂമിക്ക് മുകളിൽ ജീവിക്കേണ്ടെന്ന് തീരുമാനിച്ച അദ്ദേഹം ഭൂമിക്കടിയിൽ പള്ളി നിർമിക്കുകയും ശിഷ്ടകാലം അവിടെ ജീവിക്കുകയും ചൈയ്തു. ബുദ്ധി കൊണ്ട് ആലോചിക്കുന്നവർക്ക് ഒരു പക്ഷെ ഇത് എത്ര കണ്ട് ബോധ്യപ്പെടും എന്നറിയില്ല. എന്നാൽ പ്രവാചകനോടുള്ള പ്രണയത്താൽ പരവശനായ ഒരു ആഷിഖിന് അങ്ങനെ തോന്നുന്നതിൽ അദ്ഭുതമില്ലല്ലോ. ‘ദീവാനേ-ഹിക്മത്ത്’ എന്ന ഹോജ അഹ്മദ് യസ്സാവിയുടെ സൂഫി കവിതകൾ തുർക്കിഷ് ഭാഷാലോകത്തേക്കുളള സൂഫിസത്തിന്റെ ആരംഭമായിരുന്നു. തുർക്കിഷ് ഭാഷ സംസാരിക്കുന്ന ജനങ്ങളിലേക്ക് ഇസ്ലാമിന്റെയും സൂഫിസത്തിന്റെയും സന്ദേശവാഹകനായി എന്നതാണ് അഹ്മദ് യസ്സാവിയെ തുർക്കിഷ് ലോകം ഇത്രയേറെ ആദരിക്കാനുളള കാരണം.
മഞ്ഞ് പെയ്യുന്ന ടിയാൻ-ഷാൻ മലനിരകളിൽ
തുർക്കിസ്ഥാൻ റെയിൽവേ സ്റ്റേഷനിൽനിന്ന് കാസാക്കിലെ മൂന്നാമത്തെ വലിയ നഗരമായ ഷിംകന്റിലേക്ക് ട്രെയിൻ സർവിസുണ്ട്. ഉച്ച കഴിഞ്ഞുളള ഒരു ട്രെയിനിൽ ഞങ്ങൾ ഷിംകന്റിലേക്ക് പുറപ്പെട്ടു. വിശാലമായ മേച്ചിൽ പുറങ്ങൾ. അതിൽ മേഞ്ഞ് നടക്കുന്ന കുതിരകൾ. ഭാഷകൾ അതിര് കെട്ടാതെ കൈകൾ കൊണ്ടും കണ്ണുകൾ കൊണ്ടും സൗഹൃദം കൂട്ടുന്ന നാട്ടുകാർ, നേരം പോയതറിയാതെ ഞങ്ങൾ ഷിംകന്റിലെത്തി. നേരം വെളുക്കാൻ എട്ടു മണിയാകുമെങ്കിലും രാവിലെ അഞ്ചു മണിക്ക് തന്നെ ഡ്രൈവർ വണ്ടിയുമായെത്തി. റഷ്യനും കസാക്കും സംസാരിക്കുന്ന അദ്ദേഹത്തിന് അതല്ലാതെ മറ്റൊരു ഭാഷയിലെ ഒരു വാക്ക് പോലും അറിയുമായിരുന്നില്ല. ഗ്രാമീണ നന്മ നിറഞ്ഞ് അറുപതുകളിലെത്തി നിൽക്കുന്ന ഒരു മനുഷ്യൻ. ഇന്നലെ മുതൽ പെയ്യുന്ന ചാറ്റൽ മഴ ഒരു പക്ഷേ മലനിരകളിൽ മഞ്ഞായ് പെയ്യുന്നുണ്ടാകും. മഞ്ഞ് എന്നും മോഹിപ്പിച്ചിട്ടേയുള്ളൂ. അത് തേടി ഹിമാലയ നിരകളിലും കാക്കസസ് മലനിരകളിലും പലപ്പോഴായി കാത്തിരുന്നിട്ടുണ്ട്.
വീണുറഞ്ഞ് കിടക്കുന്ന മഞ്ഞല്ലാതെ, ആകാശത്ത് നിന്ന് അപ്പൂപ്പൻ താടി പോലെ പാറി വന്ന് ഭൂമിയാകെ പാൽക്കടലാക്കുന്ന ആ പ്രണയപ്പെയ്ത്ത് എന്നും കിനാവിൽ ബാക്കിയായി. ടിയാൻ ഷാൻ മലനിരകളിൽ മഞ്ഞ് പെയ്യുന്ന ഈ ഡിസംബർ ഒന്നിന്റെ തണുത്ത പ്രഭാതം ഞങ്ങൾക്കായ് ഒരുക്കിവെച്ചതെന്തെന്നറിയാൻ മനസ്സ് തിടുക്കം കൂട്ടി. നേരം വെളുത്തുവരുന്നു. മലയോരത്തേക്കെത്തുന്തോറും മഞ്ഞ് കൂടി വന്നു. പാൽനിറം പുതച്ച് കിടക്കുന്ന മലനിരകളിലൂടെ മുന്നോട്ട് പോകുന്തോറും മറ്റൊന്നിനെയും കാണാനാവാത്ത വിധം മഞ്ഞിന്റെ കാഠിന്യം കൂടി വന്നു. മരച്ചില്ലകൾ മഞ്ഞ് പുതച്ച് കനം തൂങ്ങി നിൽക്കുന്നു. ഞങ്ങൾ ആനന്ദത്തോടെ പുറത്തിറങ്ങി മഞ്ഞിൽ കളിക്കാൻ തുടങ്ങി. മഞ്ഞ് വാരിയെറിഞ്ഞും, രുചിച്ചു നോക്കിയും, കുപ്പായത്തിനുളളിലിട്ടും, ഞങ്ങൾ കൊതിച്ചു കാത്തിരുന്ന വികൃതികളെല്ലാം ചെയ്തു കൂട്ടി. ഒടുക്കം പഞ്ചാരക്കുന്നിമ്മേൽ തേൻമഴ ചാറിയ പോലെ, ഞങ്ങൾ ആ കാഴ്ച കണ്ടു. ആകാശലോകത്ത് നിന്ന് പ്രണയദൂതുമായി ഇളം കാറ്റിൽ അലസമായി മഞ്ഞിൻ കണങ്ങൾ പറന്നിറങ്ങുന്നു. പാപക്കറ തീണ്ടിയ മനസ്സിനെ മഞ്ഞിൻ കണങ്ങളാൽ കഴുകേണമേ എന്ന് പ്രാർത്ഥിക്കാൻ പഠിപ്പിച്ച പ്രവാചകരേ താങ്കൾക്ക് സലാം, ഇതിനേക്കാൻ ശുദ്ധമായതെന്തുണ്ട് ഈ ദുനിയാവിൽ. ഒരിക്കലും തീരാതെ ഈ പെയ്ത്തിലിങ്ങനെ നിൽക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരു വേള മനസ്സ് കൊതിക്കാതിരുന്നില്ല. പക്ഷെ, മരം കോച്ചുന്ന തണുപ്പിൽ അധികം തുടരാനാകുമായിരുന്നില്ല. മനസ്സില്ലാ മനസോടെയെങ്കിലും നിറഞ്ഞ മനസുമായി ഞങ്ങൾ ഷിംകന്റിലേക്ക് തിരിച്ചു.
ട്രാവൽ മേറ്റ്സ്: തിരക്ക് പിടിച്ച ജീവിതത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം പോലെയും വെളിച്ചം കിട്ടാത്ത ചെടി പോലെയും നമ്മുടെ മനസ്സ് മുരടിച്ച് പോകാൻ സാധ്യതകൾ ഏറെയാണ്. നമ്മുടെ മനസ്സിനും ഭക്ഷണവും പരിചരണവും ആവിശ്യമാണെന്നിരിക്കെ ഇത്തരം യാത്രകൾ നൽകുന്ന ജീവിതാനുഭവങ്ങളും ആനന്ദവും നമ്മെ ഉൻമേശഭരിതരാക്കും. കുറഞ്ഞ ചെലവിൽ യാത്രകൾ നടക്കണം, എല്ലാവർക്കും യാത്രകൾ സാധ്യമാവണം, എന്ന സമാന മനസ്കരായവരുടെ കൂട്ടായ്മയാണ് ട്രാവൽമേറ്റ്സ്. അടുത്ത യാത്ര എന്ന്, എവിടേക്ക് എന്ന ചൂട് പിടിച്ച ചർച്ചകളുമായി ട്രാവൽമേറ്റ്സ് യാത്രാ സംഘം അബൂദബിയിലേക്ക് തിരിച്ചു.
ചെലവ്: നാല് ദിവസം നീണ്ട യാത്രയിലെ വിമാന ടിക്കറ്റുകൾ (അപ് ആൻഡ് ഡൗൺ), ഹോട്ടൽ ബുക്കിങ് (3രാത്രികൾ), ഇൻഷൂറൻസ്, ഭക്ഷണം (നാല് ദിവസം), ലോക്കൽ ട്രാൻസ്പോർട്ടേഷൻ, ഡേ ട്രിപ്പ് (മഞ്ഞ് മല). എല്ലാമടക്കം ഒരാളുടെ ചെലവ് 845 ദിർഹം.