മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കരുത്തരായ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. 15-ാം സ്ഥാനത്തുള്ള ലെഗാനസാണ് ഒന്നാമതുള്ള ബാഴ്സയെ അട്ടിമറിച്ചത്. കളിയുടെ നാലാം മിനിറ്റില്‍ സെര്‍ജിയോ ഗൊണ്‍സാലസാണ് ലെഗാനസിന്റെ വിജയഗോള്‍ നേടിയത്.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ബാഴ്സയായിരുന്നെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ അവരുടെ താരനിരയ്ക്ക് ലെഗാനസ് പ്രതിരോധം തകര്‍ത്ത് ലക്ഷ്യം നേടാനായില്ല. ഇതോടെയാണ് ബാഴ്സ പരാജയം രുചിച്ചത്. മത്സരത്തില്‍ 80 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്സയായിരുന്നു. 21 തവണയാണ് ഗോളിലേക്ക് ഷോട്ടുകള്‍ തൊടുത്തത്. അഅതേസമയം ലെഗാനസിന്റെ കണക്കില്‍ ആറെണ്ണം മാത്രം.
കളി തുടങ്ങി നാലാം മിനിറ്റിലാണ് ബാഴ്സയെ ഞെട്ടിച്ച് ലെഗാനസ് ഗോളടിച്ചത്. ഓസ്കാര്‍ റോഡ്രിഗസിന്റെ കോര്‍ണറില്‍ സെര്‍ജിയോ ഗൊണ്സാലെസാണ് ലെഗാനസിന്റെ വിജയ ഗോള്‍ നേടിയത്.
സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീമിനോട് തോല്‍വി വഴങ്ങിയത് വലിയ തിരിച്ചടിയായി. സീസണില്‍ ബാഴ്സയുടെ നാലാം തോല്‍വിയാണിത്. ശനിയാഴ്ച 13-ാം സ്ഥാനത്തുള്ള റയോ വയ്യക്കാനോയോട് ബദ്ധവൈരികളായ റയല്‍ മഡ്രിഡ് സമനില വഴങ്ങിയതിന്റെ അനുകൂല്യം മുതലെടുക്കാനുള്ള അവസരം കൂടിയാണ് കാറ്റാലന്‍സ് നഷ്ടപ്പെടുത്തിയത്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കി. ഗറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. വിജയത്തോടെ റയല്‍ മാഡ്രിഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ഇതോടെ അത്ലറ്റികോയ്ക്കായി. ലെഗാനസിനോട് തോറ്റെങ്കിലും ബാഴ്സയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. 18 കളികളില്‍ നിന്ന് 38 പോയിന്റ്. രണ്ടാമതുള്ള അതലറ്റികോയ്ക്കും 38 പോയിന്റാണുള്ളത്. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയിലാണ് ബാഴ്സ ഒന്നാമതെത്തിയത്. മൂന്നാമതുള്ള റയലിന് 37 പോയിന്റും.
മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ പരാജയപ്പെടുത്തിയപ്പോള്‍ ഡിപോര്‍ട്ടീവോ- അത്ലറ്റിക് ക്ലബ് കളി 1-1ന് സമനിലയിലും പിരിഞ്ഞു.