റാഞ്ചി: മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഉത്തരാഖണ്ഡിനെ 80 റണ്‍സിന് മറികടന്നാണ്,കേരളം ടൂര്‍ണ്ണമെന്റില്‍ തുടരെയുള്ള മൂന്നാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറില്‍ 309 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നാല്‍പ്പത്തി നാലാം ഓവറില്‍ 229 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാരായ ഒമര്‍ അബൂബക്കറും അഭിഷേക് നായരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 56 റണ്‍സ് പിറന്നു. എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. ഒമര്‍ അബൂബക്കര്‍ 38ഉം അഭിഷേക് നായര്‍ 16ഉം കാമില്‍ അബൂബക്കര്‍ പൂജ്യത്തിനും പുറത്തായി. നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന വരുണ്‍ നായനാരും അക്ഷയ് ടി കെയും ചേര്‍ന്നാണ് കേരളത്തിന്റെ മികച്ച സ്കോറിന് അടിത്തറയിട്ടത്. ഇരുവരും ചേര്‍ന്ന് 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
വരുണ്‍ നായനാര്‍ 57 പന്തില്‍ 52ഉം അക്ഷയ് ടി കെ 89 പന്തുകളില്‍ 118ഉം റണ്‍സെടുത്തു. നാല് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു അക്ഷയുടെ ഇന്നിങ്സ്. തുടര്‍ന്നെത്തിയ അഭിജിത് പ്രവീണും കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടര്‍ന്നു. 35 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 47 റണ്‍സാണ് അഭിജിത് നേടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ് പട്വാളാണ് ഉത്തരാഖണ്ഡ് ബൗളിങ് നിരയില്‍ തിളങ്ങിയത്. അവനീഷ് സുധ മൂന്ന് വിക്കറ്റ് വീഴ്ത്തി.
തുടര്‍ന്ന് ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി പിടിമുറുക്കിയതോടെ നാല്‍പ്പത്തി നാലാം ഓവറില്‍ 229 റണ്‍സിന് ഉത്തരാണ്ഡ് ഓള്‍ഔട്ടായി. ബൗളിങ്ങിലും തിളങ്ങിയ അഭിജിത് പ്രവീണ്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വന്ത് ശങ്കര്‍ മൂന്നും പവന് രാജ് രണ്ടും വിക്കറ്റുകള്‍ നേടി.