മുംബൈ: മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരാൾ നാവിക സേന ഉദ്യോഗസ്ഥനാണ്. 99 പേരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു.
നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു. നാവിക സേനയുടെ സ്പീഡ് ബോട്ടിൽ അഞ്ച് പേരുണ്ടായിരുന്നു. എൻജിൻ പരീക്ഷണം നടത്തവേയാണ് സേനയുടെ സ്പീഡ് ബോട്ട് മുംബൈ തീരത്ത് നിയന്ത്രണം വിട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചതെന്ന് നാവിക സേന അറിയിച്ചു. യാത്രാ ബോട്ടിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകമുണ്ടായത്. യാത്രാ ബോട്ട് മുങ്ങി എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്താണ് കാരണമെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് ബോട്ടുകൾ കൂട്ടിയിടിച്ചതാണെന്ന വിവരം പുറത്തുവന്നത്. ഇക്കാര്യം നാവിക സേന സ്ഥിരീകരിക്കുകയും ചെയ്തു.