മനാമ: ആർ പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായിയുമായ ഡോ രവിപിള്ളയ്ക്ക് ബഹ്റൈൻ ദേശീയദിനാഘോഷച്ചടങ്ങിൽ വെച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈൻ ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ സമ്മാനിച്ചു. ബഹ്റൈൻ എന്ന രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തികൊണ്ടാണ്ട് ആദരവ്. രാജാവിൽനിന്ന് ബഹുമതി ലഭിച്ച ഏക വിദേശവ്യവസായിയും ഡോ രവി പിള്ളയാണ്. റിഫൈനറി മേഖലയിലെ പ്രവർത്തനങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി വികസനം എന്നിവയടക്കം ബഹ്റൈന്റെ സമഗ്രമേഖലയിലും നിർണ്ണായകമായ ഇടപെടലുകൾ നടത്തി ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനാണ് ഹമദ് രാജാവിന്റെ അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയത്.
രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയും ബഹ്റൈന്റെ വിവിധ മേഖലകളിലെ വികസനത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തെയും രാജ്യത്തിനു നൽകിയ സംഭാവനകളെയും അഭിനന്ദിക്കുന്നു എന്ന് ഹമദ് രാജാവ് രാജകീയ വിളംബരത്തിൽ പറഞ്ഞു. രാജ്യത്തിന്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായി ഈ വിശിഷ്ടമായ അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുന്നതിൽ അതീവ സംതൃപ്തിയുണ്ടെന്നും ഹമദ് രാജാവ് വ്യക്തമാക്കി.
അതേസമയം ബഹ്ഹറൈൻ ഭരണാധികാരി ഹമദ് രാജാവിൽ നിന്ന് ഇത്തരം മഹത്തായ ഒരു അംഗീകാരം ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ആദരം ഏറ്റുവാങ്ങിയ ശേഷം ഡോ. രവിപിള്ള പ്രതികരിച്ചു. “ആർ. പി ഗ്രൂപ്പിലെ ഓരോ ജീവനക്കാരന്റെയും കൂട്ടായപ്രയത്നത്തിന്റെയും ബഹ്റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ അവാർഡെന്നും ഈ അംഗീകാരം ബഹ്റൈനും ഇവിടുത്തെ ജനങ്ങൾക്കും ,ആർ. പി ഗ്രൂപ്പിന്റെ എല്ലാനേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ച കഠിനാധ്വാനികളും അർപ്പണബോധവും പ്രതിബദ്ധതയുമുള്ള ഒരു ലക്ഷത്തിലധികം വരുന്ന പ്രിയപ്പെട്ട ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് ഗൾഫ്മേഖലയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും സഹായകമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികൾക്കും എല്ലാവർക്കും സമർപ്പിക്കുന്നതായും,ബഹ്റൈന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി നിരന്തരമായ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികൾക്ക് ആത്മാർത്ഥമായ നന്ദിപ്രകാശിപ്പിക്കുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, എന്നിവർക്ക് നന്ദിഅറിയിക്കുന്നു. ബാപ്കോ എനർജീസ് ചെയർമാൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.